Monday 14 January 2019 02:14 PM IST : By സ്വന്തം ലേഖകൻ

പത്താം ക്ലാസ് പാസായത് പത്താം വയസില്‍, 16 ല്‍ എഞ്ചിനീയറിങ്ങും കഴിഞ്ഞു; രാജ്യത്തെ മിടുക്കിക്കുട്ടിയായി സംഹിത കാശിഭട്ട!

samhitha-kashi

പത്താം വയസ്സിൽ പത്താം ക്ലാസ് കഴിഞ്ഞു, 16 വയസ്സിലെത്തിയപ്പോൾ എഞ്ചിനീയറായി. തെലുങ്കാനയിൽ നിന്നുള്ള ഒരു മിടുക്കി പെൺകുട്ടിയുടെ വിജയത്തിന്റെ കഥയാണിത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ എഞ്ചിനീയറായി മാറിയിരിക്കുകയാണ് പതിനേഴുകാരി സംഹിത കാശിഭട്ട. 16 വയസ്സിലാണ് സംഹിത ഇലക്ട്രോണിക് എന്‍ജിനീയറിങ് ബിരുദം കരസ്ഥമാക്കിയത്. 

2018 ലെ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റില്‍ (CAT) വിജയിയായിരുന്നു ഈ പെൺകുട്ടി. കാറ്റ് പരീക്ഷാ വിജയിയായ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന ബഹുമതിയും സംഹിത സ്വന്തമാക്കി. ആദ്യ ശ്രമത്തിൽ തന്നെ 95.95 ശതമാനം മാര്‍ക്ക് നേടിയാണ് സംഹിത വിജയിച്ചത്. ഐഐഎമ്മില്‍ എംബിഎ ഫിനാന്‍സാണ് സംഹിതയുടെ അടുത്ത ലക്ഷ്യം.

samhitha3224

നാലാം ക്ലാസ്സിലെ പാഠങ്ങൾ പഠിക്കേണ്ട സമയത്ത് പത്താം ക്ലാസ്സിലെ പാഠങ്ങളായിരുന്നു സംഹിതയ്ക്ക് കൂട്ട്. പത്തിൽ ഉന്നത വിജയം നേടിയതോടെ 12ാം വയസ്സിൽ പ്ലസ്‌ടുവും പാസ്സായി. സാധാരണ വിജയമായിരുന്നില്ല, ഉയർന്ന മാർക്ക് കരസ്ഥമാക്കിയാണ് സംഹിത അഭിമാനനേട്ടം കൈവരിച്ചത്. പത്തില്‍ ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും പത്തില്‍ പത്ത് ഗ്രേഡ് പോയിന്റും പ്ലസ് ടുവിന് 86.6 ശതമാനം മാര്‍ക്കും നേടി.

ചെറിയ കുട്ടിയായിരിക്കുമ്പോൾ തന്നെ ഓര്‍മശക്തിയുടെ കാര്യത്തിൽ മുന്നിലായിരുന്നു സംഹിത. രാജ്യങ്ങളുടെ തലസ്ഥാനവും പതാകകളും മൂന്നാം വയസില്‍ കാണാപ്പാഠമായിരുന്നു. അഞ്ച് വയസുള്ളപ്പോള്‍ ചിത്രങ്ങൾ വരയ്ക്കുകയും ലേഖനങ്ങൾ എഴുതാനും ആരംഭിച്ചു. സൗരയൂഥത്തെ കുറിച്ച് സംഹിത എഴുതിയ ലേഖനം അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ പ്രശംസയേറ്റു വാങ്ങിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയേക്കുറിച്ച് എഴുതിയ ലേഖനത്തിന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും അഭിനന്ദനം അറിയിച്ചിരുന്നു.