Saturday 18 September 2021 12:11 PM IST : By സ്വന്തം ലേഖകൻ

ഒരു നോക്കു കാണാന്‍ അവനെ ഫ്രീസറില്‍ സൂക്ഷിച്ചു: ജാക്കി പോയി, കണ്യാര്‍പാടത്തെ വീട്ടില്‍ ഇപ്പോഴും തോരാകണ്ണീര്‍

pet

മടിയിലിരുത്തി സ്പൂണിൽ കോരിയെടുത്താണ് ഭക്ഷണം ഊട്ടുന്നത്, കിടക്കാനും ഇരിക്കാനും പ്രത്യേക സംവിധാനങ്ങൾ, ഓരോ പിറന്നാളിനും കേക്ക് മുറിച്ച് ആഘോഷം തുടങ്ങി സ്വന്തം കുഞ്ഞിനെപ്പോലെ പരിചരിച്ചു വളർത്തിയ നായ വിട്ടുപിരിഞ്ഞ ദുഃഖത്തിലാണ് ചിറ്റൂർ കണ്യാർപാടം നിധിൻ കോട്ടേജിലെ കുടുംബാംഗങ്ങൾ. 2010 ഓഗസ്റ്റ് 26നു ജനിച്ച ജാക്കി എന്ന പഗ് ഇനം നായക്കുട്ടി സി.കോമളവല്ലിയുടെ കയ്യിലെത്തിയിട്ട് 11 വർഷമായി.

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥയായിരുന്നു കോമളവല്ലി. ഏക മകൻ നിധിൻ പഠനശേഷം ജോലിക്കായി ബെംഗളൂരുവിലേക്ക് പോകുന്നതിനു 2 മാസം മുൻപാണ് ജാക്കി എന്ന നായക്കുട്ടിയെ വാങ്ങുന്നത്. വീട്ടിൽ തനിച്ചായെന്ന തോന്നലിന് ഇടംകൊടുക്കാതെ ജാക്കി സദാസമയവും കോമളവല്ലിയോടൊപ്പമായിരുന്നു. ചോറ് കൊടുക്കാറില്ല. പെഡിഗ്രിയും ഇടയ്ക്ക് ആട്ടിറച്ചിയുമാണു ഭക്ഷണം. ജാക്കി ജനിച്ച ദിവസം ആദ്യ ഉടമയോട് ചോദിച്ചറിഞ്ഞ ഈ വളർത്തമ്മ ഓരോ പിറന്നാളിനും പുതു വസ്ത്രമണിയിച്ച് കേക്ക് മുറിച്ച് ആഘോഷിക്കും.

തുടക്കത്തിൽ പാട്ടുകേട്ടാൽ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. പിന്നീട് ആ ശീലം മാറി. ജാക്കിക്ക് ഇരിക്കാൻ പ്രത്യേക കസേരയുണ്ട്. ചൂടുകാലത്ത് ടേബിൾ ഫാൻ അടക്കം ഒരുക്കിയിരുന്നു. പിന്നീട് ഇതു ശീലമായതോടെ എല്ലാ ദിവസവും ഫാൻ നിർബന്ധമായി. വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ പകരം സംവിധാനത്തിനായി ജാക്കിക്കു വേണ്ടി മാത്രം യുപിഎസ് വാങ്ങിച്ചു. കോമളവല്ലി കിടക്കുന്ന കട്ടിലിനു ചുവട്ടിൽ മാത്രമേ ജാക്കി ഉറങ്ങാറുള്ളു.

ഇവർ ഉണർന്നാൽ ഒപ്പം ജാക്കിയും ഉണരും. മകനും കുടുംബവും വീട്ടിലെത്തിയാൽ അവർ ഒരുമിച്ച് ഇരുന്നാൽ മാത്രമേ ജാക്കിയും ഭക്ഷണം കഴിക്കൂ. വീട്ടിലെ ഒരു കൊച്ചുകുട്ടിയെന്ന നിലയ്ക്ക് വളർത്തിയ ജാക്കി കഴിഞ്ഞ ദിവസം ജീവൻ വെടിഞ്ഞു. വിവരമറിയിച്ച ഉടൻ നിധിനും കുടുംബവും ബെംഗളൂരുവിൽനിന്നു നാട്ടിലേക്കു തിരിച്ചു. അവർ എത്തുന്നതുവരെ ജാക്കിയുടെ മൃതശരീരം ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ശേഷം ഇന്നലെ രാവിലെ ചടങ്ങുകളോടെ വീട്ടുമുറ്റത്ത് സംസ്കാരം നടത്തി.

More