Wednesday 12 June 2024 04:45 PM IST : By സ്വന്തം ലേഖകൻ

പ്രണയ റീൽ പങ്കുവച്ച് പവിത്രയുടെ പ്രകോപനം; ദർശന്റെ ഭാര്യ വിജയലക്ഷ്മിയുമായി സോഷ്യല്‍മീഡിയയിലൂടെ വാക്പോര്! വാര്‍ത്തകളില്‍ നിറഞ്ഞ് കന്നഡ സിനിമ

pavithra-vijayalakshmi889

കന്നഡ സൂപ്പര്‍താരം ദര്‍ശനെയും നടിയും ഫാഷന്‍ ഡിസൈനറുമായ പവിത്ര ഗൗഡയെയും കൊലക്കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തൊട്ടുപിന്നാലെ പവിത്ര ഗൗഡ വാര്‍ത്തകളില്‍ നിറയുകയാണ്. പത്തു വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും തമ്മില്‍ അടുപ്പത്തിലാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോയുമെല്ലാം പവിത്ര സോഷ്യല്‍മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ബന്ധത്തിന്റെ പേരിൽ ദർശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മിൽ സോഷ്യല്‍മീഡിയയിലൂടെ വാക്പോര് നടന്നിരുന്നു.

2017 ൽ ദര്‍ശനൊപ്പമുള്ള ചിത്രം പവിത്ര ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പ്രൊഫൈല്‍ ഫോട്ടോ ആക്കിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇത് കന്നഡ സിനിമാലോകത്ത് വലിയ ചർച്ചയായി. ആരാധകര്‍ പവിത്രയ്‌ക്കെതിരെ തിരിഞ്ഞതോടെ നടി ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. 

കഴിഞ്ഞ ജനുവരിയില്‍ പവിത്ര വീണ്ടും ഒരു ഇന്‍സ്റ്റഗ്രാം റീല്‍ പങ്കുവച്ചത് പ്രശ്നങ്ങള്‍ രൂക്ഷമാക്കി. ദര്‍ശനൊപ്പമുള്ള പ്രണയനിമിഷങ്ങളുടെ ചിത്രങ്ങളായിരുന്നു റീലില്‍. ഇരുവരും ഒരുമിച്ചുള്ള ജീവിതം 10 വര്‍ഷം പൂര്‍ത്തിയായെന്നും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും വിഡിയോയുടെ അടിക്കുറിപ്പായി പവിത്ര കുറിച്ചു. ഇത് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയെ പ്രകോപിപ്പിച്ചു. അവര്‍ ഭര്‍ത്താവിനും മകനുമൊപ്പമുള്ള കുടുംബചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. കൂടാതെ മുന്‍ ഭര്‍ത്താവ് സഞ്ജയ് സിങ്ങിനും മകള്‍ ഖുശി ഗൗഡയ്ക്കുമൊപ്പമുള്ള പവിത്രയുടെ പഴയകാല ചിത്രവും വിജയലക്ഷ്മി പോസ്റ്റ് ചെയ്തു.

മറ്റൊരാളുടെ ഭര്‍ത്താവുമൊന്നിച്ചുള്ള റീല്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് ഈ സ്ത്രീ വിവാഹിതയാണെന്ന കാര്യം ഓര്‍മിക്കുന്നത് നല്ലതായിരിക്കുമെന്നും സ്വന്തം താൽപര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും വേണ്ടി തന്റെ ഭര്‍ത്താവിനെ ഇവര്‍ ഉപയോഗിക്കുകയാണെന്നും വിജയലക്ഷ്മി പോസ്റ്റില്‍ കുറിച്ചു. തന്റെ കുടുംബത്തിനുവേണ്ടി ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും പവിത്രയ്‌ക്കെതിരെ നിമയപരമായി നീങ്ങുമെന്നും വിജയലക്ഷ്മി വ്യക്തമാക്കി. 

തുടർന്ന് പവിത്ര ഇതിനു മറുപടിയുമായി എത്തി. സ്വന്തം താൽപര്യങ്ങള്‍ക്കുവേണ്ടി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും സ്‌നേഹവും കരുതലുമാണ് തങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനമെന്നും 10 വര്‍ഷം ഒരുമിച്ച് ജീവിക്കുക എന്നത് ചെറിയ കാര്യമല്ലെന്നും ഈ ചിത്രത്തിനൊപ്പം പവിത്ര കുറിച്ചു. വിജയലക്ഷ്മിയുടെ അറിവോടെയാണ് ബന്ധം മുന്നോട്ടുപോയിരുന്നതെന്നും അതില്‍ അവർക്കൊരു പ്രശ്‌നമില്ലെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും പവിത്ര പറയുന്നു. ഇപ്പോള്‍ ആളുകള്‍ തനിക്കും തന്റെ കൗമാരക്കാരിയായ മകള്‍ക്കുമെതിരെ വെറുപ്പ് പരത്തുകയാണെന്നും അത് തന്റെ മാനസികാരോഗ്യത്തെ നശിപ്പിക്കുന്നുണ്ടെന്നും അവര്‍ കുറിച്ചു. 

ദര്‍ശന്‍ ഇക്കാര്യത്തില്‍ യാതൊരുവിധ പ്രതികരണവും നടത്തിയിരുന്നില്ല. നേരത്തെ ദര്‍ശന്റെ പിറന്നാള്‍ ദിവസത്തില്‍ പവിത്ര ഗൗഡ പാര്‍ട്ടി നടത്തിയിരുന്നു. പവിത്രയുടെ മകളുടെ പിറന്നാള്‍ ദിവസം ദര്‍ശന്‍ വീട്ടിലെത്തുകയും പവിത്രയുടെ മകള്‍ക്കൊപ്പം ഡാന്‍സ് കളിക്കുകയും ചെയ്തിരുന്നു. പതിനെട്ടാം വയസ്സിലാണ് ചാമരാജ്പേട്ട സ്വദേശിയായ സഞ്ജയ് സിങ്ങുമായി പവിത്ര വിവാഹിതയായത്. പ്രണയ വിവാഹമായിരുന്നു. ദമ്പതികൾക്ക് ഖുഷി ഗൗഡ എന്നൊരു മകളുണ്ട്. ഈ ബന്ധം അധികവർഷം നീണ്ടുനിന്നില്ല. വിവാഹമോചിതയായത് മുതൽ പവിത്ര മകൾക്കൊപ്പമാണ് താമസം. 2015 മുതല്‍ ദര്‍ശന്റേയും പവിത്രയുടേയും പ്രണയം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 2017ലാണ് ദര്‍ശനൊപ്പമുള്ള ചിത്രം ആദ്യമായി പവിത്ര സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

2000 മെയ് 14 നായിരുന്നു ദര്‍ശന്റേയും വിജയലക്ഷ്മിയുടേയും വിവാഹം. 2011 ല്‍ ദര്‍ശനെതിരെ ശാരീരിക പീഡനത്തിന് വിജയലക്ഷ്മി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ദര്‍ശന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു. കൊലപാതക വാർത്ത പുറത്തുവന്നതിന് ശേഷം വിജയലക്ഷ്മി പൊതുസമൂഹത്തിൽ നിന്ന് വിട്ടുനിൽക്കുകയും മൗനം പാലിക്കുകയുമാണ്. സോഷ്യല്‍ മീഡിയയില്‍ നിന്നും ഭർത്താവായ ദർശനെ അൺഫോളോ ചെയ്തിരുന്നു. 

Tags:
  • Spotlight