Monday 04 March 2024 11:22 AM IST : By മനോരമ ആരോഗ്യം ആർക്കൈവ്സ്

‘അങ്ങനെ ജയചന്ദ്രൻ മനസില്ലാ മനസോടെ ചിക്കൻ കഴിക്കാൻ തുടങ്ങി’: ദേവരാജൻ മാസ്റ്റർ നൽകിയ ഉപദേശം: ആ സംഗീത ജീവിതം

jayach5676

പാട്ടിന്റെ ഭാവപൂർണിമ പി ജയചന്ദ്രന് ഇന്ന് എൺപതാം പിറന്നാൾ. സംഗീതത്തിനൊപ്പം തന്നെ മധുരമൂറുന്ന അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനം ഒരിക്കൽ കൂടി...

––––

താളത്തിന്റെ മാസ്മരികമായ കണക്കുകൾ കൈവിരലിൽ‍ കൗശലത്തോടെ ഒതുക്കി, സമ്മാനം വാരിക്കൂട്ടിയതിനു ശേഷമാണ് ശബ്ദത്തിന്റെ ഇന്ദ്രജാലത്തിലേക്കു പാലിയത്തെ ജയൻ കുട്ടൻ കടന്നത്. പാട്ടു പഠിക്കാതെ പാട്ടുകാരനായി, പിന്നെ ഭാവഗാനങ്ങളുെട തമ്പുരാനായി മാറിയപ്പോഴും പി. ജയചന്ദ്രൻ എളിമയോടെ പറയുന്നു, ‘‘ ഈ ലോകത്തിലെ ഏറ്റവും വലിയ സംഗീത ആസ്വാദകൻ മാത്രമാണ് ‍ഞാൻ’’.

അതെ, ജയചന്ദ്രൻ അങ്ങനെ വലിയ സാധകമൊന്നും ചെയ്യാറില്ല. രാത്രിഭക്ഷണമൊക്കെ കഴിഞ്ഞ് തന്റെ ഏറ്റവുമടുത്ത മൂന്നോ നാലോ ആളുകളെ ഫോണിൽ വിളിച്ച്, പാടിയ പാട്ടുകളും പാടാൻ പോകുന്ന പാട്ടുകളും നേരിട്ട് ഭാവപൂർത്തിയോടെ പാടികൊടുക്കും. അതാണ് ജയചന്ദ്രന്റെ കണ്ഠസാധകം. ചിട്ടയായി ശാസ്ത്രീയ സംഗീതം പഠിക്കാത്ത, ഈ 77 കാരൻ 11 കടുകട്ടി ശുദ്ധ ശാസ്ത്രീയ കൃതികൾ വെറും മൂന്നു ദിവസം കൊണ്ട് പാടി വീഡിയോ റിക്കോഡ് തയാറാക്കുകയാണിപ്പോൾ. നീലാംബരി രാഗത്തിന്റെ തേൻ ചൊരിയുന്ന സ്വാതി തിരുനാൾ പദം ‘കാന്തനോട് െചന്നു’വും ദർബാരി കാനഡരാഗത്തിലെ ‘ രാധികാ കൃഷ്ണനു’മൊക്കെ സ്വരസഞ്ചാര ഭേദത്തോടെ പെയ്തിറങ്ങുമ്പോൾ ശുദ്ധ ക്ലാസിക്കൽ ആസ്വാദകർ പോലും ആനന്ദവായ്പിലായിപ്പോകുന്നു.

ഇത്ര അധികം കച്ചേരികളും, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ ഗാനങ്ങളും കേട്ട്, ഉൾക്കൊണ്ട്, വരികളും അതിന്റെ സ്വരസഞ്ചാരഭേദങ്ങളും മനസ്സിലാക്കിയിട്ടുള്ള അപൂർവം ഗായകരെ ഇന്ത്യയിൽ തന്നെ നമുക്കുള്ളൂ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ പ്രൈമറി സ്‌കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പരുത്തിക്കോൽ ഉപയോഗിച്ചു കല്ലിൽ തട്ടി പഠിച്ചു, പാലിയത്തെ കുടുംബ ക്ഷേത്രത്തിൽ ഉൽസവത്തിന് ഏഴു ദിവസവും, പാലിയത്തെ മറ്റു കുട്ടികളുമൊത്തു ചെണ്ട കൊട്ടുമായിരുന്നു. മിഡിൽ സ്‌കൂൾ കാലത്തു മൃദംഗം അഭ്യസിക്കുകയും സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തതിനുശേഷമാണ് ജയൻ കുട്ടൻ, ഗായകനായി രൂപാന്തരപ്പെടുന്നത് .

കുട്ടിക്കാലത്തെ നീന്തലും ആരോഗ്യവും

കൊച്ചി രാജകുടുംബാംഗമായ രവിവർമ്മ തമ്പുരാന്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി 1944 മാർച്ച് മൂന്നിനു ജനിച്ച ജയചന്ദ്രനു കുട്ടിക്കാലത്തു കൂട്ടുകുടുംബ ജീവിതത്തിന്റെ മാധുര്യം അനുഭവിക്കാൻ അവസരം ലഭിച്ചു. ആളുകളെ ഉൾക്കൊള്ളാനും മറ്റുള്ളവരെ മനസ്സിലാക്കി പെരുമാറുന്നതിനുമുള്ള പാഠശാലയായിരുന്നു അത് Ð ജയചന്ദ്രൻ പറയുന്നു. പാലിയത്തു കുടുംബം വക കുളത്തിലും, മിഡിൽ സ്‌കൂൾ പഠനകാലത്ത് പെരിയാറ്റിലും അനിയൻ കൃഷ്ണകുമാറും കൂട്ടുകാരുമൊത്തുള്ള കുളിയും നീന്തലും വഴി കുട്ടിക്കാലത്തു തന്നെ ദൃഢമായ ശരീരം രൂപപ്പെട്ടു. ഇന്ന് മെച്ചമായ ആരോഗ്യം കാത്തു സൂക്ഷിക്കുന്നതിന് അത് സഹായകരമായെന്ന് അദ്ദേഹം പറയുന്നു.

ഹൈസ്‌കൂൾ പഠനകാലത്തു ഭാഗപത്രപ്രകാരം കിട്ടിയ ഇരിങ്ങാലക്കുടയിലെ വീട്ടിലേയ്ക്കു താമസം മാറ്റി. അവിടെ നാഷനൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസിൽ ചേർന്നു. മലയാളം അധ്യാപകൻ കെ.വി.രാമനാഥൻ മാഷിന്റെ പരിലാളനയിൽ ആണ് ജയചന്ദ്രൻ എന്ന ഗായകൻ രൂപപ്പെടുന്നത്. അതു കഴിഞ്ഞു പ്രീ-യൂണിവേഴ്സിറ്റി, ബി.എസ്.സി. (സുവോളജി)കോഴ്‌സുകൾ ചെയ്തതും ഇരിങ്ങലക്കുടയിൽ തന്നെ, ക്രൈസ്റ്റ് കോളജിൽ.

സ്പോർട്സിൽ സജീവമായി

സ്‌കൂളിൽ പഠിക്കുന്ന സമയത്തു ജയചന്ദ്രന്റെ മുഖ്യ കായിക വിനോദം ബാഡ്മിന്റനും, കോളജ് ജീവിതകാലത്തു ക്രിക്കറ്റും ആയിരൂന്നു. അദ്ദേഹം ഒന്നാന്തരം ബാറ്റ്‌സ്മാൻ ആയിരുന്നു എന്നു സഹപാഠികൾ പല അവസരങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിക്കറ്റിൽ ജ്യേഷ്ഠസഹോദരനായ ഡോ. സുധാകരനായിരുന്നു ഗുരു. കൂടാതെ കോളജിൽ പഠിക്കുമ്പോൾ എൻ.സി.സിയിലും അംഗം ആയിരുന്നു. സ്‌കൂളിലും കോളജിലും പോയിരുന്നത് സൈക്കിളിൽ ആയിരുന്നു. ഹൈസ്‌കൂൾ പഠനകാലത്തു സൈക്കിൾ യാത്രയിൽ ഒരു രസകരമായ സംഭവം ഉണ്ടായത് പ്രശസ്ത നടൻ ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്. കാണാൻ സുന്ദരനായ ജയൻ കുട്ടനെ പെൺകുട്ടികൾ നോക്കുന്നത് ഇന്നസെന്റ് പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. അത് അത്ര ശരിയല്ല എന്ന് ഇന്നസെന്റിനു തോന്നി. പതിവു പോലെ ജയചന്ദ്രൻ സൈക്കിളിൽ വന്നു. പെൺകുട്ടികൾ അതിലേ കടന്നു പോകുന്നു. ഇന്നസെന്റ് സൈക്കിളിനടുത്തെത്തി, സൈക്കിൾ മുട്ടി എന്നു വിളിച്ചു കൊണ്ടു ജയചന്ദ്രന്റെ മുന്നിലേയ്ക്കു വീണു. പെൺകുട്ടികൾ തിരിഞ്ഞുനോക്കി. അരിശം വന്ന ജയചന്ദ്രൻ ഇന്നസെന്റിനെ വഴക്കു പറഞ്ഞിട്ടു സൈക്കിളും കൊണ്ടു പോയി. അത് ഇന്നസെന്റിനെ കൂടുതൽ വിഷമിപ്പിച്ചു. പെൺകുട്ടികളുടെ മുന്നിൽ ഒന്നു ഷൈൻ ചെയ്യാൻ നോക്കി. പക്ഷേ നാണം കെട്ടു എന്നാണു അദ്ദേഹം ഒരു പ്രോഗ്രാമിൽ പറഞ്ഞത്.

ഭക്ഷണത്തിലെ ചിട്ടകൾ

മുൻപ് നല്ലൊരു ഭക്ഷണപ്രിയനായിരുന്നു ജയചന്ദ്രൻ. അന്നു തൃശൂരിൽ പ്രശസ്തമായ ''പത്താൻസ്'' എന്നൊരു ഹോട്ടൽ ഉണ്ടായിരുന്നു. ക്രിക്കറ്റ് മൽസരങ്ങൾക്കൊക്കെ പോയ ശേഷം അവിടെ പോയി ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ അദ്ദേഹം പ്രത്യേകം നിഷ്‌കർഷ പുലർത്തിയിരുന്നതായി കഥകളുണ്ട്.

ജയചന്ദ്രൻ തികഞ്ഞ സസ്യഭുക്കാണ്. ദേവരാജൻ മാസ്റ്റർ ജയചന്ദ്രനെ പുത്രവാൽസല്യത്തോടെ ആണ് സംഗീതലോകത്തു വളർത്തിയെടുത്തത്. ''പാടി പാടി അവൻ ഇന്നൊരു മികച്ച ഗായകനായി'' എന്നു മാസ്റ്റർ ഒരിക്കൽ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജയചന്ദ്രന്റെ ജീവിതത്തിലും അദ്ദേഹത്തിനു വളരെ സ്വാധീനമുണ്ടായിരുന്നു. ചിക്കൻ കഴിച്ചാൽ പാടാൻ കുറച്ചു കൂടി സുഖമായിരിക്കും എന്നു മാസ്റ്റർ ജയചന്ദ്രനെ ഉപദേശിച്ചു. അങ്ങനെ മനസ്സില്ലാമനസ്സോടെ ജയചന്ദ്രൻ ചിക്കൻ കഴിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ അത് തനിക്കു ശരിയാവില്ല എന്നു മനസ്സിലാക്കി ജയചന്ദ്രൻ ചിക്കൻ കഴിക്കുന്നതു പൂർണ്ണമായി നിർത്തി.

jayachandran

നിത്യേന വ്യായാമം

രാവിലെ ഉണർന്നതിനുശേഷം ഒരു കുപ്പി വെള്ളം കുടിക്കും. അതു കുറെ വർഷങ്ങളായി ഉള്ള ചിട്ടയാണ്. ഏകദേശം എട്ടു മണി കഴിയുമ്പോൾ അരമണിക്കൂർ വ്യായാമം. ജലദോഷമോ മറ്റോ ഇല്ലെങ്കിൽ തലയിൽ എണ്ണ തേച്ചു വിസ്തരിച്ച് ഒരു കുളി. അതു കഴിഞ്ഞ് ഒൻപതു മണി അടുപ്പിച്ചു ലഘുഭക്ഷണം. മൂന്നു ഇ‍ഡ്‌ലി. കൂട്ടിനു ചട്‌നി അല്ലെങ്കിൽ ഉഴുന്നു പൊടിച്ചുണ്ടാക്കുന്ന പൊടി. സാധാരണ എല്ലാവരും വെളിച്ചെണ്ണ ഒഴിച്ചു കുഴയ്ക്കും. പക്ഷെ ജയചന്ദ്രന് അത് ഇഷ്ടമില്ല. പകരം ചട്‌നി തന്നെ ഒഴിച്ചു കുഴച്ചു അതുപയോഗിക്കും. ചായയോ കാപ്പിയോ നിർബന്ധമില്ല. ചൂടാക്കി തണുപ്പിച്ച വെള്ളം കുടിക്കും. അതു കഴിഞ്ഞു പത്തു മണിയോടെ റിക്കോർഡിങ് ഉണ്ടെങ്കിൽ സ്വന്തമായി ഡ്രൈവ് ചെയ്തു പോകും.

തിരികെ വന്ന് ഏകദേശം ഒരു മണിക്ക് ഉച്ചഭക്ഷണം. തൈരും പപ്പടവും അച്ചാറും അൽപ്പം ചോറും. ഇത്രയും മതി. പിന്നെ ഏതെങ്കിലും ഒരു കറിയും കൂടി ഉണ്ടെങ്കിൽ കുശാൽ. രണ്ടു മണി മുതൽ മൂന്നര മണിവരെ ഉച്ചയുറക്കം. ഒരു ചായ കുടി കഴിഞ്ഞു റിക്കോർഡിങ് ഉണ്ടെങ്കിൽ അതിനു പോകും. ഇല്ലെങ്കിൽ ആറു മണിയടുപ്പിച്ചു ഒരു മണിക്കൂർ നടത്തം. ഏഴു മണി കഴിയുമ്പോൾ രാത്രി ആഹാരം. അതും മൂന്നു ഇ‍ഡ്‌ലി തന്നെ. ചിലപ്പോൾ ഇ‍ഡ്‌ലിക്കു പകരം ദോശയോ ഉപ്പുമാവോ ആപ്പമോ ആയിരിക്കും. അതൊക്കെ വളരെ കുറച്ചു സന്ദർഭങ്ങളിൽ മാത്രം. എട്ടു മണി കഴിഞ്ഞാൽ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട മൂന്നോ നാലോ ആളുകൾ. അവരുമായി ഫോൺ വിളി, ഇഷ്ടഗാനങ്ങൾ, രാഷ്ട്രീയ കാര്യങ്ങൾ, ഗതകാല സ്മരണകൾ, ആനുകാലിക സംഭവങ്ങൾ...അങ്ങനെ നീളുന്നു ചർച്ചകൾ . ഈ വേളകളിൽ പല പാട്ടുകളും പരാമർശിക്കുന്നു, പാടുന്നു, അതിന്റെ ചെറിയ ചെറിയ സ്വരഭേദങ്ങൾ, അതിന്റെ ഭംഗി, അതു തീർത്ത മഹാന്മാരെപ്പറ്റിയുള്ള അനുഭവങ്ങൾ... എല്ലാം പങ്കുവയ്ക്കുന്നു. ഇതാണു അദ്ദേഹത്തിന്റെ സാധകം. രാത്രി പതിനൊന്നരയോടെ ഉറക്കം.

ദേവരാജൻ മാസ്റ്റർ ഉള്ളപ്പോൾ ഗാനമേളകൾക്കു മുൻപുള്ള റിഹേഴ്‌സലിനു കൃത്യമായി പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഓർക്കസ്ട്രാക്കാരോടു പരിശീലിച്ചു കൊള്ളാൻ പറയും. അദ്ദേഹം ഗാനമേളയ്ക്കു നേരേ സ്റ്റേജിൽ ചെല്ലുന്നു. അവർ വായിക്കുന്ന ശ്രുതിയിൽ അണുകിട തെറ്റാതെ ഒറിജിനൽ റിക്കോർഡിനേക്കാൾ മനോഹരമായി പാടുന്നു. മറ്റൊരു സവിശേഷത വളരെ ചെറിയ അക്ഷരത്തിൽ പത്തു നൂറു പാട്ടുകൾ സ്വന്തം കൈപ്പടയിൽ എഴുതി സൂക്ഷിച്ചിരിക്കുന്ന ഒരു കുട്ടി ബുക്ക് നോക്കിയാണ് ഇന്നും പാടുന്നത്. ടാബ്, ടച്ച് ഫോൺ, വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, എസ്എംഎസ്സ്.. എല്ലാം അദ്ദേഹത്തിന് അന്യമാണ്. ഇത്രയും ചെറിയ അക്ഷരം വായിക്കുന്നതിന് ഇന്നും കണ്ണടയുടെ ആവശ്യം ഇല്ല. ചെറുതായി ഷോർട് സൈറ്റ് ഉണ്ടായിരുന്നു. അതു മാറുകയും ചെയ്തു. അതിനു ശേഷം ഇന്നുവരെ വായിക്കുവാനായി കണ്ണട ഉപയോഗിച്ചിട്ടില്ല.

പെട്ടെന്നു വികാരവാനാകുന്നയാളാണ് ജയചന്ദ്രൻ. ചെറിയ ചെറിയ കാര്യങ്ങൾക്ക് ഒരുപാട് ഒച്ചവയ്ക്കും. പക്ഷെ വലിയ വലിയ കാര്യങ്ങൾ വളരെ സമാധാനത്തിൽ അഭിമുഖീകരിക്കും. അടുത്തു കഴിഞ്ഞാൽ ഏറ്റവും നല്ല ഒരു ബന്ധുവും, മറ്റുള്ളവരുെട കാര്യങ്ങളിൽ ഒരുപാട് അനുകമ്പയും ശ്രദ്ധയും ഉള്ള ഒരു സാധാരണ മനുഷ്യനാണ് ഈ പാട്ടിന്റെ തമ്പുരാൻ. മധുമാരി ചൊരിഞ്ഞു കൊണ്ട് ആ ഭാവഭംഗി അനുസ്യൂതം പ്രവഹിക്കുമ്പോൾ ധന്യരാകുന്നത് ആസ്വാദകരാണ്.