Friday 27 September 2024 01:41 PM IST

‘ഭിന്നശേഷിയുള്ള ഒരു കുട്ടി ജനിച്ചാൽ ആത്മഹത്യ ചെയ്യുന്നവരുണ്ട്’: ഭാരമല്ല ഈ മക്കൾ, മനസു നിറയ്ക്കും അതിജീവനം

Rakhy Raz

Sub Editor

kids-crisis

വിൽപനയ്ക്കു നിരത്തി വച്ചിരിക്കുന്ന ഭംഗിയുള്ള ബാഗുകൾ, കീചെയിനുകൾ, മുഖംമൂടികൾ, വോൾ ഹാങ്ങിങ്ങുകൾ... ആരെയും മാടി വിളിക്കുന്ന ക്യൂറിയോ ഷോപ്പ്, ‘സർഗശേഷി.’

കണ്ണൂർ കാലിക്കറ്റ് റോഡിലെ ഈ െകാച്ചുകടയിലേക്കു െചന്നാല്‍ ആരുമൊന്ന് അമ്പരക്കും. കാണാൻ ഭംഗിയുള്ള കൗതുകവസ്തുക്കള്‍ കണ്ടല്ല, മറിച്ച് അവ പരിചയപ്പെടുത്തുന്നതു സാധാരണ പെൺകുട്ടികളല്ല, ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികളാണല്ലോ എന്നു കണ്ട്.

വില്‍പന നടത്താൻ ഇവര്‍ക്കു കഴിയുമോ എന്നു നമ്മളാലോചിക്കും മുൻപേ അവർ മധുരമായി സംസാരിച്ചു തുടങ്ങും. എന്തെല്ലാം കലാവസ്തുക്കൾ അവിടെയുണ്ട്, എങ്ങനെയാണവ നിർമിക്കുന്നത്, എങ്ങനെയൊക്കെ ഉപയോഗിക്കാനാകും, എവിടെ നിന്ന് ഇവ വരുന്നു... അങ്ങനെ ഒരു കൂട്ടം കാര്യങ്ങള്‍. വാങ്ങാനെത്തിയവരുെട എല്ലാ ചോദ്യങ്ങൾക്കും വ്യക്തവും കൃത്യവുമായ വിവരം, നിറഞ്ഞ പുഞ്ചിരിയോടെ...

അഞ്ജലി, ടീന, അഞ്ജന, അനുശ്രീ, എന്നീ നാലു പെൺകുട്ടികളാണ് സർഗശേഷിയിൽ സെയിൽസ് എ ക്സിക്യൂട്ടീവ്സ് ആയി ജോലി ചെയ്യുന്നത്. ഇ വര്‍ മാത്രമല്ല, 115 ബൗദ്ധിക ഭിന്നശേഷി വ്യക്തികളാണ് കോഴിക്കോട്ടെ യുഎൽസിസിഎസ് ഫൗണ്ടേഷന്‍റെ (ഊ രാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി) പിന്തുണയോെട വിവിധ മേഖലകളിൽ ജോലി ചെയ്തു വീടിനു താങ്ങാകുന്നത്.

സർഗശേഷിയിലെ മാലാഖമാർ

ഡൗൺ സിൻഡ്രം ഉള്ള വനിതകൾക്കു തൊഴിലവസരങ്ങ ൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ യുഎൽസിസിഎസ് ഫൗണ്ടേഷനും ഡൗൺ സിൻഡ്രം ട്രസ്റ്റ് കോഴിക്കോടും സംയുക്തമായി ആരംഭിച്ച കരകൗശല വിൽപനശാലയാണ് ‘സർഗശേഷി.’

കോഴിക്കോട് ഇരിങ്ങലിലെ സർഗാലയ ക്രാഫ്റ്റ്സ് വില്ലേജ്, തിരുവനന്തപുരത്തെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് എന്നിവിടങ്ങളിൽ നിന്നാണ് മനോഹരമായ ഉൽപന്നങ്ങൾ സർഗശേഷിയിലെത്തുന്നത്. ഒപ്പം ഭിന്നശേഷിയുള്ളവരുടെ നിർമിതികളും വിൽക്കപ്പെടുന്നു.

സർഗശേഷിയിലെ ടീന മറിയം തോമസ് എന്ന കുട്ടിയുടെ അച്ഛനും ‘ദോസ്ത്’ എന്ന ഡൗൺ സിൻഡ്രം ട്രസ്റ്റിന്റെ ചെയർമാനുമായ ഡോ. ഷാജി തോമസ് ജോണും അമ്മ ജയന്തി മേരി തോമസുമാണ് കരകൗശല ഷോപ്പിനായി കെട്ടിടം നൽകിയിരിക്കുന്നത്. ഷോപ്പിന്റെ വരുമാനം ഇവരുടെ ഉന്നമനത്തിനായി മാത്രം ഉപയോഗിക്കുന്നതിനാൽ ഇവിടെ നിന്നുള്ള പർച്ചേസ് സാമൂഹികസേവനം കൂടിയായി മാറുന്നു.

‘‘ഭിന്നശേഷിയുള്ള ഒരു കുട്ടി ജനിച്ചാൽ മിക്കവരും ആ ദ്യം ചിന്തിക്കുക എന്റെ കാലശേഷം ആരവരെ നോക്കും എന്നാണ്. അതിനുത്തരം കിട്ടാതെ ആത്മഹത്യ ചെയ്യുന്നവരുണ്ട്. ഇത്തരം സാഹചര്യത്തില്‍ തളരേണ്ടതില്ലെന്നും ഈ കുട്ടികള്‍ക്കും ജോലി ചെയ്തു ജീവിക്കാനാകുമെന്നു തെളിയിക്കുകയാണു ഞങ്ങളുടെ ലക്ഷ്യം.’’ ഡോ. ഷാജി തോമസ് ജോൺ പറയുന്നു.

വഴിവിളക്കായ് യുഎൽ കെയർ

ഒന്‍പതു വര്‍ഷം മുൻപ്, ബൗദ്ധിക ഭിന്നശേഷി അനുഭവിക്കുന്ന കുട്ടികളുടെ അമ്മമാർ ചേർന്ന് അന്നു കോഴിക്കോട് കലക്ടറായിരുന്ന എൻ. പ്രശാന്തിനെ കാണുകയും ‘ഈ കുട്ടികളെയും കൊണ്ട് ഞങ്ങൾ എങ്ങനെ ജീവിക്കും’ എന്ന് സങ്കടം പറയുകയും ചെയ്തു.

ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരം എൻ. പ്രശാന്ത് യുഎൽസിസിഎസ്സിനെ ആവശ്യം അറിയിക്കുകയും അവർ പദ്ധതി ആരംഭിക്കുകയും ചെയ്തു. പദ്ധതിക്കായുള്ള സ്ഥലസൗകര്യം നായനാർ ബാലികാ സദനം സൊസൈറ്റിക്കു നൽകി. അങ്ങനെ ഇരുകൂട്ടരുടെയും സംയുക്ത സംരംഭമായി യുഎൽ കെയർ നായനാർ സദനം സ്ഥാപിക്കപ്പെട്ടു.

kids-crisis-2 യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എം.കെ ജയരാജ്, മാനേജർ എ. അഭിലാഷ് ശങ്കർ, യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ പി. തങ്കമണി (രണ്ടാം നിരയിൽ 3,4,5) എന്നിവർക്കൊപ്പം കുട്ടികളും പരിശീലകരും

‘‘ബൗദ്ധികമായും വളര്‍ച്ചാപരവുമായുമുള്ള ഭിന്നശേഷിയുടെ കീഴിൽ ഓട്ടിസം, ഡൗൺ സിൻഡ്രം, സെറിബ്രൽ പാൾസി, മാനസിക വളർച്ചക്കുറവ്, പഠനവൈകല്യം തുടങ്ങി പലവിധ പ്രശ്നങ്ങളുള്ളവർ ഉൾപ്പെടുന്നുണ്ട്.

പലവിധത്തിലുള്ള ഭിന്നശേഷിക്കാരിൽ ഏറ്റവും കൂടു തലുള്ളത് ബൗദ്ധിക ഭിന്നശേഷിയുള്ളവരായിരിക്കും. അ തു നിർഭാഗ്യവശാൽ വർധിക്കുന്നു. ഇവർക്കാണെങ്കിലോ സ്വന്തം ആവശ്യങ്ങളും അവകാശങ്ങളും ഉന്നയിക്കാൻ പോലുമാകില്ല. ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന വിഭാഗമാണിത്.

18 വയസ്സുവരെ സ്പെഷൽ സ്കൂളുകളിലും മറ്റും വിട്ടു പഠിപ്പിക്കാനാകുമെങ്കിലും അതു കഴിയുന്നതോടെ ഇവ ർ കുടുംബത്തിനുള്ളിൽ തന്നെ പുറത്തിറങ്ങാനാകാതെ കുടുങ്ങിപ്പോകുന്നു.’’ യുഎൽ ഫൗണ്ടേഷൻ ഡയറക്ടർ ഡോ.എം.കെ. ജയരാജ് പറയുന്നു.

‘‘ഇവരെ മറ്റുള്ളവർക്കും അവർക്കു തന്നെയും ഉതകുന്നവരാക്കി മാറ്റുകയും ബാധ്യതയല്ലാതാക്കി തീർക്കുകയും ചെയ്യുക സമൂഹത്തിന്റെ ആവശ്യമാണ് എന്ന കാഴ്ചപ്പാടിൽ നിന്നാണ് യുഎൽ കെയറിന്റെ കീഴിൽ ട്രെയിനിങ് സെന്ററിന്റെ തുടക്കം.

kids-crisis-1 സർഗശേഷി കരകൗശല വിൽപനശാല

മാനസിക ബുദ്ധിമുട്ടുകൾ, ലൈംഗിക പ്രശ്നങ്ങൾ, സ്വാഭാവ പ്രശ്നങ്ങൾ തുടങ്ങിയ ഇവരുടെ ബുദ്ധിമുട്ടുകൾ പരിശീലനത്തിലൂടെ നിയന്ത്രിക്കുന്നതിനും സ്വാഭാവികമായി മറ്റുള്ളവരോടു പെരുമാറുന്നതിനും തൊഴിൽ ചെയ്യുന്നതിനുമുള്ള പരിശീലനം സൗജന്യമായാണു നൽകുന്നത്. പരിശീലനം സ്ത്രീകൾക്കും പുരുഷന്മാർക്കും നൽകുന്നുണ്ട്.

ആവർത്തന സ്വഭാവമുള്ള സങ്കീർണതകളില്ലാത്ത അ പകട സാധ്യതയില്ലാത്ത ജോലികളാണ് ഇവർക്കു ചെയ്യാനാകുക. രണ്ടു വിധത്തിലാണു പരിശീലനം നൽകുന്നത്. ജോലി ചെയ്യുന്നതിനു വേണ്ടതായ സ്ഥിരത, ആശയവിനിമയം, അച്ചടക്കം, അടിസ്ഥാന കണക്ക്, പണവുമായി ബ ന്ധപ്പെട്ട അടിസ്ഥാന അറിവ് എന്നിവ അടങ്ങിയ പരിശീലനവും ഏതെങ്കിലും പ്രത്യേക ജോലിക്കായുള്ള പരിശീലനവും. പരിശീലനം പൂർത്തിയാക്കിയാൽ അവർക്ക് ഇണ ങ്ങുന്ന ജോലി കണ്ടെത്തി അതതു സ്ഥലങ്ങളിൽ കൂടി പ രിശീലനം നൽകി ജോലി നൽകും.

ഈ കുട്ടികൾ ഏതെങ്കിലുമൊരു കാലത്ത് ജോലി ചെയ്യുമെന്നോ സ്വയംപര്യാപ്തരാകുമെന്നോ ഉള്ള ചിന്ത ര ക്ഷിതാക്കൾക്കോ പൊതുസമൂഹത്തിനോ ഇല്ല. അതുകൊണ്ടു തന്നെ സാധാരണ പരിശീലകർക്ക് ഇവരെ പരിശീലിപ്പിക്കാനാകില്ല. റിഹാബിലിറ്റേഷൻ കൗൺസിൽ ഓ ഫ് ഇന്ത്യയുടെ അംഗീകൃത പരിശീലനം ലഭിച്ച സ്പെഷൽ എജ്യൂക്കേറ്റേഴ്സ് ആണ് ഇവരെ പരിശീലിപ്പിക്കുന്നത്. 25–30 വർഷത്തെ അനുഭവപരിചയമുള്ള ആറു സ്പെഷൽ എജ്യൂക്കേറ്റേഴ്സ് ആണ് ഉള്ളത്. ’’

ജോലി നേടി 115 സ്പെഷൽ അഡൽറ്റ്സ്

‘‘ഡെന്റൽ ക്ലിനിക്കിലേക്കു ബൗദ്ധിക ഭിന്നശേഷിക്കാരനായ രമേഷിനെ ജോലിക്ക് എടുക്കുമ്പോൾ ഡോക്ടർക്ക് അൽപം ഭയമുണ്ടായിരുന്നു. വേണ്ടത്ര വേഗതയിൽ കൃത്യമായി ആ പയ്യനത് ചെയ്യുമോ ? എന്നാൽ ഇന്ന് അവനില്ലാതെ ഡോക്ടർക്കു പറ്റില്ല എന്ന സ്ഥിതിയാണ്. അത്രയ്ക്കുകൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്നു ആ കുട്ടി. പല പ്രൊ സിജ്യറുകളും നടക്കുമ്പോൾ ചോദിക്കും മുൻപേ തന്നെ വേണ്ട ഉപകരണം അവനെടുത്തു നീട്ടിയിട്ടുണ്ടാകും’’ യുഎൽസിസിഎസ് മാനേജർ അഭിലാഷ് ശങ്കർ പറയുന്നു.

‘‘രമേഷിന് ജോലി കിട്ടിയശേഷം രണ്ടു ശസ്ത്രക്രിയകൾ അവന്റെ വീട്ടിലുള്ളവർക്കു വേണ്ടി വന്നു. രണ്ടും രമേഷിന്റെ ഇഎസ്ഐ ഉപയോഗിച്ചാണ് നടന്നത്. ആ കുടുംബം ഒരിക്കലും പ്രതീക്ഷിക്കാത്ത പിന്തുണയാണു രമേഷിലൂടെ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്നത്.

ഫൗണ്ടേഷൻ വഴി ബൗദ്ധിക ഭിന്നശേഷിക്കാരെ ജോലിക്കെടുത്ത തൊഴിൽദാതാക്കളെല്ലാം തന്നെ തൃപ്തരാണ്. ആശുപത്രി, ക്ലിനിക്കുകൾ, ഷോപ്പുകൾ, ഷോപ്പിങ് മാളുകൾ, ഗാർഡനിങ്, ലാബുകൾ, ഹൗസ് കീപ്പിങ് വിഭാഗം പ്ലേ സ്കൂളുകൾ, കാർ വർക്‌ഷോപ്, സൂപ്പർമാർക്കറ്റ്, ബേക്കറി തുടങ്ങിയ ഇടങ്ങളിലാണ് ഇവർ കൂടുതലും ജോലി ചെയ്യുന്നത്. അസിസ്റ്റന്റ് ജോലികൾ ഇവർക്കു നന്നായി ചെയ്യാൻ സാധിക്കും.

കുടുംബത്തിന് തണലായ് അവർ

ഇവരുടെ ശമ്പളം യുഎൽസിസിഎസ് ഫൗണ്ടേഷനും ഇ വരുടെ അമ്മമാരും ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടിലേക്കാണു നൽകുന്നത്. നാലു മുതൽ അഞ്ചു ലക്ഷം രൂപവരെ അക്കൗണ്ടിലുള്ളവർ ഉണ്ട് എന്നതാണ് ഈ പദ്ധതിയുടെ വിജയം.

ഇവരുടെ പണം മറ്റാരും ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനായി ബാങ്കിൽ നിന്നു പണം പിൻവലിക്കണമെങ്കിൽ യുഎൽ കെയർ നായനാർ സദനം പ്രിൻസിപ്പൽ ആവശ്യം ബോധ്യപ്പെട്ടു കത്തു നൽകണം എന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ആവശ്യങ്ങൾ യുഎൽസിസിഎസ്സിന് എഴുതി നൽകി ഉറപ്പാക്കിയാൽ മാത്രമേ ഇവരുടെ സമ്പാദ്യത്തിൽ നിന്നുള്ള പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂ.’’

ഒന്നും ചെയ്യാനാകില്ല എന്നു കരുതിയിരുന്ന കുട്ടികളാണ് ഈ വിധത്തിൽ അദ്ഭുതകരമാംവണ്ണം സ്വയംപര്യാപ്തരാകുന്നതും കുടുംബത്തിന് സഹായമാകുന്നതും. ബൗദ്ധിക ഭിന്നശേഷി എന്ന വെല്ലുവിളി കൂടിവരുന്ന കാലഘട്ടത്തിൽ കേരളം തീർച്ചയായും ഇതു മാതൃകയാക്കേണ്ടതാണ്.

രാഖി റാസ്

ഫോട്ടോ: അരുൺ പയ്യടിമീത്തൽ