Saturday 31 July 2021 11:11 AM IST : By സ്വന്തം ലേഖകൻ

ഉപയോഗിച്ചത് ഉയർന്ന പ്രഹരശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റൾ; മോഷ്ടിച്ചതോ, സൈനികനിൽ നിന്നു വാങ്ങിയതോ ആകാമെന്ന് വിദഗ്ധർ

Manasa-murder-case-4.jpg.image.845.440

കൊച്ചി കോതമംഗലം നെല്ലിക്കുഴിയിൽ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തിൽ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനിൽ നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധൻ. ഇത്തരത്തിലുള്ള തോക്കുകൾ സറണ്ടർ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് എറണാകുളത്ത് ദീർഘ വർഷങ്ങളായി ആർമറി നടത്തുന്നയാൾ പറയുന്നു.

ഉയർന്ന പ്രഹരശേഷിയുള്ള 7.62 എംഎം കാലിബർ പിസ്റ്റളാണ് രഖിൽ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ചിരിക്കുന്നത് എന്നാണ് പൊലീസ് നൽകുന്ന വിവരം. സാധാരണഗതിയിൽ വിപണിയിൽ ലഭ്യമല്ലാത്ത തോക്കാണ് ഇത്. മാത്രമല്ല, സംഭവ സ്ഥലത്തുനിന്നു കണ്ടെടുത്ത തോക്ക് ആദ്യഘട്ട പരിശോധനയിൽ പഴക്കമുള്ളതും പിടി മാറ്റിയിട്ടിട്ടുള്ളതുമാണ് എന്നാണ് മനസിലാകുന്നത്.

ചൈനീസ് പിസ്റ്റളിൽ ഇത്തരത്തിലുള്ള പിടി കണ്ടിട്ടില്ല എന്നതിനാൽ കള്ളത്തോക്കാകുമെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ പിടി ഒഴികെയുള്ള കുഴലും പിസ്റ്റൾ ഭാഗവും കമ്പനി മെയ്ഡാണ് എന്നാണ് മനസിലാകുന്നത്. അതുകൊണ്ടു തന്നെ കള്ളത്തോക്കാണെന്നു കരുതാനാവില്ല. പിടി പൊട്ടിപ്പോയതിനാൽ മാറിയതാകാനാണ് സാധ്യത. എന്നാൽ തോക്ക് നേരിൽ കണ്ടാൽ മാത്രമേ കൃത്യമായി മനസിലാക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു.

മാനസയെ വധിക്കുന്നതിനായി മനപ്പൂർവം സംഘടിപ്പിച്ചതാണ് തോക്കെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. പഴയ തോക്കായതിനാൽ ഇത് നേരായ വഴിയിലൂടെ അല്ലാതെ സംഘടിപ്പിച്ചതിനാണ് സാധ്യത എന്നാണു കരുതുന്നത്. ബാലിസ്റ്റിക് വിദഗ്ധർ പരിശോധിക്കുന്നതോടെ തോക്കിന്റെ നമ്പർ ഉപയോഗിച്ച് ഇത് ആരെങ്കിലും ലൈസൻസ് എടുത്ത് ഉപയോഗിച്ചിരുന്നതാണോ എന്നു വ്യക്തമാകുമെന്നും പൊലീസ് പറയുന്നു.

ഉയർന്ന പ്രഹര ശേഷിയുള്ള തോക്കു ലഭിക്കാൻ നേരത്തെ ഉണ്ടായിരുന്നതു പോലെയുള്ള തടസങ്ങൾ ഇപ്പോഴില്ലെന്നതാണ് വസ്തുത. മുംബൈ ബ്ലാക് മാർക്കറ്റിലൂടെയോ ഡാർക് വെബിലൂടെയോ ഒക്കെ തോക്കു സമ്പാദിക്കാനാകും. 50,000 രൂപയ്ക്കു മുകളിൽ മുടക്കാനായാൽ ഓൺലൈനായി തന്നെ ഇവ വീട്ടിലെത്തുകയും ചെയ്യും. ഈ വഴിക്കൊന്നുമല്ല രഖിലിനു തോക്കു ലഭിച്ചത് എന്നു തന്നെയാണ് പ്രാഥമിക വിലയിരുത്തൽ. അടുത്ത ദിവസങ്ങളിൽ ഇതു സംബന്ധിച്ചു വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:
  • Spotlight