Friday 09 November 2018 10:19 AM IST : By സ്വന്തം ലേഖകൻ

വേദനസംഹാരികൾ തോന്നിയ പോലെ, ഒടുവിൽ യുവാവിന് സംഭവിച്ചത്; ഞെട്ടിപ്പിക്കുന്ന അനുഭവം; കുറിപ്പ്

paink

‘സ്വയം ഡോക്ടർമാരുടെ കാലമാണിത്.’ കൃത്യമായ പരിശോധനകളില്ലാതെ, വിദഗ്ധരുടെ അഭിപ്രായങ്ങൾ തേടാതെ രോഗ നിർണയവും അതിനുള്ള മരുന്നും കണ്ടുപിടിക്കുന്ന അൽപജ്ഞാനികളുടെ കാലം. താത്കാലിക ആശ്വാസത്തിനു വേണ്ടി കണ്ണിൽ കണ്ട പെയിൻ കില്ലറുകളും അമിത ഡോസിലുള്ള മെഡിസിനുകളും വാങ്ങിക്കൂട്ടുമ്പോൾ, നാം അറിയുന്നുണ്ടോ, അതിനു പിന്നിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച്?

ഡോക്ടറുടെ നിർദ്ദേശമില്ലാതെ തന്നിഷ്ട പ്രകാരം പെയിൻകില്ലറുകൾ ശീലമാക്കിയ യുവാവിന്റെ ദുരനുഭവം തുറന്നു പറയുകയാണ് ഡോക്ടർ ഷിനു ശ്യാമളൻ. അമിത ഡോസിലുള്ള ഗുളികൾ മൂന്നും നാലും വീതം തോന്നിയ പോലെ കഴിച്ച യുവാവിനെ കാത്തിരുന്നത് വൃക്കരോഗമായിരുന്നുവെന്ന് ഡോക്ടർ ഓർമ്മിപ്പിക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടറുടെ തുറന്നെഴുത്ത്.

ഡോക്ടറുടെ കുറിപ്പ് വായിക്കാം;

വയസ്സ് 29. രണ്ട് കിഡ്നിയും പ്രവർത്തനം നിലച്ചപ്പോൾ പത്രത്തിൽ പരസ്യം കൊടുത്തു 8 ലക്ഷം രൂപയ്ക്കു ഒരു കിഡ്നി വാങ്ങി. ഇപ്പോൾ 6 വർഷങ്ങൾ കഴിഞ്ഞു.

വിനു എന്നു വിളിക്കാം. ഇന്ന് കിഡ്നിയ്ക്ക് ഇരട്ടി തുകയാകുമെന്ന് വിനു പറയുന്നു. ഇന്നവൻ ഈ. എസ്. ഐ ആശുപത്രിയിൽ സ്ഥിരം മരുന്നുകൾ വാങ്ങാൻ വരും.

"എങ്ങനെയാണ് വിനു കിഡ്നി പോയത്?"

"ഡോക്ടറോട് ചോദിക്കാതെ ദിവസവും തോന്നിയപോലെ വേദനസംഹാരികൾ വാങ്ങി കഴിച്ചു. "

ഡോസ് അനുസരിച്ചു ഒരു ദിവസം 2 ഗുളികകൾ മാത്രം കഴിക്കേണ്ടവ വിനു 4,5 ഗുളികകൾ ഒരു ദിവസം കഴിച്ചു. ഡോസ് അറിയാതെ മെഡിക്കൽ സ്റ്റോറുകൾ മാറി മാറി കയറിയിറങ്ങി അവൻ പലതരം ഗുളികകൾ ദിവസങ്ങളോളം തുടർച്ചയായി കഴിച്ചു കൊണ്ടേയിരുന്നു.

ഒടുവിൽ വേദന കുറഞ്ഞു. പക്ഷെ മൂത്രം പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കാലിലും മുഖത്തും നീരും അനുഭവപ്പെട്ടപ്പോൾ തീരെ വയ്യാതെ ഡോക്ടറെ കാണാൻ പോയി.

രക്തം പരിശോധിച്ചു ക്രീയാറ്റിനിൻ, യൂറിയ ഒരുപാട് കൂടുതലായിരുന്നു. ഡയാലിസിസ് ചെയ്ത് എത്ര നാളുകൾ ജീവിക്കാനാകും?

അങ്ങനെ വിനു പത്രത്തിൽ പരസ്യം കൊടുത്തു. കോട്ടയത്തു നിന്നും കാശിന് അത്യാവശ്യമുള്ള ഒരു യുവതി അവരുടെ കിഡ്‌നി 8 ലക്ഷം രൂപയ്ക്ക് വിനുവിന് കൊടുത്തു.

അങ്ങനെ 6 വർഷങ്ങൾ കഴിഞ്ഞു. ഇന്നവൻ എന്നോട് ഒരേയൊരു കാര്യമേ അവശ്യപ്പെട്ടുള്ളൂ.

"ഡോക്ടറെ, എനിക്ക് പറ്റിയത് പറ്റി. ഇനിയാർക്കും ഈ ഒരനുഭവം ഉണ്ടാകാതെയിരിക്കാൻ ഡോക്ടർ ഈ കാര്യം പരമാവധി ആളുകളിൽ എത്തിക്കണം".

(വേദനസംഹാരികൾ മാത്രമല്ല, എന്ത് ഗുളികയും ഡോക്ടറെ കണ്ട് മാത്രം വാങ്ങി കഴിക്കുക. ഡോസും ഡോക്ടർ പറയുന്നപോലെ മാത്രം കഴിക്കുക. വേദന കുറയുന്നില്ല എന്നു കരുതി ഒരു നേരം കഴിക്കേണ്ട ഗുളിക 4 നേരം കഴിക്കരുത്, അല്ലെങ്കിൽ 1 ഗുളിക കഴിക്കുന്നത് പകരം 2, 3 ഗുളിക വീതം ഒരുമിച്ചു കഴിക്കരുത്.)

ഡോ.ഷിനു ശ്യാമളൻ