Tuesday 21 April 2020 04:39 PM IST : By Shyama

അതെ... ഞങ്ങൾ രണ്ടും കല്പിച്ചാണെന്ന്... കോവിഡിനോട് കേരളം; ചികിത്സയ്ക്കായി റോബോട്ടുകളെ ഒരുക്കി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജ്!

robot556fg

ഇതൊരു യുദ്ധമാണ് നമുക്കൊന്നും കേട്ടുകേൾവിയില്ലാത്ത പുതിയൊരു ശത്രുവിനോടുള്ള യുദ്ധം. ഇതിലേക്ക് പുതിയൊരു യുദ്ധമുറയുമായി എത്തുകയാണ് കണ്ണൂരിലെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീറിംഗ് കോളേജ്. കോവിഡ് 19 ബാധിതരെ സഹായിക്കാൻ 'നൈറ്റിങ്ഗേൽ19' എന്ന് പേരിട്ട റോബോട്ടുകളുമായാണ് ഇവരുടെ വരവ്! 25 കിലോയോളം ഒറ്റയടിക്ക് എടുക്കാൻ പറ്റുന്ന റോബോട്ട് കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ള കണ്ണൂരിലെ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് സെന്ററിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു. രോഗികൾക്കുള്ള ഭക്ഷണം, ആവശ്യവസ്തുക്കൾ ഒക്കെ എത്തിക്കുന്നതിനോടൊപ്പം ക്യാമറ വഴി ആരോഗ്യപ്രവർത്തകരുമായി സംസാരിക്കാനുള്ള സംവിധാനവും ഉണ്ട്. റോബോട്ട് നിർമാണത്തിൽ പങ്കാളിയായ വിമൽ ജ്യോതിയിലെ അസ്സോസിയേറ്റ് പ്രൊഫസർ സുനിൽ പോൾ 'വനിത'യോട്...

"ലോക്ക്ഡൗൺ പ്രശ്നങ്ങൾ തുടങ്ങിയപ്പോൾ കോളേജ് അടച്ചു. അതിനടുത്ത ദിവസം കോളേജ് മാനേജ്മെന്റിന്റെ ഒരു ഓൺലൈൻ മീറ്റിംഗ് വിളിച്ചു. കോളേജ് ചെയർമാൻ പാംബ്ലാനി പിതാവ്, മാനേജർ ജെയിംസ് ചെല്ലംകോട്ടച്ചൻ, പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് സർ... മീറ്റിംഗ് കഴിഞ്ഞ് അവർ സ്റ്റാഫിനോട് പറഞ്ഞത് കോവിഡ്19മായി ബന്ധപ്പെട്ട് ഈ സമയത്ത് നമുക്ക് എന്തൊക്ക ചെയ്യാൻ പറ്റുമോ അത്തരം പ്രൊജക്റ്റുകൾ നോക്കണം എന്നാണ്. ഉടനെ റിസർച്ചിന്റെ ഡീൻ ഡോ. ടി. ഡി. ജോൺ സാറിന്റെ നേതൃത്വത്തിൽ ഒരു ടീം ഉണ്ടാക്കി, മെക്കാനിക്കലിന്റെ എച്‌.ഒ.ഡി. രാജു കെ.കുരിയാക്കോസ്, ഞാൻ, ഡോ. സമ്പത് കുമാർ (ഇൻസ്ട്രുമെന്റഷൻ), സരിൻ (എലെക്ട്രിക്കൽ)... ഇത്രേം പേരായിരുന്നു അതിൽ. ഞങ്ങൾ മുൻപേ പല പ്രൊജക്റ്റിനായുള്ള ഫണ്ടിന് അപ്ലൈ ചെയുകയും റിസർച്ച് ചെയ്യ്യുകയും കുട്ടികളെ കൊണ്ട് ഇത്തരം പ്രൊജക്റ്റുകൾ ചെയ്യിച്ചിരുന്നതുമാണ്. ആ സമയത്ത് ആദ്യമുണ്ടായിരുന്ന ന്യൂസ്‌ ഒക്കെ വെന്റിലേറ്ററിനെ കുറിച്ചായിരുന്നു. ഞങ്ങൾ അതു വെച്ചാണ് തുടങ്ങിയത്. എന്നിട്ട് തലശ്ശേരി ഇന്ദിരഗാന്ധി ഹോസ്പിറ്റലിലും മറ്റും പോയിട്ട് ഡോക്ടർ മാരുടെ ഫീഡ്ബാക്ക് എടുത്തു. അങ്ങനെ വെന്റിലേറ്ററിന്റെ ജോലി ഗവണ്മെന്റിന്റെ അനുവാദം വാങ്ങി തന്നെ ഒരു ഭാഗത്ത്‌ നടന്നു. അതുകഴിഞ്ഞ് കണ്ണൂർ അഞ്ചരക്കണ്ടിയിലെ ആശുപത്രിയിൽ പോയി. അവിടെയാണ് കണ്ണൂരിൽ നിന്നും കാസറഗോഡുനിന്നുമുള്ള ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത്...അവർക്കിതിന്റെ ആവശ്യമുണ്ടോ എന്നൊക്ക അറിയാൻ ചെന്നപ്പോഴാണ് മനസിലായത് അവർക്ക് ആവശ്യം വെന്റിലേറ്റർ ആയിരുന്നില്ല....

അങ്ങനെയാണ് യന്ത്രമനുഷ്യരിലേക്ക് എത്തുന്നത്

അവിടെയുള്ള ഇത്രയധികം രോഗികൾക്ക് രാവിലെയും ഉച്ചയ്ക്കും വൈകീട്ടും ഭക്ഷണം കൊടുക്കണം. അതുപോലെ രണ്ട് തവണ ചായയോ കാപ്പിയോ ഫ്രൂട്ട്സോ കൊടുക്കണം, അങ്ങനെ 6 തവണ എങ്കിലും രോഗികൾക്കടുത്തേക്ക് പോകേണ്ടി വരും. ഓരോ തവണ പോകുമ്പോഴും പിപിഇ കിറ്റ് ഇടണം.ഇതിടാൻ തന്നെ 10മിനിറ്റ് വേണം. അതുമാത്രമല്ല, ഭക്ഷണം കൊണ്ട് പോകുന്നത് മെഡിക്കൽ ടീം തന്നെ അല്ല, കാന്റീനിലെ ജീവനക്കാരാണ്. അവർക്ക് ഇതിനെ കുറിച്ചൊന്നും അത്ര ധാരണ കാണില്ല കൂടാതെ പലർക്കും പേടിയുമുണ്ട്. ഇതല്ലാതെ ഇടക്ക് ഒരു രോഗി ഒരു പേന ചോദിച്ചാൽ പോലും ഇവര് ഈ സ്യുട്ട് ഇട്ട് വേണം പോകാൻ.

ഇങ്ങനൊരു പ്രശ്നത്തിന് എന്തേലും പരിഹാരം കാണാൻ പറ്റുമോ എന്നാണ് അവിടുത്തെ നോഡൽ ഓഫീസർ ഡോ.അജിത് കുമാർ ചോദിച്ചത്‌. അതിന് ഞങ്ങൾക്ക് ആകെ ചെയ്യാൻ പറ്റുന്ന പരിഹാരം റോബോട്ട് ഉണ്ടാക്കലായിരുന്നു. മത്സരങ്ങൾക്ക് വേണ്ടി കുട്ടികളെ ഞങ്ങൾ ഇന്ത്യക്കകത്തും പുറത്തും കൊണ്ട്പോകാറുണ്ട്, അതിന്റെ ഭാഗമായി റിമോട്ട് കൊണ്ട് പ്രവർത്തിക്കുന്ന റോബോട്ടുകളെ ഉണ്ടാക്കി പരിചയവുമുണ്ട്. അതൊക്ക പക്ഷേ, ഒരു കിലോ ഒക്കെ മാത്രം ഭാരം എടുക്കാൻ പറ്റുന്നവയായിരുന്നു. ഇതിനു വേണ്ടി ആദ്യമുണ്ടാക്കിയത് 5 കിലോ എടുക്കാൻ ഡിസൈൻ ആണ്. 4 ദിവസം കൊണ്ട് ആദ്യത്തെ പ്രോട്ടോടൈപ്പ് ഉണ്ടാക്കി. അതുമായി ആശുപത്രിയിൽ തിരികെ പോയി ഡെമോ കാണിച്ചു. നമ്മൾ വിചാരിക്കുന്ന പ്രശ്നങ്ങൾ ആയിരിക്കില്ല ഇത് നിത്യേന ഉപയോഗിക്കുന്നവർ പറയുന്നത്. അവർ ചില കാര്യങ്ങൾ പറഞ്ഞു. ലോഡ് എടുക്കുന്നത് കുറവാണെന്നു അന്നേ തന്നെ മനസിലായി. അവിടുത്തെ രോഗികളുടെ എണ്ണം വെച്ചു നോക്കുമ്പോൾ 5കിലോ കൊണ്ട് ഒരു സമയം നാലോ അഞ്ചോ പേർക്ക് മാത്രമേ സേവനം എത്തിക്കാൻ പറ്റൂ. അതുകൊണ്ടു ഞങ്ങൾ 25കിലോ ഭാരം എടുക്കാൻ പറ്റുന്ന തരത്തിൽ ഡിസൈൻ പുതുക്കി. കൂടാതെ രോഗികൾക്ക് ഡോക്ടർമാരുമായി സംസാരിക്കാനുള്ള അവസരം ക്യാമറ ഘടിപ്പിച്ച് ഉണ്ടാക്കി. റൂമിൽ തനിച്ചു കഴിയുന്ന രോഗികൾക്ക് അത്‌ വലിയ ആശ്വാസമായി. ഡോക്ടർമാരെ ഇത് ഉപയോഗിക്കാൻ പരിശീലിപ്പിച്ചു രണ്ട് റോബോട്ടുകൾ കൈമാറിക്കഴിഞ്ഞു. ബാറ്ററി ഒരു ദിവസം നിൽക്കും, രാത്രി ചാർജ് ചെയ്താൽ മതി. ഇതിന്റെ ഡോക്യൂമെന്റഷന് വേണ്ടി മെക്കാനിക്കൽ വിഭാഗത്തിലെ ഡാനിയേൽ പോൾ, അമൽ ബാബു, എലെക്ട്രിക്കലെ നോയൽ ജോസ് എന്നിവരാണ് സഹായിച്ചത്. കുട്ടികളൊക്കെ വീട്ടിൽ തന്നെ ആയതുകൊണ്ട് കൂടുതൽ പേരെ ഉൾപ്പെടുത്താനും പറ്റില്ല...

തുടക്കത്തിൽ ഫണ്ട്‌ കോളേജ് തന്നു. പിന്നെ ലാബിലെ ഉപകരണങ്ങൾ എല്ലാം ഉപയോഗിക്കാനും അനുമതി തന്നിരുന്നു. രണ്ട് റോബോട്ടുകൾ കൂടി നിർമിക്കാൻ കേന്ദ്ര ഫണ്ടിനായി അപേക്ഷിച്ചിരുന്നു, ഏകദേശം അനുമതിയായിട്ടുണ്ട്. ഇന്ന് പുതിയ മൂന്നെണ്ണത്തിന്റെ കൂടി ജോലി തുടങ്ങി.

ഇനി തലശ്ശേരി, കണ്ണൂർ ജനറൽ ഹോസ്പിറ്റലുകൾ; പരിയാരം, കാസർഗോഡ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ കൊടുക്കാനുള്ള സ്പോൺസർമാരെ തേടിക്കൊണ്ടിരിക്കുന്നു...

നമുക്ക് എടുക്കാം, കൊടുക്കാം...ഒരുമിച്ചു നിൽക്കാം

അജിത് ഡോക്ടർ തുടക്കം മുതലേ നല്ല സപ്പോർട്ട് ആയിരുന്നു, ആരോഗ്യ വകുപ്പിൽ നിന്നും നല്ല സഹകരണം കിട്ടി. ഞങ്ങൾക്ക് പ്രോട്ടോടൈപ്പ് ഉണ്ടാക്കി അത്‌ പ്രവർത്തന മോഡൽ ആക്കാൻ കൊച്ചിയിലെ സൃഷ്ടി റോബോട്ടിക്‌സ് പ്രൈവറ്റ് ടെക്നോളജി എന്നൊരു കമ്പനിയുടെ സഹായമുണ്ട്. ഈ കോളേജിലെ തന്നെ കുട്ടികൾ തുടങ്ങിയതാണ്. ഇന്ത്യയിലെ 10 മോസ്റ്റ്‌ പ്രോമിസ്ഡ്‌ റോബോട്ടിക്‌സ് കമ്പനികളിൽ ഒന്നാണ് അത്‌.

പഠിപ്പിക്കലാണ് ഞങ്ങളുടെ തൊഴിൽ അതുകൊണ്ട് തന്നെ അടുത്ത അധ്യയനവർഷം ആയിരം കുട്ടികളെ തെരഞ്ഞെടുത്തിട്ട് (പല സ്കൂളുകളിൽ നിന്നും കോളേജിൽ നിന്നും) അവരെ ഇതുണ്ടാക്കുന്ന കോഴ്സ് പഠിപ്പിക്കാനുള്ള പദ്ധതിയുണ്ട്. ഇനിയൊരു സാഹചര്യം വന്നാൽ വിമൽ ജ്യോതി മാത്രമല്ല മറ്റുപലരും ഒപ്പമുണ്ടാകണം എന്നാണ് ആഗ്രഹം.

റോബോർട്ടുകൾക്ക് ആവശ്യക്കാർ വന്നാൽ ഇന്ത്യയുടെ മറ്റുഭാഗത്തേക്കും 30 ദിവസം കൊണ്ട് 100 റോബോർട്ടുകൾ ഉണ്ടാക്കി കൊടുക്കാൻ ഇന്നത്തെ നിലക്ക് ഞങ്ങൾക്ക് പറ്റും. ഡോക്ടർമാർക്കും നഴ്സ്സുമാർക്കും രോഗം പകരുന്ന സാഹചര്യത്തിൽ രോഗികളും ആരോഗ്യപ്രവർത്തകരുമായുള്ള സമ്പർകം ഇതുവഴി കുറക്കാം.

പിപിഇ കിറ്റുകൾ കിട്ടാനും ബുദ്ധിമുട്ട് ഉണ്ട്.ചൈനയിൽ നിന്ന് നമ്മൾ ഇറക്കുമതി ചെയ്യുന്നവയിൽ 5ലക്ഷം ഇറക്കിയിട്ട് അതിൽ 2ലക്ഷം ടെസ്റ്റ്‌ ചെയ്തപ്പോൾ അറുപത്തിനായിരത്തോളം ഡാമേജ് ഉള്ളവയുണ്ടെന്ന് കേൾക്കുന്നു. ഒരു കിറ്റിന് 1500 രൂപ വിലയുണ്ട്. അങ്ങനെ നോക്കിയാൽ റോബോട്ട് ഉപയോഗം കോസ്റ്റ് സേവിങ്ങ് കൂടി ആണ്. സേഫ് ആണ്.

ഞങ്ങൾ ഒരു ഓൺലൈൻ കോഴ്സ് ഇതിനൊപ്പം തയ്യാറാക്കുന്നുണ്ട്. കുറച്ച് എഞ്ചിനീയറിങ്ങ് അറിയാവുന്ന ഇന്ത്യയിൽ എവിടെയുള്ളവർക്കും ഇത് കണ്ട് പഠിക്കാം, ഇതുപോലെ ഉണ്ടാക്കാം. ഇപ്പോഴല്ലേ നമ്മൾ അങ്ങോടും ഇങ്ങോടും ഒക്കെ സഹായിക്കേണ്ടത് അതുകൊണ്ട് ഞങ്ങളുടെ കൈയിലുള്ളത് ഞങ്ങൾ എല്ലാവർക്കുമായി കൊടുക്കുന്നു...

Tags:
  • Spotlight