Thursday 30 December 2021 11:26 AM IST : By സ്വന്തം ലേഖകൻ

വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കാൻ കാട്ടുപന്നി; മൽപിടിത്തത്തിലൂടെ രക്ഷിച്ച് പതിനൊന്നുകാരൻ, സൂപ്പർതാരമായി റോബിൻ

robinnnnn

വീട്ടിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കാൻ എത്തിയ കാട്ടുപന്നിയെ തുരത്തി രക്ഷകനായി പതിനൊന്നുകാരൻ. കോഴിക്കോട് കൂനംവെള്ളികാവ് മാവുള്ളതിൽ രതീഷിന്റെ മകൻ റോബിൻ (11) ആണ് ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികൾക്കു രക്ഷകനായത്. റോബിന്റെ‌ അമ്മാവൻ രജീഷും ഭാര്യ അതുല്യയും കുഞ്ഞുങ്ങളും വീട്ടിൽ വിരുന്നിന് എത്തിയതായിരുന്നു. രാവിലെ പതിനൊന്നരയോടെ കാട്ടുപന്നി അതിവേഗം വീട്ടിലേക്ക് ഓടിക്കയറി. കുട്ടികളുടെ അമ്മ അതുല്യയും റോബിന്റെ അമ്മ ജിലയും വീടിന് പിൻവശത്തായിരുന്നു. 

വീടിന്റെ മുൻഭാഗത്തുണ്ടായിരുന്ന റോബിൻ വീട്ടിനകത്തേക്ക് കയറിയ പന്നിയെ കുട്ടികളുടെ അടുത്തുനിന്നു മൽപിടിത്തത്തിലൂടെ ഓടിച്ചു. കാട്ടുപന്നി ഓടിപ്പോകാൻ ശ്രമിക്കവേ റോബിന്റെ കാൽമുട്ടിൽ ഇടിച്ചു. ബഹളം കേട്ടു നാട്ടുകാർ ഓടിയെത്തി കാട്ടുപന്നിയുടെ പിന്നാലെ ഓടിയെങ്കിലും പിടികൂടാനായില്ല. പരുക്കേറ്റ റോബിനെ മേപ്പയൂർ പിഎച്ച്സിയിലും പിന്നീട് പേരാമ്പ്ര ഗവ. ആശുപത്രിയിലും എത്തിച്ചു ചികിത്സ നൽകി. കൽപത്തൂർ എയുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് റോബിൻ.

Tags:
  • Spotlight