Saturday 11 July 2020 12:07 PM IST : By സ്വന്തം ലേഖകൻ

ഗുരുതര കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് സോറിയാസിസ് മരുന്ന് ഫലപ്രദം; ഉപയോഗിക്കാൻ അനുമതി!

ALT TAG

കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ത്വക്ക് രോഗമായ സോറിയാസിസിന് നൽകുന്ന മരുന്ന് ഉപയോഗിക്കാൻ അനുമതി. മോണോക്ലോണൽ ആന്റിബോഡി ഇൻജക്ഷനായ ഐത്തോലൈസുമാബ്‌ അടിയന്തര ഘട്ടങ്ങളിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. 

കോവിഡ് രോഗികളിൽ ശ്വാസകോശം പ്രവർത്തനരഹിതമാകുന്ന സൈറ്റോക്കിൻ സ്ട്രോക്ക് എന്ന അതിഗുരുതരാവസ്ഥയെ ഫലപ്രദമായി പ്രതിരോധിക്കാനാണ് ഐത്തോലൈസുമാബ്‌ നൽകുന്നത്. ബയോകോൺ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫാർമസിസ്റ്റ് കമ്പനിയുടെ ഉത്പന്നമായ ഐത്തോലൈസുമാബ്‌ സോറിയാസിസ് ചികിത്സയിൽ ഏറെ ഫലപ്രദമായ മരുന്നാണ്.

വിദഗ്ധ കമ്മിറ്റി ക്ലിനിക്കൽ ട്രയലിൽ തൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഐത്തോലൈസുമാബ്‌ കോവിഡ് ചികിത്സയിൽ ഉപയോഗപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഡ്രഗ് കൺട്രോളർ ജനറൽ ഡോക്ടർ വി.ജി. സൊമാനി പറഞ്ഞു. അതേസമയം ഇന്ത്യയിൽ കോവിഡിനെതിരെയുള്ള വാക്സിൻ അടുത്ത വർഷം തുടക്കത്തോടെ മാത്രമേ ലഭ്യമാകുകയുള്ളുവെന്ന് വിദഗ്ധ സംഘം പാർലമെന്റ് സമിതിയെ അറിയിച്ചു. 

ശാസ്ത്ര സാങ്കേതിക വകുപ്പിലെയും ബയോടെക്നോളജി വകുപ്പിലെയും സിഎസ്ഐആറിലെയും മുതിർന്ന ഉദ്യോഗസ്ഥർ, കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പാർലമെന്ററി ശാസ്ത്ര സാങ്കേതിക സമിതിയ്ക്ക് റിപ്പോർട്ട് നൽകിയത്. 

Tags:
  • Spotlight