Wednesday 10 October 2018 03:57 PM IST : By സ്വന്തം ലേഖകൻ

'എന്റെ അച്ഛൻ രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു; അവിടെ ധര്‍മ്മമേ നടക്കൂ...'

yesudas-swamy-ayyappan

"ഹരിവരാസനം വിശ്വമോഹനം ഹരിദധിശ്വരം ആരാദ്ധ്യപാദുകം...", കേരളം മുഴുവൻ ശാസ്താവിനെ പാടിയുറക്കുന്ന അസാധ്യമായ സംഗീതം. ഹരിവരാസനം കേൾപ്പിക്കാതെ കേരളത്തിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ നടയടയ്‌ക്കുന്ന പതിവില്ല. അങ്ങേയറ്റം ഭക്തിസാന്ദ്രമായ ഈ ഗാനം പാടിയിരിക്കുന്നത് നമ്മുടെ പ്രിയഗായകൻ യേശുദാസാണ്. അയ്യപ്പ സ്വാമിയുടെ ഏറ്റവും വലിയ ഭക്തനും അദ്ദേഹം തന്നെയെന്ന് നിസ്സംശയം പറയാം. കല്ലും മുള്ളും കാലുക്ക് മെത്തയാക്കി എത്രയോ തവണ അദ്ദേഹം ശബരിമല ചവിട്ടിയിരിക്കുന്നു.

പുണ്യഭൂമിയായിരുന്ന ശബരിമല ഇന്ന് വിവാദ ഭൂമിയാണ്. സ്വാമിയുടെ പേരില്‍ ഇപ്പോള്‍ നടക്കുന്ന ഈ കോലാഹലങ്ങള്‍ക്കിടെ യേശുദാസിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. സൂര്യ ഫെസ്റ്റിവലിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നുപറഞ്ഞത്. "സാക്ഷാല്‍ ധര്‍മ്മശാസ്താവാണ് ശബരിമലയില്‍ ഇരിക്കുന്നത്. അതുകൊണ്ടുതന്നെ ധര്‍മ്മമേ അവിടെ നടക്കൂ. കണ്ണടച്ചിരിക്കുന്ന ഭഗവാന്റെ നെറ്റിയില്‍ നിന്നും വരുന്ന ഒരു പ്രകാശം മാത്രം മതി ഈ ലോകത്തെ ആട്ടാനും നിലനിര്‍ത്താനും. ഒരേ ഒരു പ്രാര്‍ത്ഥനയേയുള്ളൂ. ആര്‍ക്കും ഒരാപത്തും വരാതിരിക്കട്ടെ."- സ്വാമിയേ ശരണമയ്യപ്പ എന്ന ശരണം വിളിയോടെയാണ് അദ്ദേഹം സദസ്സിനോട് വിശദീകരിച്ചത്.

"എന്റെ അച്ഛൻ രഹസ്യമായി 41 ദിവസം കഠിനവ്രതമെടുത്ത് ശബരിമലയില്‍ പോയിരുന്നു. അമ്മ പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ല. രണ്ടു വര്‍ഷം മുന്‍പ് അച്ഛനെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയ പുസ്തകത്തിലാണ് 1947 ല്‍ അച്ഛന്‍ വ്രതം നോറ്റ് ശബരിമലയിൽ പോയ കാര്യം പറയുന്നത്. ആ പുസ്തകം വായിച്ചപ്പോഴാണ് ഞങ്ങള്‍ ഇക്കാര്യം അറിയുന്നത്. എന്റെ അച്ഛനാണ് സിനിമയില്‍ അയ്യപ്പ ഭക്തിഗാനം ആദ്യം പാടിയ വ്യക്തി. പിന്നീട് എന്നെക്കൊണ്ട് ഹരിവരാസനം പാടിച്ചു. ഇതൊന്നും കൈക്കൂലി കൊടുത്തതല്ല. എന്റെ അച്ഛന്റെ നക്ഷത്രം ഉത്രമാണ്. എന്റെ കൊച്ചുമകള്‍ ഉത്രം. അനിയന്റെ നക്ഷത്രം ഉത്രം. ഇതിനപ്പുറത്ത് എന്തുവേണം?"-  യേശുദാസ് ചോദിക്കുന്നു.