Saturday 04 December 2021 03:54 PM IST : By സ്വന്തം ലേഖകൻ

വീട്ടുകാരനെപ്പോൽ ഒപ്പം നിന്നവൻ, ചിതയെരിഞ്ഞപ്പോൾ ചങ്കുനീറി ഒരുനാട്: സന്ദീപിന് കണ്ണീർവിട നൽകി നാട്

sandeep-741

ദുഃഖം തളംകെട്ടി നിൽക്കുകയായിരുന്നു പെരിങ്ങരയിലും പരിസരത്തും. എന്തിനും ഏതിനും ഓടിയെത്തിയിരുന്ന സന്ദീപ് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും മരണത്തിനു കീഴടങ്ങിയത് നാട്ടുകാരിൽ പലർക്കും ഉൾക്കൊള്ളാനായില്ല. താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർ‍ട്ടം കഴിഞ്ഞ സന്ദീപിന്റെ ശരീരം ഏറ്റുവാങ്ങാൻ നൂറുകണക്കിനാളുകളാണ് എത്തിയത്. മന്ത്രി വീണാ ജോർജ്, എംഎൽഎമാരായ കെ.യു.ജനീഷ്കുമാർ, മാത്യു ടി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ മുദ്രാവാക്യം വിളികളോടെയാണ് മൃതദേഹം  ഏറ്റുവാങ്ങിയത്. മൃതശരീരം കണ്ടപ്പോഴേക്കും സന്ദീപിന്റെ ഭാര്യ തളർന്നു വീണു. താലൂക്ക് ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ച സുനിതയെ വൈകുന്നേരത്തോടെയാണ് വീട്ടിലെത്തിച്ചത്. സന്ദീപിന്റെ മൃതശരീരം വീട്ടിലെത്തിച്ചപ്പോഴും നൂറു കണക്കിന് ആളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. 

പാർട്ടിയുടെ ലോക്കൽ സെക്രട്ടറിയായും പഞ്ചായത്ത് അംഗമായും നിറഞ്ഞുനിന്ന സന്ദീപിനെക്കുറിച്ച് രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും നല്ല അഭിപ്രായമായിരുന്നു. നാട്ടിലെ ഏതു ചടങ്ങിലും വീട്ടുകാരനായി ഓടി നടന്നിരുന്ന സന്ദീപിന്റെ ചേതനയറ്റ ശരീരം ചിതയിലേക്ക് എടുത്തപ്പോൾ ദുഃഖം താങ്ങാനാവാതെ അടുപ്പക്കാർ അലമുറയിട്ടു.മരണത്തിനു തൊട്ടുമുൻപ് വരെയും സജീവമായിരുന്നു സന്ദീപ്. നാട്ടിൽ ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട കേസിൽ പുളിക്കീഴ് പൊലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കൊപ്പം പോയ സന്ദീപ് ആ പ്രശ്നം തീർത്ത് തിരികെ വീട്ടിലെത്തിയത് വൈകിട്ടായിരുന്നു. 

വീടിന്റെ തൊട്ടടുത്ത് തോമസ് ചേട്ടന്റെ കടയായിരുന്നു സന്ദീപ് സ്ഥിരമായി എത്തുന്ന ഒരു സ്ഥലം. കൊലപാതകം നടന്ന രാത്രി സന്ദീപിനെയും സുഹൃത്തുകളെയും ഇനി കടയിൽ ഇരിക്കാൻ അനുവദിക്കരുതെന്ന് ജിഷ്ണുവും സംഘവും കടയുടമയെ ഭീഷണിപ്പെടുത്തുകയും കടയിലെ മിഠായി ഭരണികൾ കുത്തിപ്പൊട്ടിക്കുകയും ചെയ്തിരുന്നു. ഈ സമയം 100 മീറ്റർ അകലെ സന്ദീപ് ഉണ്ടായിരുന്നു. പിന്നീട് സംഘം സന്ദീപിന്റെ അടുത്തെത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു.

മരണ കാരണം നെഞ്ചിലേറ്റ മുറിവ്; ആശുപത്രിയിലെത്തിച്ചത് ബൈക്കിൽ

സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി പി.ബി.സന്ദീപ് കുമാറിന്റെ മരണത്തിനു കാരണമായത് നെഞ്ചിലും പുറത്തുമേറ്റ ആഴത്തിലുള്ള വെട്ടുകൾ. ആകെ 18 മുറിപ്പാടുകൾ സന്ദീപിന്റെ നെഞ്ചിലും പുറത്തുമായി ഉണ്ടായിരുന്നു. ഇതിൽ 4 കുത്തുകൾ ആഴത്തിലുള്ളതാണ്. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. സന്ദീപിന്റെ ഉറ്റ സുഹൃത്തും ഒന്നാം പ്രതി ജിഷ്ണുവിന്റെ പിതൃസഹോദര പുത്രനുമായ രാകേഷ് എത്തിയാണ്  സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത്. അക്രമം തടുക്കാൻ എത്തിയ രാകേഷിനു നേരെ നന്ദു വടിവാൾ വീശിയെങ്കിലും ഒന്നും ചെയ്യരുതെന്നു പറഞ്ഞു ജിഷ്ണു തടഞ്ഞു. ‘അവിടെ വെട്ടിയിട്ടിട്ടുണ്ട് വേണമെങ്കിൽ എടുത്തു കൊണ്ടു പോകാൻ’ പറ‍ഞ്ഞ ശേഷമാണ് ജിഷ്ണുവും അക്രമി സംഘവും ബൈക്കുകളിൽ വിവിധ സ്ഥലങ്ങളിലേക്കു കടന്നതെന്നു പൊലീസ് പറഞ്ഞു. 

സുഹൃത്തുക്കളായ അപ്പു, ജയന്തൻ എന്നിവരെ രാകേഷ് വിളിച്ചു വരുത്തി, ഇവരുടെ ഒപ്പം ബൈക്കിലാണ് സന്ദീപിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ശ്വാസം എടുക്കാൻ കഴിയുന്നില്ലെന്നു സന്ദീപ് ബൈക്കിലിരുന്നു സുഹൃത്തുക്കളോടു പറഞ്ഞിരുന്നു. ആശുപത്രിയിൽ എത്തിച്ചു 10 മിനിറ്റിനകം മരിച്ചു. ചാത്തങ്കരിയിൽ സന്ദീപിന്റെ വീട്ടിൽ നിന്ന് വിളിപ്പാടകലെയാണ് കൊലപാതകം നടന്നത്.

More