Monday 22 July 2019 06:59 PM IST

പൗവ്വത്ത് കുടുംബത്തിൽ കൊച്ചുമക്കൾ 50, ആദ്യ ‘കുട്ടി’ക്ക് പ്രായം 53, ഇളയവൾ പിറന്നത് ജൂണിൽ! അണു കുടുംബങ്ങൾക്കിടയിൽ ഒരു ബിഗ് ഫാമിലി

Binsha Muhammed

peru

പൗവ്വത്ത് കുടുംബത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ കലപിലയൊഴിഞ്ഞു നേരമില്ല. മാമോദീസ, പിറന്നാൾ, കല്യാണം, പാലുകാച്ചൽ എന്നു വേണ്ട അടിച്ചു പൊളിക്കാൻ എന്നും എന്തേലും വക കർത്താവു തമ്പുരാൻ കൊണ്ടെത്തിച്ചു കൊണ്ടേയിരിക്കും. മറുപടി കൊടുത്തും അഭിനന്ദനം അറിയിച്ചും അഭിപ്രായം തേടിയും ആകെമൊത്തം ജഗപൊഗ!

ഇനി കാര്യത്തിലേക്ക് വരാം, പെരുവന്താനം കുടുംബത്തിന്റെ ആ സന്തോഷച്ചരടിൽ ദൈവം ഒരു മുത്തിനെ കൂടി ചേർത്തു വച്ചിരിക്കുന്നു. ആ ‘മുത്താണ്’ ആ കുടുംബ കൂട്ടായ്മയിലെ ലേറ്റസ്റ്റ് സബ്ജക്ട്. കുടുംബത്തിലിളയവളായ അമ്പിളിക്കും–നല്ലപാതി ഷിബുവിനും ഒരു മാലാഖ കുഞ്ഞിനെ നൽകി ദൈവം അനുഗ്രഹിച്ചിരിക്കുന്നു.

ശ്ശെടാ...ഒരു കുഞ്ഞ് ജനിച്ചതിലെന്താണ് വല്യ കാര്യമെന്ന് ചിന്തിക്കാൻ വരട്ടെ. സ്നേഹിച്ച് പടർന്ന് പന്തലിച്ച ആ മഹാകുടുംബത്തിലെ ഇളമുറക്കാരി കുഞ്ഞുമക്കളിൽ അമ്പതാമത്തേതാണ്. തീർന്നില്ല കഥ, പെരുമയേറെയുള്ള പൗവ്വത്ത് കുടുംബത്തിലെ അമ്പത് കുഞ്ഞുമക്കളും ജനിച്ചതും ഒരേ ആശുപത്രിയിൽ! ഇതിലും വലിയ സമാനത സ്വപ്നങ്ങളിൽ മാത്രമെന്ന് അറിയാതെ പറഞ്ഞു പോകും.

പടർന്നു പന്തലിച്ചു കിടക്കുന്ന ആ സ്നേഹഗാഥയുടെ കഥയന്വേഷിച്ച് ‘വനിത ഓൺലൈൻ എത്തുമ്പോഴും കേട്ടു’ അണുകുടുംബം അലങ്കാരമാക്കുന്ന കാലത്ത് ആരും കേൾക്കാത്ത മനസു നിറയ്ക്കുന്ന ഒരു ഒത്തൊരുമയുടെ കഥ... പെരുവന്താനം ഇടവകയിലെ പവ്വത്ത് കുടുംബത്തിലെ പിടി തോമസ്– ത്രേസ്യാമ്മ ദമ്പതികളിൽ നിന്നും തുടങ്ങുന്നു അറ്റുപോകാത്ത ആ സ്നേഹവേര്. അവർക്ക് മക്കൾ 13, ആ പതിമൂന്ന് സ്നേഹവല്ലരികളിൽ പൂത്ത അമ്പത് പൂക്കളുടെ കഥയാണിത്... ആ കഥ പറയാനെത്തുന്നത് അമ്പതിലൊരുവളായ റോസ് മേരി...

വേദനയില്ലാതെ വായുവിലൂടെ പുറത്തെടുക്കലല്ല സിസേറിയൻ! മുലപ്പാല്‍ ഉണ്ടായിട്ട് കൊടുക്കാത്തതുമല്ല; നൊന്തുനീറി ഒരമ്മ

‘അറുപത്തിയഞ്ച് ജോഡി വസ്ത്രങ്ങൾ ഉണ്ടെനിക്കിപ്പോൾ, എല്ലാം തന്നത് നാട്ടുകാർ’; വികാര നിർഭരയായി രമ്യ

p2

‘എന്റെ മാറ്റം കണ്ട് ഉമ്മ പറഞ്ഞു, വേണമെങ്കിൽ തടി കുറയും അല്ലേ?’; 99 കിലോയിൽ നിന്ന് 70 ൽ എത്തിയ അനുഭവം പങ്കുവച്ച് സജ്ന!

പൗവ്വത്ത് പെരുമ

പെരുവന്താനം ഇടവകയിലെ പവ്വത്ത് കുടുംബത്തിലെ പിടി തോമസ്–ത്രേസ്യാമ്മ ദമ്പതികൾക്ക് മക്കൾ പതിമൂന്ന് പേർ. നാല് ആൺ മക്കളും 9 പെൺമക്കളും. ചാച്ചൻ (പിടി തോമസ്) 2016 ജനുവരി 25നും അമ്മച്ചി (ത്രേസ്യാമ്മ) 2017 ഓഗസ്റ്റ് 27നും ഞങ്ങളെ വിട്ടു പോയി. പതിമൂന്ന് മക്കളും ഒരുമിച്ച് ഒത്തൊരുമയേടെ സ്നേഹിച്ച് ജീവിച്ച കുടുംബമാണ് ഞങ്ങളുടേത്. ഏത് സാഹചര്യത്തിലും എത്ര ദൂരത്തിലും ഞങ്ങളും സ്നേഹത്തിനും ഐക്യത്തിനും അണുവിട പോലും കുറവ് വന്നിട്ടില്ല. ഒരിക്കലും അറ്റു പോകരുതെന്ന വാക്ക് മക്കൾ പണ്ടേക്കു പണ്ടേ ചാച്ചന് കൊടുത്ത വാക്ക്. രസകരമായ മറ്റൊരു സംഗതിയെന്തെന്നാൽ ആൺമക്കളെല്ലാവരും വിവാഹം കഴിച്ചിരിക്കുന്നത് പെരുവന്താനത്തിന് അടുത്തു തന്നെയുള്ള ഇടവകകളിൽ നിന്നാണ്. പെൺമക്കളേയും അധികം ദൂരേക്കയച്ചിട്ടില്ല. എല്ലാവരും കണ്ടും സ്നേഹിച്ചും അറിഞ്ഞും അടുത്തടുത്തൊക്കെ തന്നെയുണ്ടായിരുന്നു.

p3

സ്നേഹത്തിന്റെ ക്രീസിൽ ഫിഫ്റ്റി നോട്ട് ഔട്ട്

കുടുംബത്തിലെ പതിമൂന്ന് മക്കളും പരസ്പരം ഒത്തൊരുമയോടെ സ്നേഹിച്ചാണ് വളർന്നത്. കുടുംബത്തിലെ എണ്ണം കൂടുന്നതിനനുസരിച്ച് സ്നേഹം കുറയുമെന്ന അണുകുടുംബ തിയറിയിലൊന്നും വിശ്വാസമില്ലാത്തതു കൊണ്ടാകണം പുതിയ തലമുറയിലേക്കെത്തിയപ്പോഴും അത് പകർന്നു കൊടുത്തു. നാമൊന്ന് നമുക്കൊന്ന് എന്ന അലിഖിത നിയമത്തിന്റെ പിന്നാലെയൊന്നും ആരും പോയില്ല. പല കുടുംബത്തിലും നാലും അഞ്ചും വരെ മക്കളുണ്ടായിരുന്നു. ചെറുമക്കളിൽ നിന്നും കുടുംബത്തിലെ ആദ്യത്തെ കൺമണിയെത്തുന്നത് 1966ലെന്ന് പറഞ്ഞാൽ പലരുടേയും കണ്ണു തള്ളും. പെണ്ണമ്മ–തോമസ് ദമ്പതികളുടെ മൂത്ത പുത്രിയുടെ പേര് ലിസി. പുള്ളിക്കാരി സിസ്റ്റർ ആണ്. പതിമൂന്ന് മക്കളിൽ ഇളയവളായ നിർമലഗിരി വാണിയക്കൽ ഇടവകയിലെ അമ്പിളിക്കും ഷിബുവിനുമാണ് കുടുംബ കണ്ണിയിൽ ‘ഹാഫ് സെഞ്ച്വറി’ ചേർത്തു വയ്ക്കാനുള്ള ഭാഗ്യമുണ്ടായിരിക്കുന്നത്. 2019 ജൂൺ പതിമൂന്നിനാണ് അവരുടെ കുടുംബത്തിലെ ഏഴാമത്തെ കൺമണിയെത്തുന്നത്. ഞങ്ങളുടെ വലിയ കുടുംബത്തിലെ അമ്പതാമത്തെ കണ്ണി. നോക്കൂ...കുടുംബത്തിലെ ആദ്യത്തെ കൊച്ചു മകളെത്തുന്നത് 1966ൽ, പുതിയ ആളെത്തിയിരിക്കുന്നത് 2019ൽ. കൃത്യമായി പറഞ്ഞാൽ ഈ കുഞ്ഞുമക്കൾക്കിടയിൽ അരനൂറ്റാണ്ടിന്റെ വഴിദൂരം. അത് തന്നെ ഒരു അത്ഭുതമല്ലേ...

p1

ഈ കൊച്ചുമക്കൾക്ക് പുറമെ അവരിൽ ചിലരുടെ പത്തു മക്കളും ഇതേ ആശുപത്രിയിൽ തന്നെയാണ് ജനിച്ചത്. അങ്ങനെ കൂട്ടിയാൽ 60 പേർ. 50 കൊച്ചുമക്കളിൽ മൂന്നു പേർ ഇന്നില്ല. ഏറ്റവും മുതിർന്നയാളുടെ രണ്ടാമത്തെ മകൾ കുഞ്ഞുമോളും 12ാമത്തെ മകളുടെ മക്കളായ ജയിംസും തോമസുമാണ് മരിച്ചത്. പി.ടി. തോമസിന്‍റെ മക്കളുടെയും മരുമക്കളുടെയും കൊച്ചുമക്കളുടെയും അവരുടെ മക്കളുടെയും എണ്ണമെടുത്താൽ കുടുംബക്കാർ 130 ആകും. നാലാം തലമുറയിലെ ഒരു പെൺകുട്ടിയുടെ വിവാഹവും അടുത്തയിടെ നടന്നിരുന്നു.

മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റിലെ കൺമണികൾ

ഹൈ റേഞ്ചിനും ലോ റേഞ്ചിനും ഇടയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ഒരു തരത്തിൽ ഞങ്ങളുടെ കുടുംബ ആശുപത്രിയെന്നു തന്നെ പറയാം. കുടുംബത്തിലെ പതിമൂന്ന് പേരും പലപ്പോഴും ആശ്രയിക്കുന്നത് ഇതേ ആശുപത്രി തന്നെയായിരുന്നു. കൺ‌മണികളുടെ കാര്യം വന്നപ്പോഴും ഇവരാരും മാറി ചിന്തിച്ചില്ല. ഇതേ ആശുപത്രിയിൽ തന്നെയായി പ്രസവ ശ്രുശ്രൂഷയും മറ്റു കാര്യങ്ങളും. നേരത്തെ സൂചിപ്പിച്ച ആദ്യത്തെ ചെറുമകൾ 1966 ജൂലൈ മൂന്നിനാണ് ഈ ആശുപത്രിയിൽ ജന്മം കൊള്ളുന്നത്. പിന്നെ തുടർന്നു കൊണ്ടേയിരുന്നു. സത്യം പറഞ്ഞാൽ അമ്പതെന്ന അക്കമൊന്നും ഞങ്ങൾ ശ്രദ്ധിച്ചിരുന്നേയില്ല. യാദൃശ്ചികതയെന്നോണം ആരോ സൂചിപ്പിച്ചപ്പോഴാണ് അമ്പത് മക്കളുടേയും അവരുടെ ജനനത്തിന് സാക്ഷിയായ ഒരേ ആശുപത്രിയുടേയും കാര്യം എല്ലാവരിലേക്കും എത്തുന്നത്. രസകരമായ മറ്റൊരു സംഗതിയെന്തെന്നാൽ 50 കുഞ്ഞുമക്കളിൽ ഒരാളായ ഫാദർ ദീപു പുത്തൻ പുരയ്ക്കൽ അതേ ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്ററാണ്. പുത്തന്‌‍ പുരയ്ക്കലെ ബാബു ആനിയമ്മ ദമ്പതികളുടെ മകനാണ് ഫാദർ ദീപു.

അറ്റുപോകില്ലീ ആത്മബന്ധം

വർഷത്തിൽ ഒരിക്കലെങ്കിലും കുടുംബക്കാരും ബന്ധുക്കളും ഒത്തു കൂടണമെന്നത് നിർബന്ധം. ചിലരൊക്കെ ഇപ്പോൾ വിദേശത്താണ്. പക്ഷേ നിശ്ചയിച്ചുറപ്പിക്കുന്ന ദിവസം കുടുംബ സംഗമത്തിന് എല്ലാവരും ഹാജരുണ്ടാകും. പിന്നെ ഇത്രയും അംഗബലം ഉള്ളതു കൊണ്ടു തന്നെ കുടുംബത്തിലെ ഫങ്ഷൻസും മുറപോലെയിങ്ങെത്തും. കല്യാണം, കയറിത്താമസം, മാമോദീസ എന്നു വേണ്ട ഞങ്ങളുടെ ബന്ധം ഊട്ടിയുറപ്പിക്കാനുള്ള എന്തേലും വഴി കർത്താവ് ഞങ്ങൾക്ക് തരും. ചിലപ്പോൾ അത് ഞങ്ങളുടെ മനസിന്റെ ഐക്യം കൊണ്ടു കൂടിയാകാം. – റോസ് മേരി ടീച്ചർ പറഞ്ഞു തീരുമ്പോഴേക്കും വാട്സ്ആപ്പ് ഗ്രൂപ്പിൽ അടുത്ത സന്ദേശത്തിന്റെ കിളിനാദം മുഴങ്ങി. ഇനി റിപ്ലൈ ആയി. ചർച്ചയായി... ഫാമിലിയും ഗ്രൂപ്പും തിരക്കിലായേ...

Tags:
  • Relationship