Friday 08 January 2021 04:50 PM IST

‘36–ാം വയസിൽ ജീൻസും സ്വിം സ്യൂട്ടുമിട്ട് വിലസിയ ആളാണ്, വിമർശനങ്ങളൊന്നും അവിടെ ഏൽക്കില്ല ഏൽക്കില്ല’: ഫൊട്ടോഗ്രാഫർ പറയുന്നു

Binsha Muhammed

athira-joy

‘ഇത്രയും നാൾ അവൾ എന്റെ ഭാര്യയായി ജീവിച്ചു. അവൾക്ക് അവളുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരങ്ങളാണ് ഇതെല്ലാം. ഇനി അവൾ അവളായി ജീവിക്കട്ടെ, രാജിനിയായി അവൾ തിളങ്ങട്ടെ. രാജിനിയുടെ ഈ മോക്കോവർ ഞാൻ ഇഷ്ടപ്പെടുന്നു, മറ്റാരേക്കാളും. വിമർശകർ എന്തു വേണമെങ്കിലും പറയട്ടെ. ആ ചിത്രങ്ങൾ ഭർത്താവായ എന്നെ അസ്വസ്ഥനാക്കുന്നില്ല.’

പറയുന്നത് രാജിനി ചാണ്ടിയുടെ ഭർത്താവ് വർഗീസ് ചാണ്ടി. രാജിനി ചാണ്ടിയുടെ മേക്കോവർ ചിത്രങ്ങളുടെ പേരിൽ സോഷ്യൽ മീഡിയയുടെ തല്ലു തലോടലും തുടരുമ്പോഴാണ് ഈ കോംപ്ലിമെന്റ്. അതു കിട്ടിയിരിക്കുന്നത് രാജിനിയെ ക്യാമറയ്ക്കു മുന്നിൽ ന്യൂജൻ ലുക്കിലെത്തിച്ച ക്യാമറാവുമൺ ആതിര ജോയിക്ക്. ആതിരയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ ‘കിട്ടാവുന്നതിലും വച്ച് ഏറ്റവും നല്ല വാക്കുകൾ.

‘വയസാം കാലത്ത് ഇതൊക്കെ പറ്റിയ പണിയാണോ എന്നും, പ്രായമാകുമ്പോഴാണോ ഇളക്കം എന്നിങ്ങനെയുള്ള അപശബ്ദങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും മുഴങ്ങി കൊണ്ടേയിരിക്കുന്നു. അറുപതും എഴുപതും കഴിഞ്ഞ നായകൻമാർ ജീൻസിടുമ്പോൾ ‘മാരകം, ഭീകരം’ എന്നിങ്ങനെ വാഴ്ത്തുന്നവരാണ് രാജിനിയുടെ ചിത്രങ്ങൾക്ക് കീഴ കമന്റു വിതറി എത്തുന്നത് എന്നത് മറ്റൊരു വൈരുദ്ധ്യം. സോഷ്യൽ മീഡിയയിലെ ഒറ്റതിരിഞ്ഞ ആക്രമണങ്ങളോടും 75–ാം വയസിൽ രാജിനിയെ ക്യാമറയ്ക്കു മുന്നിലെത്തിച്ച ധൈര്യത്തെക്കുറിച്ചും ആതിര ജോയി ഇതാദ്യമായി ‘വനിത ഓൺലൈനോട്’ മനസു തുറക്കുന്നു.

ബിഗ് ബോസിൽ ബാക്കിവച്ച സ്വപ്നം

ബോൾഡ്, എടുത്തുചാട്ടക്കാരി, മുൻശുണ്ഠിക്കാരി... ഇതൊക്കെയാണ് രാജിനി ചാണ്ടിയെ കുറിച്ചുള്ള ശരാശരി മലയാളിയുടെ കൺസപ്റ്റ്. അവർ അങ്ങനെയല്ല എന്ന് തിരിച്ചറിഞ്ഞ ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ. ഈ ഫൊട്ടോഷൂട്ടോടെ ആ ധാരണ ഒന്നു കൂടി ഊട്ടിയുറപ്പിച്ചു.– ആതിര പറഞ്ഞു തുടങ്ങുകയാണ്.

ഒരു ആഡ് ഷൂട്ടിനിടയിൽ വച്ചാണ് രാജിനി ആന്റിയെ പരിചയപ്പെടുത്തുന്നത്. പുറമേ കാണും പോലെയല്ല, അടുത്താൽ അറിയാം ആ മനസ്. ഒത്തിരി സംസാരിക്കുന്ന ഒരുപാട് തമാശ പറയുന്ന വ്യക്തി. സംസാരത്തിനടയിൽ അവർ ബിഗ് ബോസിനെ കുറിച്ചും വാചാലയായി. ബിഗ് ബോസിൽ നിന്ന് ഔട്ടായതിലെ വിഷമമായിരുന്നു വാക്കുകളില്‍ നിറയെ. ഔട്ടായില്ലായിരുന്നെങ്കിൽ സ്വിം സ്യൂട്ട് ഇടാമായിരുന്നു എന്ന് ആശയോടെ പറയുന്നതു കേട്ടു. അപ്പോൾ ഞാനാണ് പറഞ്ഞത് ബിഗ് ബോസിൽ അവസരം കിട്ടിയില്ലെങ്കിൽ എന്താ... ഞാൻ സ്വിം സ്യൂട്ട് ധരിച്ച് മോഡലിംഗ് ചെയ്യാൻ ഹെൽപ്പ് ചെയ്യാല്ലോ എന്ന് പറഞ്ഞത്. വളരെ കാഷ്വലായി പറഞ്ഞൊരു കാര്യം. പക്ഷേ ഞങ്ങൾ രണ്ടും ഒരു മൊമമന്റിൽ സീരിയസായി എടുത്തു. അവിടെ നിന്നായിരുന്നു ഇന്നീ കാണുന്നതിന്റെ തുടക്കം.

കയ്യടിക്കണം ആ എനർജിക്ക്

ദിവസങ്ങൾ കഴിഞ്ഞ് ഞാൻ ഫൊട്ടോഷൂട്ടിന്റെ കാര്യം പറയുമ്പോൾ പുള്ളിക്കാരി ശരിക്കും ഞെട്ടിപ്പോയി. വേണോ, വേണ്ടയോ എന്ന് കൺഫ്യൂഷനിലായി. ഭർത്താവ് വര്‍ഗീസ് ചാണ്ടിയോട് ചോദിക്കാതെ ഒരു ഫൊട്ടോഷൂട്ടും നടക്കില്ലെന്ന് പുള്ളിക്കാരി പറഞ്ഞു. വീട്ടിലെത്തി അങ്കിളിനെ കണ്ട് തഞ്ചത്തിൽ ഞാൻ കാര്യം അവതരിപ്പിച്ചു. അങ്കിൾ ഡബിൾ ഓകെ. അടുത്തതതായി മകളുടെ ഭർത്താവിനോട് കൂടി ചോദിക്കണമെന്നായി രാജിനി ആന്റി. അവരും ഓരെ ആയിരുന്നു. ഒടുവിൽ പറഞ്ഞ ദിവസം വന്നെത്തി. ടെൻഷനൊക്കെ മാറ്റിവച്ച് ആത്മവിശ്വാസത്തോടെ ആന്റി ക്യാമറയ്ക്കു മുന്നിലെത്തി. ഡെനിം ജാക്കറ്റും ജീൻസ്, ഡെനിം ഷോർട്ട് ജമ്പർ, ഫ്ളോറൽ ലോംഗ് ഗൗൺ, ലോംഗ് ഡ്രസ് വിത്ത് ഷ്രഗ് എന്നിങ്ങനെ വിവിധ ഗെറ്റപ്പുകളിലാണ് ഞങ്ങൾ അവരെ ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. അമ്പരപ്പിച്ച സംഗതിയെന്തെന്നാൽ ഓരോ ഡ്രസിലും അവർ അങ്ങേയറ്റം സ്റ്റൈലും എലഗെന്റുമായി പ്രത്യക്ഷപ്പെട്ടു എന്നതാണ്.

75 വയസുള്ള ഒരു സ്ത്രീയാണ് ഇത്രയും സ്പിരിറ്റോടെ ക്യാമറയ്ക്കു മുന്നിലെത്തുന്നത് എന്നോർക്കണം. എന്റെ അമ്മയ്ക്ക് 65 വയസാകുന്നു. അവർ ഇപ്പോഴും ശാരീരിക അവശതകളോടെ വീട്ടിൽ ഒതുങ്ങിയിരിപ്പാണ്. ആ സ്ഥാനത്താണ് 75 വയസിലും ചുറുചുറുക്കോടെ, ആ വലിയ വീടിന്റെ എല്ലാ കാര്യങ്ങളും മാനേജ് ചെയ്ത് പുള്ളിക്കാരി ഓടിച്ചാടി നടക്കുന്നത്. പോരാത്തതിന് എയറോബിക്സ്, തുന്നൽ തുടങ്ങി സകല കാര്യങ്ങളും മടുപ്പില്ലാതെ അവർ ആവേശത്തോടെ ചെയ്യുന്നു.

ഫൊട്ടോഷൂട്ട് അവസാനിക്കാറായപ്പോൾ ഒടുവിൽ സ്വിം സ്യൂട്ട് ട്രൈ ചെയ്യാനും ഞങ്ങൾ നിർബന്ധിച്ചു, പക്ഷേ രാജിനി ആന്റി സ്നേഹപൂർവം അത് നിരസിച്ചു. അന്നേരം പുള്ളിക്കാരി കംഫർട്ടബിൾ അല്ലായിരുന്നു. ബിഗ് ബോസിന്റെ പേരിൽ പുള്ളിക്കാരിക്ക് ഒരുപാട് ഹേറ്റേഴ്സ് ഉണ്ടെന്നും അവര്‍ തന്റെ ഫോട്ടോകൾ എങ്ങനെ സ്വീകരിക്കും എന്ന ആശങ്കയുണ്ടെന്നും പറഞ്ഞു. ഫൊട്ടോ പുറത്തിറങ്ങിയ രാത്രി 11 മണിക്ക് ശേഷവും എന്നെ വിളിച്ചു.  ഫൊട്ടോസിന്റെ പ്രതികരണം എങ്ങനെയുണ്ടെന്നൊക്കെ ചോദിച്ചു. പ

പിന്നെ സോഷ്യൽ മീഡിയയിലെ വിമർശകരോട് പറയാനുള്ളത്. വയസാംകാലത്ത് ഇതൊക്കെ വേണോ, പ്രായത്തിന്റെ ഇളക്കം എന്നൊക്കെ പറയുന്ന ചേട്ടൻമാരേ.. നിങ്ങളൊക്കെ ജനിക്കാത്ത പ്രായത്തിൽ അതും അവരുടെ 36–ാം വയസിൽ സ്വിം സ്യൂട്ടിട്ട് വിലസിയ ആളാണ് രാജിനി ആന്റി. ഇന്നത്തെ പല നടിമാരും ജീൻസ് എന്ന പേരു പോലും കേൾക്കാത്ത എൺപതുകളിൽ മതിയാവോളം ജീൻസും അണിഞ്ഞ് ആശ തീർത്തിട്ടുണ്ട് അവർ. അതു കൊണ്ട് ഇത്തരം വിമർശനങ്ങളൊന്നും അവിടെ ഏൽക്കില്ല.– ആതിര പറഞ്ഞു നിർത്തി.