Friday 28 February 2020 03:59 PM IST : By സ്വന്തം ലേഖകൻ

കാണാമറയത്തായിട്ട് 10 കൊല്ലം; രാഹുൽ അറിയുന്നുണ്ടോ, അമ്മയും കുഞ്ഞനുജത്തിയും കണ്ണീരോടെ കാത്തിരിപ്പാണ്

rahul-lost

ദേവനന്ദയെന്ന പൊന്നുമോളെ കാണാതായ നിമിഷം മുതൽ ഒരു നെ‍ഞ്ചിടിപ്പായിരുന്നു. ഒടുവിൽ അവൾ ഒരിക്കലും മടങ്ങി വരില്ലെന്നറിഞ്ഞ നിമിഷം ഓരോ അമ്മമാരുടേയും നെഞ്ചു പിടഞ്ഞു. ഇനിയും ഏറെനാൾ ആ കുഞ്ഞുമുഖം ഓരോ മനസുകളേയും അസ്വസ്ഥമാക്കുമെന്ന് ഉറപ്പ്.

കാണാമറയത്തേക്ക് പോയ കുഞ്ഞുങ്ങളെ ഓർത്ത് ഓരോ അമ്മമാരുടേയും നെഞ്ചു വിങ്ങുമ്പോൾ കാത്തിരിപ്പിന്റെ മറ്റൊരു കഥ കൂടി സോഷ്യൽ മീഡിയയെ കണ്ണീരണിയിക്കുകയാണ്. വർഷങ്ങൾക്കു മുമ്പ് കാണാതായ രാഹുലെന്ന പൊന്നുമോനെ ഓർത്ത് നീറി നീറി കഴിയുന്ന അമ്മയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും നിറയുന്നത്. ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്.സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? എന്ന പ്രതീക്ഷയിൽ‌ നെഞ്ചുനീറി ഇപ്പോഴും കാത്തിരിപ്പാണ് മിനി എന്ന അമ്മ. മനോരമയിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ച രാഹുലിന്റെ തിരോധാന വാർത്തകളെ ഉദ്ധരിച്ച് ജിൻഷ ബഷീറാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;

ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. 2005 മേയ് 18 നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേര്‍ന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കൽ‍ പോലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവിൽ‍ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിയ്ക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു.

കാണാതായിട്ടു പത്തുവർഷം കഴിഞ്ഞതിനാൽ‍ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ‍ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾ‍ക്കുണ്ട്. രാഹുൽ‍ ഇപ്പോൾ‍ കാഴ്ചയിൽ‍ എങ്ങനെയായിരിക്കും എന്ന ചിന്തയാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ‍ പ്രേരിപ്പിച്ചത്. സോഷ്യൽ മീഡിയ സജീവമല്ലാതിരുന്ന കാലത്ത് നടന്ന ഈ സംഭവത്തിനെക്കുറിച്ച് എന്തെങ്കിലും സൂചനകൾ നല്കാൻ ആർക്കെങ്കിലും സാധിക്കുമോ?

പോസ്റ്റ് കടപ്പാട്: മനോരമ ഓൺലൈൻ
ഫോട്ടോ കടപ്പാട്: ശിവദാസ് വാസു