ഓ റോഡിലൂടെ ഡ്രൈവ് ചെയ്തു പോകാനോ? നമ്മളെക്കൊണ്ട് അതൊന്നും പറ്റില്ലേ...!! കുറച്ച് വർഷങ്ങൾക്കു മുൻപ് വരെ സ്ത്രീകൾ ഒന്നറച്ചു നിന്നിരുന്ന മേഖലയാണ് ഡ്രൈവിങ്. പുരുഷനൊപ്പമിരുന്ന് അടക്കത്തിലും ഒതുക്കത്തിലും സന്തോഷത്തോടെ യാത്ര ചെയ്യുന്നതാണ് നല്ലത് എന്നു ചിന്തിച്ചിരുന്നവരായിരുന്നു അധികവും. എന്നാൽ അര നൂറ്റാണ്ടു മുൻപേ ഡ്രൈവിങ് ലൈസൻസ് എടുത്തു വെസ്പ സ്കൂട്ടറിൽ കൊച്ചിയുടെ റോഡിലൂടെ ചീറിപ്പാഞ്ഞ ഒരു സ്ത്രീയുണ്ട്.... പുഷ്പലത പൈ. നാട്ടുകാർ അവരെ സ്കൂട്ടറമ്മ എന്നു വിളിച്ചു. വനിത അവരെ മുഖച്ചിത്രമാക്കി. വർഷങ്ങൾക്കിപ്പുറം വീണ്ടും ഓര്‍മിക്കപ്പെടുകയാണ് പുഷ്പലത പൈ.
അന്ന് സ്‌കൂട്ടറിൽ സ്റ്റൈലായി ഇടംവലം നോക്കാതെ സ്റ്റഡിയായി വരുന്ന പുഷ്പലത പൈ എന്ന ധീര വനിതയെ കണ്ട് ട്രാഫിക് പൊലീസുകാർ അമ്പരന്നു, എസ്ആർവി സ്‌കൂളിലെ കുട്ടികൾ കൂവി വിളിച്ചു, മറ്റുചിലർ അസൂയയോടെ നോക്കിനിന്നു. മാധ്യമങ്ങൾ അവരെ വാഴ്ത്തിപ്പാടി. ഭാവിയിൽ പെൺകുട്ടികളുടെ തലയിലെഴുത്ത് തന്നെ മാറ്റിമറിച്ച ആ സംഭവത്തിന് ശേഷവും കാലം പിന്നെയും മുന്നോട്ടുപോയി.
കൊച്ചി ഇന്ന് പഴയ കൊച്ചിയല്ല. ഹൈവേയിൽ ശ്വാസം വിടാനാകാതെ ഞരുങ്ങി നീങ്ങുന്ന വാഹനങ്ങളിൽ സ്റ്റിയറിങ് പിടിക്കുന്നതേറെയും വളയിട്ട കൈകളാണ്. എല്ലാം കണ്ട് ആത്മസംതൃപ്തിയോടെ എറണാകുളത്തെ വീട്ടിൽ നമ്മുടെ ആ സ്‌കൂട്ടറമ്മയുണ്ട്. 76 ലും പഴയ പോരാട്ട വീര്യത്തിനു ഒട്ടും കുറവില്ലാതെ. വർഷങ്ങൾക്ക് ശേഷം വനിതയുടെ ’കവർഗേൾ’ സംസാരിച്ചു തുടങ്ങി, അന്നത്തെ അതേ ആത്മവിശ്വാസം ഇന്നുമുണ്ട് വാക്കുകളിൽ.
"എനിക്ക് രണ്ടു മക്കളാണ്, സതീഷും ഐശ്വര്യയും. രണ്ടുപേരും വിദേശത്ത് ഡന്റിസ്റ്റാണ്. ഇടയ്ക്ക് മക്കൾക്കൊപ്പം വിദേശത്ത് പോയി താമസിക്കാറുണ്ട്. ഭർത്താവ് എസ്. പൈ കാനറ ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഞാൻ എറണാകുളത്തെ വീട്ടിലുണ്ട്."– ഓർമ്മകൾ ടോപ് ഗിയറിലേക്ക് മാറ്റി സ്കൂട്ടറമ്മ പഴയ കഥകൾ സ്റ്റാർട്ട് ചെയ്തു.
"എഴുപതിലാണ് ലൈസൻസ് എടുത്തത്. കേരളത്തിൽ ആദ്യമായി ഡ്രൈവിങ് ലൈസൻസ് നേടിയ വനിത ഞാനാണ്. കൊച്ചിയിൽ ആദ്യമായി വനിതകൾക്കായി ഒരു ഡ്രൈവിങ് സ്‌കൂൾ തുടങ്ങിയതും ഞാനാണ്. ക്രൗൺ മോട്ടോർ ഡ്രൈവിങ് സ്‌കൂൾ എന്നായിരുന്നു പേര്. ഒരുപാട് കുട്ടികളെ പഠിപ്പിച്ചു. പണത്തിനു വേണ്ടിയായിരുന്നില്ല ഒന്നും. എന്റെ പാഷനായിരുന്നു ഡ്രൈവിങ്. അന്നെല്ലാം 60- 70 കിലോമീറ്റർ വേഗത്തിൽ പറക്കാൻ എനിക്കിഷ്ടമായിരുന്നു. മക്കൾ വലുതായപ്പോൾ ഡ്രൈവിങ് സ്‌കൂളൊക്കെ നിർത്തി."- പുഷ്പ പൈ പറയുന്നു.
ഡ്രൈവിങ്ങ് ഇഷ്ടമാണെങ്കിലും ചെറിയൊരു പരാതി സ്കൂട്ടറമ്മയ്ക്കുണ്ട്. ഒന്നു തട്ടിയാലുടൻ വഴക്കുണ്ടാക്കാൻ വരുന്നവരാണ് അധികവും. വിദേശത്താണെങ്കിൽ ചെറുതായി വണ്ടി തട്ടിയാലൊന്നും ആരും വഴക്കിടാൻ വരാറില്ല. ഇവിടുത്തെയത്ര തിരക്കും അവിടെയില്ലല്ലോ?
ഏറെ പ്രശസ്തി നേടിക്കൊടുത്ത സ്കൂട്ടർ പിന്നീട് പുഷ്പലതയ്ക്ക് വേദനയുള്ള ഓർമ്മയായി. "1993 ലായിരുന്നു ആ സംഭവം. അന്നുണ്ടായ ഒരു സ്കൂട്ടറപകടം ജീവിതം തന്നെ മാറ്റിമറിച്ചു. ഭർത്താവ് ഓടിച്ചിരുന്ന സ്കൂട്ടർ അപകടത്തിൽപ്പെടുകയായിരുന്നു. തുടർന്ന് ഇരുപതു വർഷത്തോളം ശരീരത്തിന്റെ ഒരു വശം തളർന്നു അദ്ദേഹം കിടപ്പിലായിരുന്നു. ചെറിയൊരു ഒരപകടം സംഭവിച്ചാൽ പിന്നെ വണ്ടി എടുക്കാൻ തന്നെ ഭയക്കുന്നവരുണ്ട്. എന്നാൽ ഞാൻ അങ്ങനെയായിരുന്നില്ല.
ഭർത്താവിന് നടന്ന അപകട ശേഷവും എനിക്ക് വാഹനം ഓടിക്കാൻ ബുദ്ധിമുട്ടോ ഭയമോ തോന്നിയിട്ടില്ല. എന്റെ എല്ലാ ആവശ്യങ്ങൾക്കും സ്‌കൂട്ടറിൽ തന്നെയായിരുന്നു പിന്നീടും യാത്ര ചെയ്തത്. എല്ലാം വരുന്നയിടത്തുവച്ച് കാണാം എന്ന മനസ്സുറപ്പ് ഉണ്ട്. ഇപ്പോഴും ഈ പ്രായത്തിലും ഞാൻ സ്‌കൂട്ടർ ഓടിക്കാറുണ്ട്. മക്കൾ വഴക്കു പറയുമെങ്കിലും കാര്യമാക്കാറില്ല."– സ്കൂട്ടറമ്മയുടെ വാക്കുകൾക്ക് പുതുതലമുറ വണ്ടികളുടെ വേഗവും കരുത്തും.