Thursday 06 August 2020 10:01 AM IST : By സ്വന്തം ലേഖകൻ

രേവതിന്റെ നൻമയ്ക്ക് പകരം കിട്ടിയത് ചതി! ഓട്ടോറിക്ഷ ഡ്രൈവറെ പറ്റിച്ചയാളെക്കുറിച്ച് സൂചന

revath-babu

തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഓട്ടം വിളിച്ച് പണം നല്‍കാതെ ഓട്ടോറിക്ഷ ഡ്രൈവറായ തൃശൂർ സ്വദേശി രേവത് ബാബുവിനെ പറ്റിച്ച സംഭവത്തിൽ തിരുവനന്തപുരം ഉദയംകുളങ്ങര സ്വദേശിയായ യുവാവാണ് പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ വേഗം പിടികൂടാന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

അമ്മ മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓട്ടം വിളിച്ചത്. രാത്രിയില്‍ ബസില്ലാത്തതിനാല്‍ എത്രയും വേഗം നാട്ടില്‍ എത്തണമെന്നായിരുന്നു യുവാവിന്റെ അപേക്ഷ.

കരഞ്ഞു കൊണ്ടുള്ള യുവാവിന്റെ പറച്ചില്‍ കേട്ടപ്പോള്‍ ഓട്ടോ ഡ്രൈവര്‍ വിശ്വസിച്ചു. അങ്ങനെയാണ്, കടം വാങ്ങിച്ച പണം കൊണ്ട് ഓട്ടോയില്‍ ഡീസല്‍ അടിച്ച് തിരുവനന്തപുരത്തേയ്ക്കു പോയത്. വഴിമധ്യേ പരിചയക്കാരനില്‍ നിന്ന് രേവത് ബാബു വാങ്ങിയ ആയിരം രൂപയും തട്ടിയെടുത്തു. പെങ്ങളുടെ ഭർത്താവ് വന്നാല്‍ ഉടന്‍ പണം തരാമെന്ന് പറഞ്ഞ് തിരുവനന്തപുരത്ത് തൈക്കാട് ഇറങ്ങി.

ഏറെ നേരം കഴിഞ്ഞിട്ടും ആള്‍ മടങ്ങി വന്നില്ല. അങ്ങനെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ആശുപത്രിയുടെ സമീപത്തെ സിസിടിവി കാമറയില്‍ നിന്ന് തട്ടിപ്പുകാരന്റെ ചിത്രം കിട്ടി. ഈ ചിത്രം പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് പ്രതിയെക്കുറിച്ച് സൂചന നൽകിയത്.