Wednesday 27 May 2020 12:13 PM IST : By സ്വന്തം ലേഖകൻ

പേര് സന്തോഷ് കുമാരി! പലരും പരിഹസിച്ചു, നെറ്റി ചുളിച്ചു; ജീവിതകഥ പങ്കുവച്ച് കുറിപ്പ്

santhos-name

ഒരു പേരിലെന്തിരിക്കുന്നു എന്നൊരു പ്രയോഗം തന്നെയുണ്ട്. പക്ഷേ വ്യത്യസ്തമായൊരു പേരിന്റെ പേരിൽ പരിഹാസം ഏൽക്കേണ്ടി വന്നാലോ? സന്തോഷ് കുമാരി മലയാളം അധ്യാപികയ്ക്ക് പറയാനുള്ളത് ആ കഥയാണ്. സന്തോഷ് കുമാരി എന്ന പേരുമായി ജീവിതത്തിന്റെ പകുതിയോളം പിന്നിട്ട കഥ വനിത ഓൺലൈനുമായും അവർ പങ്കുവച്ചു. ഫെയ്സ്ബുക്കിലൂടെയാണ്. പേര് കേട്ട് പലരും നെറ്റി ചുളിച്ചിട്ടുണ്ട്, പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. മത്സരവേദികളിൽ പലപ്പോഴും പേര് തെറ്റിവിളിച്ചിട്ടുണ്ടെന്ന് സന്തോഷ്കുമാരി പറയുന്നു.

സന്തോഷ് കുമാരി പങ്കുവച്ച കുറിപ്പ് വായിക്കാം;

എന്റെ പേര് കേൾക്കുമ്പോൾ ചിലർ നെറ്റി ചുളിക്കും. ചിലർക്ക് ചിരിവരും. പേര് എന്താണെന്നല്ലേ. സന്തോഷ്‌കുമാരി. പഠിക്കുന്ന കാലത്ത് ഈ പേരിന്റെ പേരിൽ ഒരുപാട് പരിഹാസം നേരിടേണ്ടിവന്നിട്ടുണ്ട്. മത്സരവേദികളിൽ പലപ്പോഴും പേര് തെറ്റിവിളിച്ചിട്ടുണ്ട്. എന്തായാലും ഈ പേരുമായി ജീവിതത്തിന്റെ പകുതിയിൽ അധികം വഴി പിന്നിട്ടു കഴിഞ്ഞു.

ഞാൻ ഒരു മലയാളം അദ്ധ്യാപികയാണ്. എന്റെ ഭർത്താവ് KN. രാജേന്ദ്രൻ. അറിയപ്പെടുന്ന വിയലിനിസ്റ്റ് ആയിരുന്ന അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല. ജീവിതത്തിലെ വസന്തകാലം മായുംമുമ്പേ അദ്ദേഹം എന്നെ വിട്ടുപിരിഞ്ഞു. കലാകാരൻ ആയ അദ്ദേഹം ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ല. നോൺ ആൾക്കഹോളിക്‌ ലിവർ സിറോസിസ് with കാൻസർ ആയിരുന്നു രോഗം. രാജേന്ദ്രന്റെ ജീവൻ രക്ഷിക്കാൻ എന്റെ കരൾ പകുത്തു നൽകിയെങ്കിലും സർജറി കഴിഞ്ഞ് മാറ്റി വച്ച കരളിൽ വീണ്ടും കാൻസർ തിരിച്ചുവന്നു. സർജറി കഴിഞ്ഞു മൂന്നാമത്തെ വർഷം അദ്ദേഹം എന്നെ വിട്ടുപോയി. നിരവധി സിനിമകളിലും ഡിവോഷണൽ പാട്ടുകളിലും 30 വർഷത്തോളം പ്രശസ്തസംഗീത സംവിധായകരോടൊപ്പം പ്രവർത്തിച്ച അദ്ദേഹത്തെ കുറിച്ച് ഞാൻ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. ഞങ്ങളുടെ പ്രണയം, കുടുംബം ജീവിതം, പ്രധാനമായും രാജേന്ദ്രന്റെ അപൂർവ വ്യക്തിത്വം, ഞങ്ങളെ പിടിച്ചുലച്ച രോഗാതുരകാലഘട്ടം....... അങ്ങനെയങ്ങനെ...

സ്മൃതിയുടെ സിംഫണി എന്ന് പേരിട്ട ആ ബുക്ക്‌ പ്രകാശനം ചെയ്തത് ഈയിടെ അന്തരിച്ച പ്രശസ്ത സംഗീതസംവിധായകൻ ശ്രീ അർജുനൻ മാഷാണ്. അവതാരിക ശ്രീ ബാലചന്ദ്രമേനോൻ. ഇത് വായിക്കുന്നവരിൽ ചിലരെങ്കിലും എന്റെ ബുക്കിന്റെ പരസ്യത്തിനാണോ ഇതൊക്കെ എഴുതുന്നത് എന്ന് ചിന്തിക്കാം. എന്റെ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട സംഭവങ്ങൾ എന്നെ പരിചയപ്പെടുത്തുമ്പോൾ എന്നിൽ നിന്ന് അടർത്തിമാറ്റാൻ കഴിയില്ലല്ലോ. എന്റെ താല്പര്യങ്ങൾ.... കഥകൾ എഴുതാറുണ്ട്. പഠിക്കുന്ന കാലത്ത് തരക്കേടില്ലാതെ പാടുമായിരുന്നു. യാത്ര ചെയ്യാൻ ഇഷ്ടം..... എനിക്ക് ഒരു മകൾ.. Chitra Krപാട്ടുകാരിയാണ്. മകൻ രാഹുൽ. സിവിൽ എൻജിനീയർ. എന്റെ അമ്മയും കൂടി ഉൾപ്പെടുന്നതാണ് എന്റെ കുടുംബം. താമസം എറണാകുളം മാമംഗലം. ബാക്കി വഴിയേ.......