Thursday 07 November 2024 03:00 PM IST : By സ്വന്തം ലേഖകൻ

‘ഞാന്‍ സിനിമയെന്നു പറഞ്ഞു നടന്നാൽ എന്റെ കുടുംബം ആരു നോക്കും ചേട്ടാ...’: ജീവിതമാർഗം തട്ടുകട: പറവ താരം ഗോവിന്ദിന്റെ ജീവിതം

haseeb

‘പറവ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ ഹസീബിനെ ഓർമയില്ലേ കുറുമ്പും കൊച്ചിയുടെ കൊച്ചുവർത്താനങ്ങളുമൊക്കെയായി മനംകവർന്ന താരം. ഗോവിന്ദ് എന്ന ഈ കൊച്ചുമിടുക്കന് പറവയിലെ പ്രകടനം ഒത്തിരി ഇഷ്ടക്കാരെ നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ ഇവിടെയിതാ സിനിമയുടെ വെള്ളിവെളിച്ചങ്ങൾക്കപ്പുറം ജീവിക്കാൻ വേണ്ടി രാപ്പകൽ അധ്വാനിക്കുന്ന ഗോവിന്ദിനെ നമുക്കു കാണാം, അങ്ങു കൊച്ചിയിൽ. അമ്മയ്ക്കും ചേട്ടനുമൊപ്പം തട്ടുകടയിൽ മസാല ദോശയും നെയ്റോസ്റ്റും പൊടി റോസ്റ്റുമൊക്കെയുണ്ടാക്കി അമ്മയെ സഹായിക്കുന്ന തിരക്കിലാണ് താരം. പന്ത്രണ്ടാം ക്ലാസിൽ പഠനം നിർത്തിയ ഗോവിന്ദ് അമ്മയ്ക്കും ചേട്ടനുമൊപ്പം മുഴുവൻ സമയവും തട്ടുകടയിലാണ്. ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുൻവശം വീടിനു സമീപത്താണ് ഗോവിന്ദും അമ്മയും ചേട്ടനും കൂടി നടത്തുന്ന കടയുള്ളത്.

ഗോവിന്ദിന്റെ കഠിനാധ്വാനത്തെ വാഴ്ത്തി ജെറി പൂവക്കാല പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. ജീവിതത്തെ പോസിറ്റീവായി കാണുന്ന വേദനകളെ പടിക്കു പുറത്തു നിർത്തുന്ന ഗോവിന്ദിന്റെ ലൈഫ് പോളിസിയെ പറ്റി ഫെയ്സ്ബുക്കിലാണ് ജെറി കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

പതിനഞ്ച് സിനിമയിൽ ഇപ്പോൾ തന്നെ അഭിനയിച്ചു . ഇപ്പോൾ എനിക്ക് മോശം സമയമാണെന്ന് കരുതി എനിക്ക് ജീവിക്കണ്ടേ ചേട്ട. ഞാൻ ജനിച്ചത് ഇവിടെയാണ്. ഈ തട്ടുകടയിൽ നിന്നാണ് ഞാൻ വളർന്നത്. അച്ഛൻ മരിച്ചിട്ട് 21 വർഷമായി. ഈ തൊഴിലിൽ ഞാൻ അഭിമാനിക്കുന്നു.എനിക്ക് അവസരങ്ങൾ ലഭിക്കാഞ്ഞിട്ടല്ല ബ്രോ , ഞാൻ നല്ല അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. പറവ സിനിമയിൽ ഹസീബ് എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ചവെച്ച ഗോവിന്ദ് ഇപ്പോൾ മട്ടാഞ്ചേരിയിൽ തന്റെ കുടുംബത്തോടൊപ്പം തട്ടുകട നടത്തുകയാണ്.

ചേട്ട നല്ല food കൊടുത്താൽ ഏതു ഓണം കേറാ മൂലയിലും ആളുകൾ അന്വേഷിച്ചു വരും. ഞാൻ സങ്കടം ഉള്ള നിമിഷങ്ങൾ ഒന്നും ഓർക്കാറില്ല ചേട്ട. അതെന്തിനാണ് ഓർക്കുന്നത്.ചാർളി ചാപ്ലിൻ തന്നെ പറഞ്ഞിട്ടില്ലേ ചേട്ട . ഒരു കോമഡി പത്ത് പ്രാവിശ്യം പറയാൻ പറ്റില്ല . ഒറ്റ പ്രാവിശ്യമേ പറ്റൂ. അതുപോലെ ചേട്ട ലൈഫ് ഒരിക്കലും ബാക്കിലോട്ട് പോകുന്നില്ല . മുന്നിലോട്ടാണ് പോകുന്നത്. അതിന് എത്ര ശ്രമിച്ചാലും. സൗബിൻ ചായ കുടിക്കാൻ വന്നപ്പോഴാണ് എനിക്ക് ആദ്യ അവസരം ലഭിക്കുന്നത്. മസാല ദോശ , നെയ്യ് റോയ്സ്റ് , പൊടി റോസ്റ്റ്,പൊടി മസാല , സദാ ദോശ , പിന്നെ എണ്ണ പലഹാരങ്ങൾ ഇവയൊക്കെയാണ് ഗോവിന്ദന്റെ തട്ടുകടയിലെ ആഹാരങ്ങൾ.വൈകിട്ടി 7 മുതൽ രാത്രി 11 വരെയാണ് കട. എപ്പോഴും ഞാൻ ഇങ്ങനെ പടം എന്ന് പറഞ്ഞു നടന്നാൽ ആര് കുടുംബം നോക്കും ചേട്ട.

പ്രിയപ്പെട്ടവരെ  ഗോവിന്ദ് എന്ന ചെറുപ്പക്കാരൻ നമുക്ക് നൽകുന്ന പാഠങ്ങൾ.എന്നെ ആകർഷിച്ചത് ഈ വാക്കുകളാണ് ഒരു കോമഡി പത്ത് പ്രാവിശ്യം പറയാൻ പറ്റില്ല . ഒറ്റ പ്രാവിശ്യമേ പറ്റൂ. അതുപോലെ ലൈഫ് ഒരിക്കലും ബാക്കിലോട്ട് പോകുന്നില്ല . മുന്നിലോട്ടാണ് പോകുന്നത്. അതിന് എത്ര ശ്രമിച്ചാലും . അതേ പ്രിയപ്പെട്ടവരെ ജീവിതം മുന്നോട്ട് പോകുമ്പോൾ നാം പുറകോട്ട് സഞ്ചരിക്കാതെ ദുഃഖിച്ചിരിക്കാതെ, ഒരേടത്ത് തന്നെ നിൽക്കാതെ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കണം. ഓടാൻ കഴിയില്ലെങ്കിൽ നടക്കണം ഇല്ലെങ്കിൽ ഇഴയണം എന്തായാലും മുന്നോട്ട് പോകണം. മുന്നോട്ട് പോകുവാൻ തീരുമാനിച്ചവനെ പ്രകൃതി കൈവിടില്ല. അതുകൊണ്ട് മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുക സഹോദരങ്ങളെ...