Wednesday 03 March 2021 11:15 AM IST : By സ്വന്തം ലേഖകൻ

ഓൺലൈൻ റമ്മി ഇനി നിയമവിരുദ്ധം; നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍, പരാതി ലഭിച്ചാൽ പൊലീസിന് കേസെടുക്കാം

online-rummy-ban

ഓണ്‍ലൈന്‍ റമ്മി കളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. 1960 ലെ കേരള ഗെയിമിങ്‌ ആക്‌ട്‌ സെക്‌ഷന്‍ 14 എയിലാണ്‌ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്‌. ഇതുസംബന്ധിച്ച് അറിയിപ്പ് കേരളാ പൊലീസ് ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചു. 

കേരളാ പൊലീസ് പങ്കുവച്ച കുറിപ്പ്;

ഓണ്‍ലൈന്‍ റമ്മി കളിയെ നിരോധിത കളികളുടെ പട്ടികയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. 1960ലെ കേരള ഗെയിമിങ്‌ ആക്‌ട്‌ സെക്‌ഷന്‍ 14 എയിലാണ്‌ ഓണ്‍ലൈന്‍ റമ്മി കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തിയത്‌. 1960 ലെ കേരള ഗെയിമിങ്ങ്‌ നിയമത്തില്‍ ഓണ്‍ലൈന്‍ ചൂതാട്ടം, ഓണ്‍ലൈന്‍ വാതുവയ്‌പ്‌ എന്നിവകൂടി ഉള്‍പ്പെടുത്തുന്നതില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന്‌ കേരള ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.  

ഓണ്‍ലൈന്‍ റമ്മിയും സമാനമായ ചൂതാട്ട പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്ന വെബ്‌ പോര്‍ട്ടലുകള്‍ക്കെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി നിര്‍ദേശം. സംസ്‌ഥാനത്തു നിലവിലുള്ള നിയമം അനുസരിച്ച്‌ പരസ്യമായി പണംവച്ചു ചീട്ടുകളിക്കുന്നത്‌ കണ്ടാല്‍ പോലീസിന്‌ നിയമനടപടി സ്വീകരിക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിലൂടെയുള്ള റമ്മി കളി ഈ നിയമപരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഈ പഴുത്‌ മുതലെടുത്താണ്‌ ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ സജീവമായത്‌. നിയമഭേദഗതി വന്നതോടെ ഈ ആപ്പുകള്‍ക്കെതിരെ പരാതി ലഭിക്കുന്ന മുറയ്‌ക്ക്‌ നിയമ നടപടിയെടുക്കാന്‍ പൊലീസിനാകും.

Tags:
  • Spotlight
  • Social Media Viral