പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ മകളുടെ ഭർത്താവ് രാഹുൽ ‘സൈക്കോയാണെന്ന്’ ആവർത്തിച്ച് യുവതിയുടെ പിതാവ്. ‘തേനേ പാലേ...’ എന്നു വിളിച്ച് സ്നേഹം നടിച്ച് വശത്താക്കി. കൃത്യമായ തിരക്കഥയെന്നോണം പൊലീസിനു മുന്നിൽ മൊഴിമാറ്റി പറയിപ്പിച്ച് കൂടെക്കൂട്ടി. അവളുടെ ജോലി വരെ കളയിച്ചു. മർദ്ദനമേറ്റ് വേദനയിൽ പുളയുമ്പോലും ആംബുലൻസിൽ വച്ചുവരെ മർദ്ദിച്ചു. അതിന്റെയൊക്കെ കാരണങ്ങൾ പുറത്തു പറയാൻ തന്നെ നാണക്കേടാണ്. ഇനിയൊരു പെൺകുട്ടിക്ക് തന്റെ മകൾക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്നും രാഹുലിന് ഉചിതമായ ശിക്ഷ നൽകണമെന്നും പെൺകുട്ടിയുടെ പിതാവ് വനിത ഓൺലൈനോട് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് കോൾ വരികയാണ്. നിങ്ങളുടെ മകൾ ഭർത്താവിൽ നിന്നും മർദ്ദനമേറ്റ് ആശുപത്രിയിൽ അഡ്മിറ്റാണെന്നാണ് അറിയിച്ചത്. ചങ്കുപിടഞ്ഞ് ആശുപത്രിയിൽ എത്തുമ്പോൾ കണ്ട കാഴ്ച ദാരുണമായിരുന്നു. ചുണ്ട് പൊട്ടി കണ്ണിനു പരുക്കേറ്റ് ആശുപത്രിയിൽ കഴിയുകയാണ് മകൾ. തലയിൽ അടിയേറ്റതിന്റെ മുഴയുണ്ട്. സിടി സ്കാൻ ഉൾപ്പെടെയുള്ള തുടർ ചികിത്സാ നടപടികൾ ഉടൻ വേണമെന്നും ഇതുവരെയും ചെയ്തിട്ടില്ലെന്നും ഡോക്ടർമാർ അറിയിച്ചു. രാഹുലിന്റെ അമ്മ അന്നേരം അവളുടെ കൂടെയുണ്ട്. എന്തുകൊണ്ട് വേണ്ട ചികിത്സ നൽകിയില്ലെന്നു ചോദിച്ചപ്പോഴും അവർ കരിങ്കല്ലു പോലെ ഇരുന്നതല്ലാതെ ഒന്നും പറയുന്നില്ല. അവൾക്കാണെങ്കിൽ ഒന്നു സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ പോലും ആകുന്നില്ല.

പൊലീസിനും മുന്നിൽ മൊഴിമാറ്റി, കോടതിയിൽ ഒരുമിച്ചു ജീവിക്കാനുള്ള ആഗ്രഹമറിയിച്ച് അവൾ പോകുമ്പോൾ ഞങ്ങൾ ആകെ തകർന്നിരുന്നു. അവൾ അനുഭവിച്ചത് എന്താണെന്ന് ഞങ്ങൾക്കറിയാം. പക്ഷേ അവന്റെ തേനേ... പാലേ... വിളിയിൽ അവളുടെ മനസു മാറി. മകളുടെ മുന്നിൽ ഒന്നാന്തരമായി സ്നേഹം നടിച്ച് അവളെ വശത്താക്കി. കോടതി വിധി ഞങ്ങളും അംഗീകരിച്ചു. എല്ലാം ശരിയാകും, നന്നായി ജീവിച്ചു കാണിക്കട്ടെ എന്നു കരുതി ഞങ്ങളും കഴിഞ്ഞതെല്ലാം മറന്നു. പക്ഷേ അവിടുന്നങ്ങോട്ട് മകൾ അനുഭവിച്ചത് വലിയ വേദനകളാണ്.
മർദ്ദിച്ചതിനു കാരണമായി പറഞ്ഞറിഞ്ഞ കാര്യങ്ങൾ പുറത്തു പറയാൻ തന്നെ നാണക്കേടാണ്. മീൻകറിക്ക് പുളി പോര ഉപ്പുപോരാ എന്നൊക്കെ പറഞ്ഞാണ് ഉപദ്രവം. ശരിക്കും പറഞ്ഞാൽ അവൻ സൈക്കോയാണ്. ലഹരിക്കും മദ്യത്തിനും അടിമയാണ്. എന്തിനേറെ പറയുന്നു. മർദ്ദിച്ച് അവശയാക്കിയ പെൺകുട്ടിയെ ആംബുലൻസിൽ കയറ്റി സ്ട്രെച്ചറിൽ കിടത്തിയപ്പോൾ പോലും അവൻ മർദ്ദിച്ചു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചത്. തിങ്കളാഴ്ച വീണ്ടും മർദിച്ചു. പരുക്കേറ്റതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മകളെ എത്തിച്ച ശേഷം രാഹുൽ മുങ്ങുകയായിരുന്നു.

അവൾക്ക് തിരുവനന്തപുരത്തെ സ്വകാര്യ കമ്പനിയിൽ നല്ലൊരു ജോലി ഉണ്ടായിരുന്നു. വേറെ ജോലി വാങ്ങിക്കൊടുക്കാം എന്നു പറഞ്ഞ് അതും കളയിച്ചു. ഈ അനുഭവിക്കുന്ന വേദനകൾക്കൊപ്പം പിടിവള്ളിയായിരുന്ന ജോലി പോയതിലും അവൾക്ക് നല്ല സങ്കടമുണ്ട്.
കഴിഞ്ഞു പോയ കാര്യങ്ങൾ പ്രത്യേകിച്ച് മകൾ യുട്യൂബ് ചാനലിൽ വന്നു പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണ്. ഞങ്ങളിപ്പോഴും പരാതിയിൽ ഉറച്ചുനിൽക്കുന്നു. രാഹുൽ രക്ഷപ്പെടാൻ പാടില്ല, ശിക്ഷിക്കപ്പെടണം. ഒരു വിവാഹം കഴിച്ച് അതു മറച്ചു വച്ച് ഡിവോഴ്സ് പോലും ചെയ്യാതെയാണ് ഞങ്ങളുടെ മകളെ വിവാഹം കഴിച്ചത്. ഇനി മറ്റൊരു പെൺകുട്ടിക്ക് ഇതു സംഭവിക്കരുത്. അവന്റെ പഞ്ചാര വർത്താനങ്ങളിൽ മയങ്ങി ഇനി തിരിച്ചു പോകില്ലെന്നാണ് മകൾ പറഞ്ഞിരിക്കുന്നത്. അതുറപ്പിച്ച ശേഷമാണ് നിയമ നടപടികളുമായി മുന്നോട്ടു പോയത്. അവന് അർഹിച്ച ശിക്ഷ കിട്ടണം എന്നു തന്നെയാണ് ആഗ്രഹം.– പിതാവിന്റെ വാക്കുകൾ.