‘‘ഇതുപോലൊരു കുട്ടിയുടെ ഏറ്റവും നല്ല തെറപിസ്റ്റ് അമ്മ തന്നെയാണ്. പ്രത്യേകിച്ച് സ്പീച്ച് തെറപ്പിസ്റ്റ്. അതുകൊണ്ട് മോളോട് നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുക. നിരീക്ഷിക്കുക, അവരുടെ രീതികൾ മനസ്സിലാക്കി ആവശ്യമായ പരിശീലനങ്ങൾ നൽകുക. തീർച്ചയായും മാറ്റമുണ്ടാകും.’’- പതിനാലു വർഷം മുൻപു മോൾക്ക് ഓട്ടിസം സ്ഥിരീകരിച്ചതിനുശേഷം കോഴിക്കോട് ഇംഹാൻസിലെ സൈക്യാട്രിസ്റ്റ് ഡോ. പി. കൃഷ്ണകുമാർ സാർ പറഞ്ഞ വാക്കുകളായിരുന്നു ഇത്.
അന്നുതൊട്ട് ഇന്നോളം ഡോക്ടറുടെ ഈ വാക്കുകൾ അക്ഷരംപ്രതി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. അതിനു ഞാൻ സമർപ്പിച്ചത് എന്റെ ഒരു ദിവസത്തെ 24 മണിക്കൂറുകൾ തന്നെയായിരുന്നു. മോളുടെ മുഴുവൻ സമയ തെറപ്പിസ്റ്റ്. അതിന്റെ നല്ല ഫലങ്ങൾ ഇന്നു ഞാൻ എന്റെ മോളുടെ ജീവിതത്തിൽ കാണുന്നുമുണ്ട്. ഇപ്പോൾ അവൾ 90 ശതമാനം ഒരു സാധാരണ കുട്ടിയെപ്പോലെ തന്നെയാണ്.
എംഎ ഇംഗ്ലിഷിനു പഠിക്കുന്ന സമയത്തായിരുന്നു എന്റെ വിവാഹം. ഭർത്താവ് ഷംസുദ്ദീന് കുവൈത്തിലായിരുന്നു ജോലി. മോൻ അൻഷാദ് ജനിച്ച് ഏഴു വർഷം കഴിഞ്ഞാണ് മോൾ അൻസിയ ഫർഹീൻ ജനിക്കുന്നത്. അവളൊരു അദ്ഭുതക്കുട്ടിയായിരുന്നു. വളരെ നേരത്തേ തന്നെ സംസാരിക്കാനും നടക്കാനും പഠിച്ചു. ഞാൻ താരാട്ടു പാടിക്കൊടുക്കുമ്പോൾ അതിന്റെ വരികൾപോലും അവളുടേതായ രീതിയിൽ പാടുമായിരുന്നു. പക്ഷേ, ഒന്നര വയസ്സോടെ ഇതെല്ലാം അപ്രത്യക്ഷമായി.
അവൾ ഒന്നും പറയാതെയായി. വിളിച്ചാൽ കേൾക്കില്ല. മുഖത്തു നോക്കില്ല. എന്തൊക്കെയോ മാറ്റങ്ങൾ മോൾക്കു സംഭവിക്കുന്നുണ്ടെന്നു മനസ്സിലായി. ഞാൻ മോളെയും കൂട്ടി നാട്ടിലേക്കു വന്നു. കോഴിക്കോടുള്ള ഒരു സൈക്കോളജിസ്റ്റിനെ കാണിച്ചു. മോൾക്ക് ഓട്ടിസമാണെന്ന് അവർ പറഞ്ഞു. ആ വാക്ക് ഞാൻ അന്ന് ആദ്യമായിട്ടാണ് കേൾക്കുന്നത്. പിന്നീട് ഡോക്ടർ കൃഷ്ണകുമാറും ഓട്ടിസം സ്ഥിരീകരിച്ചു.