Wednesday 21 April 2021 02:42 PM IST : By സ്വന്തം ലേഖകൻ

സനു മോഹൻ മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചു; വിഷം മദ്യത്തിൽ കലർത്തി കഴിച്ചു, രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണർന്നു! നിജസ്ഥിതി തിരഞ്ഞ് പൊലീസ്

ernakulam-sanu-mohan-arrested.jpg.image.845.440

ഒളിവിൽ കഴിയുന്നതിനിടെ സനു മോഹൻ മൂന്നു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി മൊഴി. ഗോവയിൽ ഒരു തവണയും കൊല്ലൂരിൽ 2 തവണയുമാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് സനു മോഹൻ പൊലീസിനോടു പറഞ്ഞു. ഗോവയിൽ കടലിൽ ചാടി മരിക്കാനായിരുന്നു ആദ്യ ശ്രമം. കൊല്ലൂരിലെ ഹോട്ടലിൽ ഒരുതവണ വിഷം കഴിച്ചും രണ്ടാമതു കൈത്തണ്ടയിലെ ഞരമ്പു മുറിച്ചും ആത്മഹത്യയ്ക്കു ശ്രമിച്ചു. വിഷം മദ്യത്തിൽ കലർത്തി കഴിച്ചതായും സനു വെളിപ്പെടുത്തി. ഉറങ്ങിപ്പോയെങ്കിലും രാവിലെ കുഴപ്പമൊന്നുമില്ലാതെ ഉണരുകയായിരുന്നു.  

ഞായറും തിങ്കളും ഇയാളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ നിജസ്ഥിതി അറിയാനാണ് ഇന്നലെ പൊലീസ് സനുവിനെ സമീപിച്ചത്. പ്രത്യേകം ചോദ്യാവലി അടിസ്ഥാനമാക്കിയാണ് സനു മോഹനെ ചോദ്യം ചെയ്തത്. എല്ലാ ചോദ്യങ്ങൾക്കും മടി കൂടാതെ ഉത്തരം നൽകുന്നുണ്ടെന്നു പൊലീസ് പറഞ്ഞു. പക്ഷേ, ഇവയൊക്കെ സത്യസന്ധമാണോ എന്നത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. 

ഗോവയിലെ താമസം വ്യാജ വിലാസത്തിൽ

സനു മോഹൻ ഗോവയിൽ താമസിച്ചതു വ്യാജ വിലാസത്തിലാണോ എന്നു പൊലീസിനു സംശയം. കൊല്ലൂരിൽ ആദ്യം ചെന്ന ഹോട്ടലിലും വ്യാജ വിലാസം നൽകാൻ ശ്രമിച്ചതായാണ് സൂചന. പിന്നീടാണു യഥാർഥ വിലാസവും തെളിവായി ആധാർ കാർഡും നൽകിയതത്രെ. തിരിച്ചറിയൽ കാർഡ് കാണിക്കണം എന്ന് ജീവനക്കാർ കർശന നിലപാട് എടുത്തപ്പോഴാണ് അടുത്ത ഹോട്ടലിലേക്ക് പോയത്.

ആധാർ കാർഡിനു പുറമേ കാറിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റും സനു മോഹന്റെ പക്കലുണ്ടായിരുന്നു. സനുവിന്റെ കയ്യിൽ നിന്നു കാർ വാങ്ങിയ ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എൻഒസി ഉൾപ്പെടെയുള്ള രേഖകൾ നൽകുമ്പോൾ ബാക്കി പണം കൈമാറുമെന്നായിരുന്നു വ്യവസ്ഥ.

കാർ വിറ്റു, ചുളു വിലയ്ക്ക്

കാറിനു 2 ലക്ഷം രൂപ ചോദിച്ചെങ്കിലും ലഭിച്ചത് 50,000 രൂപയെന്നു സനു മോഹന്റെ മൊഴി. തന്റെ യാത്രാ വഴികളെ പറ്റിയും ഇയാൾ അന്വേഷണ സംഘത്തിനു മൊഴി നൽകി. 22നു പുലർച്ചെ 3.30ന് കോയമ്പത്തൂരിൽ  എത്തി. ഹോട്ടലിൽ മുറിയെടുത്ത് ഉറങ്ങി. രാവിലെ കാർ പൊളിച്ചു വിൽക്കുന്ന സ്ഥലത്തെത്തി. പണം അത്യാവശ്യമായതിനാൽ അര ലക്ഷത്തിനു സനു വഴങ്ങി. വൈകിട്ടാണു പണം ലഭിച്ചത്. ഗോവയിലെത്തി. ബീച്ചിൽ വിശ്രമിക്കുന്നതിനിടെ പോക്കറ്റടിക്ക് ഇരയായി. പിന്നീടാണു കൊല്ലൂരിൽ എത്തിയത്. ട്രക്കിൽ ആയിരുന്നു യാത്ര. 

കുറ്റബോധമില്ലാതെ സനു മോഹൻ

മകളെ കൊലപ്പെടുത്തിയെന്നു കുറ്റസമ്മതം നടത്തിയപ്പോഴും നിസംഗനായി സനു മോഹൻ. പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങളെ കൂസലില്ലാതെ നേരിട്ട സനു മോഹൻ ഒരിക്കൽ പോലും മകളെയോർത്തു സങ്കടപ്പെട്ടില്ലെന്നതു തങ്ങളെ അത്ഭുതപ്പെടുത്തിയതായി ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞു. ‘പ്രശ്നങ്ങൾക്കെല്ലാമുള്ള ഏക പോംവഴി നടപ്പാക്കിയെന്ന മട്ടായിരുന്നു സനുവിന്.കുറ്റബോധമുള്ളതു പോലെ തോന്നിയതേയില്ല.’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

ഭീതിയിൽ ജീവിതം 

ആരെയോ ഭയപ്പെട്ടായിരുന്നു സനുവിന്റെ ജീവിതം എന്നതിനു വിശ്വസനീയമായ മൊഴികൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. വഞ്ചനാ കേസിൽ തന്നെത്തിരഞ്ഞു മുംബൈ പൊലീസ് എത്തുമെന്ന കടുത്ത ഭീതിയിലായിരുന്നു. ബന്ധുഗൃഹങ്ങൾ സന്ദർശിക്കുകയോ അവിടെയുള്ള ചടങ്ങുകളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. മുറിയിൽ തനിച്ചിരിക്കാൻ പേടിയുള്ളയാളായിരുന്നു സനുവെന്നും പൊലീസ് പറയുന്നു.

ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഭാര്യ 

സനു മോഹന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സംഭവത്തിൽ ഭാര്യ രമ്യ ഇപ്പോൾ പ്രതികരിക്കാനില്ലെന്നു ബന്ധുക്കൾ. രമ്യയിപ്പോൾ ബന്ധുക്കൾക്കൊപ്പം ആലപ്പുഴയിലാണ്. വൈഗയുടെ മരണശേഷവും അന്വേഷണത്തിനിടെയും രണ്ടുതവണ പൊലീസ് വിളിപ്പിച്ചിരുന്നു. സനുവിന്റെ അറസ്റ്റും വൈഗയുടെ മരണവും സംബന്ധിച്ച വാർത്തകൾ അറിഞ്ഞതോടെ രമ്യ മാനസികമായി കൂടുതൽ തകർന്ന അവസ്ഥയിലാണെന്നും ബന്ധുക്കൾ വ്യക്തമാക്കി. 

Tags:
  • Spotlight