സാൻഡ്‍വിച്ച് രണ്ടായി മുറിക്കാന്‍ 182 രൂപ! ഭക്ഷണം കഴിച്ചതിന്റെ ബില്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഒരു കസ്റ്റമര്‍. റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച് ബില്‍ കൊടുക്കാന്‍ നേരമാണ് കസ്റ്റമര്‍ ബില്ലിലെ തുക ശ്രദ്ധിച്ചത്. 182 രൂപ അധികമായി ഈടാക്കിയിരിക്കുന്നത് ശ്രദ്ധിച്ചപ്പോഴാണ് സാൻഡ്‍വിച്ച് രണ്ടായി മുറിച്ചതിന് ഈടാക്കിയ ചാര്‍ജാണെന്ന് മനസ്സിലായത്. ഇതോടെ ബില്ലിന്റെ ചിത്രമുള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് കസ്റ്റമര്‍ രോഷം പ്രകടിപ്പിച്ചു.
7.50 ഇറ്റാലിയൻ യൂറോയാണ് സാൻഡ്‍വിച്ചിന് നൽകേണ്ടിയിരുന്നത്. എന്നാൽ രണ്ടു കഷ്ണമാക്കി മുറിച്ചതോടെ ഇതിന് 9.50 യൂറോയായി. സംഭവം വിവാദമായതോടെ റെസ്റ്റോറന്റ് ഉടമ വിശദീകരണവുമായി രംഗത്തെത്തി. സാധാരണ സര്‍വീസ് കൂടാതെ അധികമായി കസ്റ്റമര്‍ ആവശ്യപ്പെടുന്ന സര്‍വീസുകള്‍ക്ക് പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതില്‍ തെറ്റില്ലെന്നും, അതാണ് തങ്ങള്‍ ചെയ്തത് എന്നുമായിരുന്നു റെസ്റ്റോറന്റ് ഉടമ വിവരിച്ചത്.
സാൻഡ്‍വിച്ച് രണ്ടു കഷ്ണമാക്കുമ്പോള്‍ അതിനായി രണ്ടു പ്ലേറ്റ് വേണ്ടി വരും. സാൻഡ്‍വിച്ച് മുറിക്കാനും പ്ലേറ്റ് കഴുകാനും കൂടി സമയം പോകും. സാൻഡ്‍വിച്ചിൽ ഫ്രഞ്ച് ഫ്രൈസുണ്ട്. അത് മുറിഞ്ഞു പോകാതെ വേണം ബ്രഡ് മുറിക്കാൻ. ഇതിനായി അധികസമയം ആവശ്യമായി വന്നിട്ടുണ്ട്. ഇതിനൊക്കെക്കൂടിയാണ് സർവീസ് ചാർജ് ഈടാക്കിയതെന്നാണ് ഉടമയുടെ വാദം.
കസ്റ്റമര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടായിരുന്നുവെങ്കില്‍ ബില്‍ കയ്യില്‍ കിട്ടിയപ്പോള്‍ തന്നെ അറിയിക്കണമായിരുന്നുവെന്നും അങ്ങനെയെങ്കില്‍ ഈ ചാര്‍ജ് ഈടാക്കില്ലായിരുന്നുവെന്നും റെസ്റ്റോറന്റ് ഉടമ കൂട്ടിച്ചേര്‍ത്തു. അതേസമയം ഒരു സാൻഡ്‍വിച്ച് രണ്ടായി മുറിക്കാന്‍ ഇത്രയും വലിയ തുക ഈടാക്കുന്നത് കുറച്ച് കടുപ്പമല്ലേ എന്നാണ് പലരും ചോദിക്കുന്നത്.