Saturday 20 October 2018 03:26 PM IST : By സ്വന്തം ലേഖകൻ

താൻ പിറന്ന ഗർഭപാത്രത്തിൽ മകൾക്ക് ജന്മം നൽകി ഒരമ്മ; ഇന്ത്യയിലും ഏഷ്യയിലും ആദ്യ സംഭവം!

baby-pune1

പുണെയിൽ അമ്മയുടെ ഗർഭപാത്രം സ്വീകരിച്ച മകൾക്ക് പെൺകുഞ്ഞ് ജനിച്ചു. താൻ ജനിച്ച ഗർഭപാത്രത്തിൽ നിന്നു കുഞ്ഞിനു ജന്മം നൽകിയ മീനാക്ഷി (27) ആണ് ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യമായി അമ്മയാകുന്നത്. ഏഷ്യയിലും ആദ്യത്തേതാണിത്. ലോകത്തിൽ പന്ത്രണ്ടാമത്തേതും. ഗർഭപാത്രത്തിനു തകരാറുള്ളതിനാൽ കുഞ്ഞുണ്ടാവില്ലെന്നു കണ്ടാണ് അമ്മയുടെ ഗർഭപാത്രം മീനാക്ഷി സ്വീകരിച്ചത്. മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി 17 മാസം കഴിഞ്ഞാണ് കുഞ്ഞുണ്ടായത്. 31 ആഴ്ചയും 5 ദിവസവും പിന്നിട്ടപ്പോൾ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്തു.

ഇതിനു മുൻപ് സ്വീഡനിൽ ഒൻപതും യുഎസിൽ രണ്ടും കുട്ടികളാണ് ഇങ്ങനെയുണ്ടായിട്ടുള്ളത്. ഗാലക്സി കെയർ ഹോസ്പിറ്റലിലെ ഡോ. ശൈലേഷ് പുന്തംബേക്കറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് ഇന്ത്യയിൽ ഈ ചരിത്രനേട്ടം കൈവരിക്കാനായത്. ലാപ്പറോസ്കോപ്പിക് കാൻസർ ശസ്ത്രക്രിയയിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള ഡോ. ശൈലേഷ് ലാപ്പറോസ്കോപ്പിക് പെൽവിക് സർജറിയിലും ഗൈനക്കോളജിക്കൽ കാൻസർ സർജറിയിലും ലോകമാകെ അറിയപ്പെടുന്ന വിദഗ്ധനാണ്. കാൻസർ ബാധിച്ച ഗർഭാശയം നീക്കുന്നതിനുള്ള അദ്ദേഹത്തിന്റെ രീതി ‘പുണെ ടെക്നിക്ക്’ എന്നാണ് ലോകമാകെ അറിയപ്പെടുന്നത്.