Wednesday 06 March 2024 10:46 AM IST : By സ്വന്തം ലേഖകൻ

അമ്മയ്ക്കൊപ്പം കല്ലറയിൽ അവർ ഇനി ശാന്തമായുറങ്ങും: കണ്ണീർക്കടലായി നാട്: വേദനയായി ഈ പൈതങ്ങൾ

pala-death-jaison-family

ഒരു കുടുംബത്തിൽ അഞ്ചു ജീവനുകൾ പൊലിഞ്ഞതിന്റെ ഞെട്ടലിലാണ് കൊച്ചുകൊട്ടാരം, ഞണ്ടുപാറ ഗ്രാമങ്ങൾ. ഞണ്ടുപാറ കുടിലിപ്പറമ്പിൽ ജയ്സൺ തോമസ് (44), ഭാര്യ മെറീന (29), മക്കളായ ജെറാൾഡ് (4), ജെറീന (2), ജെറിൽ (7 മാസം) എന്നിവരെയാണ് വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മീനച്ചിൽ പഞ്ചായത്ത് 10-ാം വാർഡിൽ കൊച്ചുകൊട്ടാരം ഭാഗത്ത് ഇവർ താമസിച്ചിരുന്ന വാടകവീട്ടിലാണ് ഇന്നലെ രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പൂവരണി വിളക്കുംമരുതിനടുത്താണ് കൊച്ചുകൊട്ടാരം ഗ്രാമം. 15 മാസം മുൻപാണ് ജയ്സനും ഭാര്യയും കുട്ടികളും ഈ വീട്ടിൽ താമസിക്കാൻ എത്തിയത്. വലിയ റബർത്തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീടാണിത്. കൂട്ടമരണത്തിന്റെ വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് ഇവിടെ ഇന്നലെ എത്തിയത്.  ഡിവൈഎസ്പി കെ.സദൻ, എസ്എച്ച്ഒ ജോബിൻ ആന്റണി, എസ്ഐ വി.എൽ.ബിനു, തിടനാട് എസ്എച്ച്ഒ എച്ച്.എൽ.ഹണി, മേലുകാവ് എസ്എച്ച്ഒ ഏലിയാസ് ജോർജ്, കിടങ്ങൂർ എസ്എച്ച്ഒ സതികുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി.

തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കു ശേഷമാണ് മെറീനയുടെയും മക്കളുടെയും മരണം സംഭവിച്ചതെന്നാണ് മൃതദേഹങ്ങളുടെ പ്രാഥമിക പരിശോധനയിൽ വ്യക്തമാകുന്നതെന്ന് ഡിവൈഎസ്പി കെ.സദൻ പറഞ്ഞു. ജോസ് കെ.മാണി എംപി, മാണി സി.കാപ്പൻ എംഎൽഎ, യുഡിഎഫ് സ്ഥാനാർഥി കെ.ഫ്രാൻസിസ് ജോർജ്, സജി മഞ്ഞക്കടമ്പിൽ, മീനച്ചിൽ പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി എന്നിവരും സ്ഥലത്തെത്തിയിരുന്നു. ഉരുളികുന്നം സെന്റ് ജോർജ് പള്ളിയിൽ ഇന്നലെ വൈകിട്ട് നടത്തിയ സംസ്കാര ശുശ്രൂഷയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. ഒരു കല്ലറയിൽ ജയ്സന്റെയും മറ്റൊരു കല്ലറയിൽ മെറീനയുടെയും മക്കളുടെയും സംസ്കാരം നടത്തി.