Saturday 18 January 2020 02:45 PM IST : By സ്വന്തം ലേഖകൻ

അമ്മയായ ശേഷം, ആദ്യ ടൂർണമെന്റിൽ ഉജ്വല വിജയം; ഹൊബാർട് കപ്പ് വനിത ഡബിൾസ് കിരീടം സാനിയയ്ക്ക്!

saniahhgfdds

അമ്മയായ ശേഷം ടെന്നിസിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസയ്ക്ക് ആദ്യ ടൂർണമെന്റിൽ തന്നെ ഗംഭീര വിജയം. ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടന്ന ഹൊബാർട് കപ്പ് ടെന്നിസ് ടൂർണമെന്റിൽ വനിത ഡബിൾസ് ഫൈനൽ പോരാട്ടത്തിലാണ് കിരീടം നേടിയത്. സാനിയ മിർസ- യുക്രെയ്ൻ താരം നാദിയ കിഷ്നോക് സഖ്യമാണ് രണ്ടാം സീഡായ ഷ്വായ് ഴാങ്- ഷ്വായ് പെങ് ചൈനീസ് സഖ്യത്തെ 6–4, 6–4 എന്ന സ്കോറിന് തോൽപിച്ചത്.

മുപ്പത്തിമൂന്നുകാരിയായ സാനിയ 2017 ഒക്ടോബറിനു ശേഷം ആദ്യമായാണ് ഒരു ടൂർണമെന്റിൽ കളിക്കുന്നത്. സെമിയിൽ ടമാറ സൈഡൻസെക്– മേരി ബോഷ്കോവ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചാണ് സാനിയയും നാദിയയും ഫൈനൽ യോഗ്യത നേടിയത്. ടൂർണമെന്റിൽ ഇന്ത്യൻ സഖ്യം സീഡ് ചെയ്തിരുന്നില്ല.

saniajjhfdssa

2018 ഒക്ടോബറിലാണ് സാനിയ ഒരാൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം 87 കിലോ ഭാരമുണ്ടായിരുന്ന സാനിയ 30 കിലോയാണ് മാസങ്ങൾ കൊണ്ട് കുറച്ചത്. ഇപ്പോൾ 57 കിലോയാണ് താരത്തിന്റെ ശരീരഭാരം. ഗർഭകാലത്ത് ഡയറ്റ് ഉപേക്ഷിച്ച സാനിയ ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് നന്നായി വണ്ണം വച്ചിരുന്നു. 

ബേബി ഷവർ ചിത്രങ്ങളിൽ സാനിയയെ കണ്ട ആരാധകർ അക്ഷരാർത്ഥത്തിൽ ഞെട്ടി. തൊണ്ണൂറു കിലോയ്ക്കടുത്ത് എത്തിയിരുന്നു ശരീരഭാരം. പ്രസവശേഷം 15-ാം നാൾ തൊട്ട് സാനിയ വ്യായാമങ്ങൾ ചെയ്തു തുടങ്ങി. ആദ്യം ചെറിയ രീതിയിലാണ് വ്യായാമം ആരംഭിച്ചത്. പിന്നീട് ജിമ്മിൽ പോയിത്തുടങ്ങി. 

sania

ഭക്ഷണത്തിൽ കടുത്ത നിയന്ത്രണം വരുത്തി. സാനിയയുടെ കഠിനമായ ജിം വർക്ക്ഔട്ട് ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പ്രസവശേഷമുള്ള ആദ്യത്തെ അഞ്ചു മാസം കൊണ്ട് 20 കിലോയാണ് താരം കുറച്ചത്. പിന്നീട് മൂന്നു മാസങ്ങൾ കൊണ്ട് 10 കിലോ കൂടി കുറച്ചു. കഠിനാധ്വാനത്തിലൂടെയാണ് സാനിയ പഴയ ഫിറ്റ്നസ്സിൽ എത്തിയത്. 

sania
Tags:
  • Spotlight
  • Inspirational Story