രോഗം തളര്‍ത്തി കിടപ്പിലായിട്ടും മനക്കരുത്തുണ്ടെങ്കില്‍ തിരിച്ചുവരാമെന്ന് തെളിയിക്കുകയാണ് പാലക്കാട് കുനിശ്ശേരിയിലെ പുഷ്പാഞ്ജലി. എട്ടാം ക്ലാസില്‍ നട്ടെല്ലിനെ ബാധിച്ച ക്യാന്‍സര്‍ പത്ത് വര്‍ഷം പിന്നിടുമ്പോള്‍ ദൂരേയ്ക്ക് മാറിയെങ്കില്‍ ഈ മിടുക്കിയുടെ മനസാന്നിധ്യത്തിന് വലിയ പങ്കുണ്ട്. വരകളിലൂടെയും വായനയിലൂടെയുമാണ് അതിജീവനം.
തലയാട്ടുകയല്ല രോഗത്തിനോട്. പൊരുതുകയാണ്. പൊരുതി വിജയിച്ചതാണ്. പുഷ്പാഞ്ജലി. രോഗം തളര്‍ത്തിത്തുടങ്ങിയപ്പോഴും ഒറ്റമുറിക്കുള്ളില്‍ ഒതുങ്ങിയില്ല. വരകള്‍ക്കൊപ്പം ചേര്‍ന്ന് ഞാന്‍ പരാജയപ്പെടില്ലെന്ന് മനസിനെ ഉറപ്പിക്കുകയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. തിരിച്ചുവരവില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ ഇടത്ത് നിന്നാണ് പുഷ്പാഞ്ജലിയുടെ മടങ്ങി വരവ്.
കലാരംഗത്ത് മികവോടെ മുന്നേറാന്‍ തുടങ്ങിയ സമയത്താണ് ചലനമില്ലാതെ കിടക്കപ്പായയില്‍ ഒതുങ്ങേണ്ടി വന്നത്. ഊര്‍ജമായുണ്ടായിരുന്നത് ആത്മവിശ്വാസം മാത്രം. നട്ടെല്ലിനെ ബാധിച്ച ക്യാന്‍സറിന്റെ വേദനയില്‍ ഒന്ന് തിരിയാന്‍ പോലും കഴിയാത്ത സമയത്തും പഠനത്തിലും മികവ് കാട്ടാന്‍ പുഷ്പാഞ്ജലിക്കായി.
സ്വയം എഴുന്നേല്‍ക്കാന്‍ പഠിച്ചു. പിച്ചവച്ച് തുടങ്ങി. തനിച്ച് ഒത്തിരി ദൂരം യാത്ര ചെയ്യണം. വീഴ്ച സംഭവിച്ചാല്‍ എഴുന്നേല്‍ക്കും. ആ വീഴ്ചയില്‍ നിന്ന് പാഠം പഠിക്കും. ആത്മവിശ്വാസം നല്‍കുന്ന പുഷ്പാഞ്ജലിയുടെ വാക്കുകള്‍.