പയ്യോളിയിൽ രണ്ട് പെൺമക്കളെയും പിതാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ (വള്ളിൽ) സുമേഷ് (42), മക്കളായ ഗോപിക (15), ജ്യോതിക (10) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്റെ ഭാര്യ സ്വപ്ന കോവിഡ് ബാധിച്ചാണ് മരിച്ചത്. ആ വിയോഗത്തിന്റെ വേദനയിൽ നിന്നും കുടുംബാംഗങ്ങൾ കരകയറുന്നതിനിടെയാണ് വലിയൊരു ദുരന്തം സംഭവിച്ചത്.
രാവിലെ 8.30നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. പിന്നാലെ സുമേഷിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് രണ്ടു െപൺകുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പെൺകുട്ടികൾ വീടിനകത്ത് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലായിരുന്നു. പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം സുരേഷ് ആത്മഹത്യ ചെയ്തതാണെന്ന് നാട്ടുകാർ പറഞ്ഞു. സുമേഷിന്റെ വീടിന് സമീപത്താണ് റെയിൽവേ ട്രാക്ക്. ഭാര്യ മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.
സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേ ഉള്ളൂ. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്ന് പൊലീസ് പറഞ്ഞു.