Friday 28 September 2018 03:48 PM IST : By സ്വന്തം ലേഖകൻ

‘വാട്ട് ആൻ ഐഡിയ സർജീ...’; വി.ഐ.പികളൊക്കെ ഇനി റേഷൻ കടയിൽ ക്യൂ നിൽക്കും

ration

കാക്കനാട് ∙ റേഷൻ വാങ്ങാത്ത വിഐപികളെ റേഷൻ കടകളിലേക്ക് ആനയിക്കാനുള്ള വഴി ആലോചിക്കുകയാണു സപ്ലൈ വകുപ്പ്. നാട്ടിലെ പ്രമാണിമാർ പതിവായി റേഷൻ വാങ്ങുന്നുണ്ടെന്നറിഞ്ഞാൽ കൂടുതൽ സാധാരണക്കാർ റേഷൻ കടകളിലെത്തുമെന്ന വിലയിരുത്തലാണ് ഇതിനു പിന്നിൽ. ആദ്യഘട്ടത്തിൽ സ്വന്തം നാടായ ചേന്ദമംഗലത്ത് ഇതിനു തുടക്കം കുറിക്കാനാണു ജില്ലാ സപ്ലൈ ഓഫിസർ ബെന്നി ജോസഫിന്റെ തീരുമാനം. 

റേഷൻ വാങ്ങാത്ത പ്രമുഖരെ കണ്ടെത്തി റേഷൻ വാങ്ങാൻ പ്രേരിപ്പിക്കുക, ഇവർ റേഷൻ വാങ്ങുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചു കൂടുതൽ പേരെ റേഷൻ കടകളിലെത്തിക്കുക, റസിഡന്റ്സ് അസോസിയേഷനുകളുടെയും തദ്ദേശ സ്ഥാപന അംഗങ്ങളുടെയും സഹകരണത്തോടെ കാർഡുടമകളെ ബോധവൽക്കരിക്കുക തുടങ്ങിയവാണു പരിപാടികൾ.

കൂടുതൽ ജനകീയവൽക്കരിച്ചു റേഷൻ കടകൾ സജീവമാക്കിയില്ലെങ്കിൽ റേഷനിങ് സമ്പ്രദായം കാലക്രമേണ ഇല്ലാതാകുമെന്ന ആശങ്കയാണ് ഇത്തരം പരിപാടികൾക്കു പ്രേരണയെന്നു ജില്ലാ സപ്ലൈ ഓഫിസർ പറഞ്ഞു. താഴെത്തട്ടിലുള്ളവരും ഇടത്തട്ടുകാരുമാണു റേഷൻ വാങ്ങാനെത്തുന്നവരിൽ കൂടുതലും. ഇവരിൽ തന്നെ പലരും സ്ഥിരമായി റേഷൻ വാങ്ങുന്നവരല്ല. ഉയർന്ന വരുമാനക്കാരിൽ ഭൂരിഭാഗവും റേഷൻ വാങ്ങാൻ കൂട്ടാക്കുന്നില്ല. റേഷൻ വാങ്ങൽ കുറച്ചിലായി കാണുന്നവരുമുണ്ട്. റേഷൻ കടകളിൽ നിന്നു ലഭിക്കുന്ന സാധനങ്ങളെക്കുറിച്ചും ഇതിന്റെ 

വിലയെക്കുറിച്ചും അറിവില്ലാത്തവരാണു റേഷൻ കടകളിൽനിന്ന് അകന്നു നിൽക്കുന്നവരിൽ കൂടുതലും. വിപണിയിൽ കിട്ടുന്നതിന്റെ നാലിലൊന്നു വിലയ്ക്കു ഭക്ഷ്യധാന്യം റേഷൻ കടയിൽ തങ്ങൾക്കും ലഭിക്കുമെന്നറിയാവുന്ന മുന്തിയ വരുമാനക്കാർ കുറവാണ്. 

റേഷൻ കടകളിൽ കിട്ടുന്നവ

∙ എപിഎൽ (മുൻഗണനേതര നോൺ സബ്സിഡി വിഭാഗം) കാർഡുടമകൾക്ക് 9.90 രൂപ നിരക്കിൽ അരി. 7.70 രൂപയ്ക്കു ഗോതമ്പ്. 16 രൂപ നിരക്കിൽ ഫോർട്ടിഫൈഡ് ആട്ട. 28 രൂപ നിരക്കിൽ മണ്ണെണ്ണ. (ഓരോ മാസവും ലഭിക്കുന്ന റേഷൻ സാധനങ്ങളുടെ അളവ് വ്യത്യസ്തം). 

∙ ബിപിഎൽ (മുൻഗണനാ വിഭാഗം) കാർഡുടമകൾക്ക് ഓരോ അംഗത്തിനും നാലു കിലോഗ്രാം അരിയും ഒരു കിലോഗ്രാം ഗോതമ്പും. വില കിലോഗ്രാമിനു ഒരു രൂപ. 

∙ മുൻഗണനേതര സബ്സിഡി വിഭാഗം കാർഡുടമകൾക്ക് ഓരോ അംഗത്തിനും രണ്ടു കിലോ അരി വീതം മൂന്നു രൂപ നിരക്കിൽ. മൂന്നു കിലോ ഫോർട്ടിഫൈഡ് ആട്ട 16 രൂപ നിരക്കിൽ. 

∙ എഎവൈ കാർഡുടമകൾക്ക് 30 കിലോഗ്രാം അരിയും അഞ്ചു കിലോഗ്രാം ഗോതമ്പും സൗജന്യം.  

More