ഒമാനിലെ വെള്ളപ്പൊക്കത്തിനിടെ താമസ സ്ഥലത്തെ മതിൽ ഇടിഞ്ഞ് ശരീരത്തിൽ വീണു ഗുരുതര പരുക്കേറ്റ അശ്വിനു(27) ഇതു രണ്ടാം ജന്മം. അമ്പലപ്പുഴ പുന്നപ്ര പുത്തൻപുരയ്ക്കൽ ടൈറ്റസിന്റെയും (അമ്പിളി) പ്രസീനയുടെയും മൂത്ത മകനായ അശ്വിൻ ഇരുകാലുകളുടെയും മുട്ടിനു താഴെ പരുക്കേറ്റതിനാൽ നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് താമസ സ്ഥലത്ത് ആഹാരം കഴിക്കാൻ എത്തിയപ്പോഴാണ് വെള്ളം ഇരച്ചു കയറിയത്. ഒപ്പമുള്ളവരുമായി ഗേറ്റ് അടയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ മതിലും ഗേറ്റും നിലം പൊത്തി പത്തനംതിട്ട സ്വദേശി സുനിൽകുമാർ മരിച്ചു.
സുനിൽകുമാറിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് മതിലും ഗേറ്റും അശ്വിന്റെ കാലുകളിലേക്ക് വീണത്. വെള്ളം തലയ്ക്കു മീതെ ഒഴുകുന്നുണ്ടായിരുന്നു. സമീപമുണ്ടായിരുന്ന കാറിനു മുകളിൽ കയറിയതിനാൽ ജീവൻ തിരികെ കിട്ടി. പിന്നെയൊന്നും ഓർമയില്ല– അശ്വൻ പറഞ്ഞു. ബോധം വീണപ്പോൾ അശ്വിൻ ആശുപത്രിയിലാണ്. ഇതിനിടെ അശ്വിന്റെ ബാഗ് വെള്ളത്തിൽ ഒലിച്ചു പോയി. പാസ്പോർട്ടും അനുബന്ധ രേഖകളും അതിലായിരുന്നു.
ഒലിച്ചു പോയ ബാഗ് അടുത്ത ദിവസം സുഹൃത്തുക്കൾക്ക് തിരികെ കിട്ടി. എന്നാൽ, പാസ്പോർട്ടും മറ്റും നനഞ്ഞു കുതിർന്നിരുന്നു. കാലുകൾക്ക് ശസ്ത്രക്രിയ വേണ്ടി വരും. മത്സ്യത്തൊഴിലാളി കുടുംബാംഗമായ അശ്വിൻ ടർണർ ജോലിക്കായി 8 മാസം മുൻപാണ് ഒമാനിലേക്ക് പോയത്. അശ്വിന്റെ വരുമാനത്തിലാണ് 2 സഹോദരിമാർ ബെംഗളൂരുവിൽ നഴ്സിങ് പഠനം തുടരുന്നത്. മകൻ തിരികെ വരുന്നതും കാത്തിരിക്കുകയാണ് ടൈറ്റസും പ്രസീനയും.