Tuesday 07 July 2020 04:49 PM IST : By സ്വന്തം ലേഖകൻ

ആ ഇൻഫോമറെ വിശ്വാസത്തിലെടുത്തു; അൽപമൊന്ന് പാളിയാൽ ജോലിയെ പോലും ബാധിക്കും; എന്നിട്ടും രാമമൂർത്തി ആ റിസ്ക് എടുത്തു

rama-moorthy

കേരളം കണ്ട ഏറ്റവും വലിയ സ്വർണക്കടത്തിന്റെ ചുരുളുകളഴിയുമ്പോൾ അത് പുറംലോകത്തെ അറിയിച്ച ധീരനായ ഉദ്യോഗസ്ഥൻ താരപരിവേഷമൊന്നുമില്ലാതെ തിരശീലയ്ക്ക് അപ്പുറം നിൽക്കുകയാണ്. വാർത്തകളിലോ വാഴ്‌ത്തുപാട്ടുകളിലോ ഇടംപിടിക്കാത്ത രാമമൂർത്തി എന്ന മനുഷ്യനാണ് അധികാര കസേരകളെ പോലും തെറിപ്പിച്ച വലിയ സത്യം മറനീക്കി പുറത്തു കൊണ്ടുവന്നത്.

പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത നിശ്ചയദാർഢ്യമുള്ള ഉദ്യോഗസ്ഥൻ എന്ന നിലയിലാണ് ഈ എയര്‍ കസ്റ്റംസ് കാര്‍ഗോ വിഭാഗം തലവനെ സഹപ്രവർത്തകർ വിശേഷിപ്പിക്കുന്നത്. ഇന്‍ഫോര്‍മര്‍ നല്‍കിയ വിവരത്തിന് പിന്നാലെ രാമമൂർത്തി നടത്തിയ പിഴയ്ക്കാത്ത ചുവടുകളാണ് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥ സ്വപ്‌നാ സുരേഷിനേയും സരിത്തിനേയും കുടുക്കിയത്.

തനിക്ക് വിവരം തന്ന ഇന്‍ഫോര്‍മറെ വിശ്വസിക്കാന്‍ കൂട്ടാക്കിയതും സംശയാസ്പദമായ സാഹചര്യത്തില്‍ വന്ന പെട്ടി പരിശോധിക്കാന്‍ ഉന്നതങ്ങളിലേക്ക് നടത്തിയ ഇടപെടലുകളും നിർണായക ചുവടു വയ്പായി. കഴിഞ്ഞ മാസം 10 ാം തീയതി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ നയതന്ത്രബാഗേജില്‍ സ്വര്‍ണ്ണമുണ്ടെന്ന ഒരു ഇന്‍ഫോര്‍മറുടെ വിവരം വിശ്വസിച്ചായിരുന്നു നീക്കങ്ങള്‍. റിപ്പോര്‍ട്ട് ചെയ്തതില്‍ കവിഞ്ഞ തൂക്കം പെട്ടിക്ക് ഉണ്ടായിരുന്നു. ആസൂത്രിതമായ നീക്കത്തിനൊടുവിൽ 30 കിലോ സ്വർണമാണ് രാമമൂർത്തിയുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് അധികൃതർ കണ്ടെത്തിയത്.

രാജ്യത്തിന്റെ രഹസ്യ സ്വഭാവമുള്ള ഡോക്യുമെന്റ്സുകളാണ് ഡിപ്ലോമാറ്റിക് ബാഗേജ് വിഭാഗത്തില്‍ വരുന്നത്. ഒരു രാജ്യം മറ്റൊരു രാജ്യത്തുള്ള തങ്ങളുടെ എംബസിയിലേക്കോ കോൺസുലേറ്റിലേക്കോ അയയ്ക്കുന്ന ലഗേജിന് ലഭിക്കുന്ന നയതന്ത്ര പരിരക്ഷയാണ് പ്രതികൾ സ്വർണ്ണക്കടത്തിനായി ഉപയോഗിച്ചത്. ഇവ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പിടിച്ചെടുക്കാനോ പരിശോധിക്കാനോ കഴിയില്ല. ആവശ്യമെങ്കിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ വേണം പരിശോധന നടത്താൻ. ലോക്ഡൗണ്‍ സാഹചര്യമായതിനാലും പെട്ടി പൊട്ടിക്കാന്‍ അനുമതി ഇല്ലാത്തതിനാലും ആദ്യം പിടിച്ചു വെച്ചു.

രണ്ടു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കും എന്നതു കൊണ്ടു തന്നെ വലിയ വെല്ലുവിളിയായിരുന്നു രാമമൂർത്തി ഏറ്റെടുത്തിരുന്നത്. എന്തെങ്കിലും തരത്തിൽ പാളിച്ച ഉണ്ടായാൽ തകരുന്നത് ആ ബന്ധമാണ്. അതോടൊപ്പം രാമമൂർത്തിയുടെ ജോലിയേയും ബാധിക്കും. പക്ഷേ ഇന്‍ഫോര്‍മറെ വിശ്വാസത്തില്‍ എടുത്ത രാമമൂർത്തി ഇക്കാര്യത്തില്‍ റിസ്ക്ക് എടുക്കാന്‍ തയ്യാറാകുകയായിരുന്നു. കമ്മീഷണർ വഴി വിവരം രേഖാമൂലം തന്നെ കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തെ ധരിപ്പിച്ചു. കസ്റ്റംസിന്റെ അപേക്ഷ വിശദമായി പരിശോധിച്ച വിദേശകാര്യ മന്ത്രാലയം രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ശനിയാഴ്ച രാത്രി അനുമതി നല്‍കി ഇമെയിൽ സന്ദേശം അയച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരിക്കണം എന്ന നിര്‍ദേശം പാലിച്ച് ഞായറാഴ്ച പെട്ടി പൊട്ടിച്ചപ്പോഴാണ് 15 കോടിരൂപ വിലമതിക്കുന്ന 30 കിലോ സ്വർണം ബാഗില്‍ കണ്ടെത്തിയത്. ബാഗേജിലെ എയർ കംപ്രസർ, ഡോർലോക്കുകൾ, ഇരുമ്പ് ടാപ്പുകൾ എന്നിവയ്ക്കുള്ളിൽ സ്വർണം കുത്തിനിറച്ചിരുന്നു. പെട്ടിയിൽ കണ്ടെത്തിയ പൈപ്പ്, ഡോർലോക്ക്, എയർ കംപ്രസർ എന്നിവയിൽ സിലിൻഡർ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഇതിനൊപ്പം ന്യൂഡിൽസും ബിസ്‌കറ്റുമാണ് ഉണ്ടായിരുന്നത്.

കർമ്മവഴിയിൽ വിട്ടുവീഴ്ചകൾക്ക് ഇടം കൊടുക്കാത്ത രാമമൂർത്തി നേരത്തെ തന്നെ മികച്ച പ്രവര്‍ത്തനം നടത്തിയിട്ടുള്ള ആളാണ്. 93ൽ കസ്റ്റംസില്‍ പ്രിവന്റീവ് ഓഫീസർ ആയി ജോലിയിൽ കയറിയ മൂർത്തി 97കാലഘട്ടത്തിൽ ഡൽഹി എയർപോർട്ടില്‍ ഇങ്ങിനെ അനേകം കള്ളക്കടത്തുകള്‍ പിടിച്ചയാളാണ്. ഡെപ്യൂട്ടേഷനിൽ ഡൽഹിയിൽ എത്തിയ ശേഷം നടത്തിയ സ്വർണവേട്ട, മയക്കുമരുന്ന് വേട്ട എന്നിവയെല്ലാം ഇതില്‍ പെടുന്നു. കൊച്ചിയിൽ വോൾവോ ബസുകളിലെ കള്ളക്കടത്തിനും തടയിട്ടു. പ്രമുഖ കമ്പനികളുടെ ബസുകളെ പോലും തടഞ്ഞു പരിശോധിച്ച് നികുതി വെട്ടിച്ച സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഒക്കെ പിടികൂടിയിരുന്നു. റവന്യൂ ഇന്റലിജൻസിലും സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിരുന്നു. ഡി ആർ ഐ യിൽ ഇരിക്കെ ഉന്നത ബന്ധമുള്ള പല സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും തുമ്പുണ്ടാക്കി. നയതന്ത്ര ബാഗേജ് വഴി നടത്തിയ സ്വര്‍ണ്ണം പിടികൂടാന്‍ കഴിഞ്ഞത് അദ്ദേഹത്തി​ന് മറ്റൊരു നേട്ടമായി മാറിയിട്ടുണ്ട്. മുമ്പും ഇതേ ഇൻഫോർമർ കസ്റ്റംസിനെ സഹായിച്ചിട്ടുണ്ടെന്നാണ് വിവരം.