ശരീരം വേദനിക്കുന്നത് ആർക്കാണ് ഇഷ്ടം? മക്കൾ എന്നതിനപ്പുറം അവർക്കും ഒരു വ്യക്തിത്വമുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയണം. മുതിർന്നൊരാൾക്കുള്ള അതേ അമർഷവും രോഷവും തന്നെയാണ് കുട്ടിക്കും ശരീരം നോവിച്ചാൽ തോന്നുക. കുട്ടി എന്തെങ്കിലും തെറ്റ് ചെയ്താൽ അടിക്ക് പകരം പല തരത്തിൽ തെറ്റ് തിരുത്താനോ അത് തെറ്റാണെന്ന് ബോധ്യപ്പെടുത്താനോ ആകും.
എന്തു തെറ്റാണ് ചെയ്തതെന്നും അത് എന്തുകൊണ്ട് ആവർത്തിക്കരുതെന്നും കുട്ടിയെ ബോധ്യപ്പെടുത്തുക. ഉദാഹരണത്തിന് കുട്ടി മറ്റൊരു കുട്ടിയെ മോശം വാക്കുകൾ വിളിക്കുന്നു എന്നു കരുതുക. ‘നിന്നെ അങ്ങനെ വിളിച്ചാൽ നിനക്കും സങ്കടമാകില്ലേ?’ എന്ന് ചോദിക്കാം. ആരോടെങ്കിലും എതിർപ്പുണ്ടെങ്കില്‍ മോശം വാക്ക് പറയാതെയും വിമ ർശിക്കാം എന്നു പറയുക.
ഇതൊക്കെ പറയുമ്പോൾ മാതാപിതാക്കളും പൊട്ടിത്തെറിച്ചാൽ, മോശം വാക്ക് ഉപയോഗിച്ചാൽ പിന്നെ, കുട്ടിയെ ഉപദേശിച്ചിട്ട് കാര്യമില്ലെന്ന് ഓർത്ത് കഴിവതും ശാന്തമായി പെരുമാറുക. കുട്ടി ചോദിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കാനും മറുപടി നൽകാനില്ലാത്തപ്പോഴും ആണ് പല മാതാപിതാക്കളും അക്രമത്തിലേക്ക് നീങ്ങുന്നത്. പലപ്പോഴും ഒരടിയുണ്ടാക്കുന്ന ഭവിഷ്യത്ത് ഒറ്റ ദിവസം കൊണ്ട് തീരില്ല. അതോർത്ത് കാലങ്ങളോളം വിഷമിക്കുന്ന/രോഷം സൂക്ഷിക്കുന്ന കുട്ടികളുണ്ട്.
കുട്ടി തെറ്റ് ആവർത്തിച്ചാൽ ഇന്ന് കുറച്ച് കൂടുതൽ പാത്രങ്ങൾ നീ കഴുകണം. നിന്റെ മുറിയും ഹാളും കൂടി നീ അടിച്ചുവാരി വൃത്തിയാക്കണം എന്ന മറ്റോ ഉള്ള തരത്തിലുള്ള അക്രമരഹിതമായ ശിക്ഷാനടപടിയെടുക്കാം. ഇത് കൂടാതെ എന്തു കൊണ്ടായിരിക്കാം അച്ഛനോ അമ്മയോ താൻ ചെയ്ത കാര്യം തെറ്റാണെന്ന് പറഞ്ഞത് എന്ന് കുട്ടിയോടു തന്നെ ചോദിച്ച് അത് എഴുതി തരാൻ പറയാം. കുട്ടി കൃത്യമായി തെറ്റ് മനസ്സിലാക്കിയെങ്കിൽ ഇനി ആവർത്തിക്കരുതെന്ന് സമാധാനപരമായി ഓർമിപ്പിക്കാം.
മറിച്ച് ‘എന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണ്’ എന്നൊക്കെ കാരണമായി എഴുതിയാൽ അത് തിരുത്തി യഥാർഥ തെറ്റ് പറഞ്ഞു മനസ്സിലാക്കാം. ‘‘നീ എനിക്ക് പ്രിയപ്പെട്ടത് തന്നെയാണ് പക്ഷേ, ഈ ചെയ്ത പ്രവർത്തി തെറ്റാണ്. അതു തിരുത്തി മേലിൽ ആവർത്തിക്കാതെ നോക്കണം.’’ എന്ന തരത്തില്‍ കുട്ടിയോടുള്ള ഇഷ്ടവും തെറ്റിനോടുള്ള അമർഷവും വേർതിരിച്ച് പറഞ്ഞു കൊടുത്തു വേണം മുന്നോട്ടു പോകാൻ.
അല്ലാതെ ചെറിയൊരു തെറ്റ് ചെയ്യുമ്പോഴേക്കും ‘നീയോരു തല്ലിപ്പൊളിയാണ്, നിഷേധിയാണ് എന്ന് പറഞ്ഞ് മോശമായി കുട്ടിയെ ബ്രാൻഡ് ചെയ്യുന്നത് കാലങ്ങളോളം മായാത്ത മുറിവായി മാറുമെന്നോർക്കാം. കുട്ടികളോട് സംസാരിക്കുമ്പോൾ അത് അധികാര സ്വരത്തിലുള്ള വാക്ക് തർക്കമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധ വേണം.

പ്രശംസയല്ല പിശുക്കേണ്ടത്
ചെറിയൊരു തെറ്റ് പോലും തിരുത്താനും അതിന്റെ പേരിൽ കുട്ടിയെ ശിക്ഷിക്കാനും മുതിരുന്ന പല മാതാപിതാക്കളും കുട്ടിയുടെ നന്മയെ പലപ്പോഴും മുഖവിലയ്ക്കെടുക്കാറില്ല. കുട്ടി നല്ല മാർക്ക് വാങ്ങിയാൽ മാത്രം അഭിനന്ദിക്കുന്ന കാര്യമല്ല പറഞ്ഞുവന്നത്.
വഴിയിൽ വീണു കിടന്നൊരു കിളിക്കുഞ്ഞിനെ എടുത്ത് സുരക്ഷിതമായൊരു സ്ഥലത്തേക്ക് നീക്കി വച്ചാൽ, കളിച്ച് അപകടം പറ്റിയ സുഹൃത്തിനു വീട്ടിലേക്ക് പോകാൻ കൈത്താങ്ങു കൊടുത്താൽ, സ്വന്തമായി ഒരു ചെടി നട്ടാൽ, ആരും പറയാതെ തന്നെ ഒരു ചായയുണ്ടാക്കി എല്ലാവർക്കും നൽകിയാലൊക്കെ കുട്ടിയെ അഭിനന്ദിക്കാം. അതൊരു വലിയ ‘സംഭവ’മാണെന്ന തരത്തിലുള്ള അഭിനന്ദനമല്ല മറിച്ച് നല്ലൊരു മനുഷ്യജീവിയായി വളരുന്നതിനാവശ്യമായിട്ടുള്ള പ്രോത്സാഹനമാണ് കൊടുക്കേണ്ടത്.
കുട്ടികളോട് വളരെ സൗമ്യമായി പെരുമാറിയിട്ട് പങ്കാളിയോട് മറ്റൊരു മുഖം കാണിച്ചാൽ ‘പീസ്ഫുൾ പേരന്റിങ്’ പാളിപ്പോകും. ഒരേയാളുടെ രണ്ട് തരം സമീപനം കണ്ടു വളരുന്ന കുട്ടികൾക്ക് മറ്റുള്ളവരെ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നാം. അഭിപ്രായവ്യത്യാസം മാന്യമായി ചർച്ചയിലൂടെ പരിഹരിക്കുന്ന മാതാപിതാക്കളെ കണ്ടുവളരാനുള്ള അവസരമാണ് കുട്ടിക്ക് ആവശ്യം.