Wednesday 08 November 2023 05:15 PM IST : By സ്വന്തം ലേഖകൻ

ഗത്യന്തരമില്ലാതെ കട്ടിലെടുത്ത് ഷാജിമോൻ, കട്ടിലോടെ എടുത്ത് റോഡിൽ വച്ചു പൊലീസ്: നാടകീയ നിമിഷങ്ങൾ...

manjoor-shaji-jose

കെട്ടിടത്തിനു നമ്പർ അനുവദിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ച് പ്രവാസി വ്യവസായി നടുറോഡിൽ കിടന്നു പ്രതിഷേധിച്ചു. മന്ത്രിമാർ ഉൾപ്പെടെ ഇടപെട്ടു. മൂന്നുമാസമായി കിട്ടാതിരുന്ന കെട്ടിട നമ്പർ അനുവദിക്കുന്ന കാര്യത്തിൽ ഒന്നേമുക്കാൽ മണിക്കൂർ നേരത്തെ ചർച്ചയിൽ തീരുമാനമായി. 

കോട്ടയം മാഞ്ഞൂർ ബീസാ ക്ലബ് ഹൗസ് ഉടമ മാഞ്ഞൂർ വലിയവെളിച്ചത്തിൽ ഷാജിമോൻ ജോർജാണ് എൽഡിഎഫ് ഭരണത്തിലുള്ള മാഞ്ഞൂർ പഞ്ചായത്തിനെതിരെ സമരം ചെയ്തത്. വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്റെ ഏകജാലക സംവിധാനമായ കെ സ്വിഫ്റ്റ് വഴി റജിസ്റ്റർ ചെയ്താണു ഷാജിമോൻ 25 കോടി രൂപ ചെലവിട്ട് ബിസിനസ് തുടങ്ങിയത്.

3 ഏക്കറോളം സ്ഥലത്ത് ഹോട്ടൽ, ടർഫുകൾ എന്നിവയടങ്ങിയ സ്പോർട്സ് വില്ലേജാണു സംരംഭം. ജൂലൈ 27നു മന്ത്രിമാരായ വി.എൻ.വാസവനും റോഷി അഗസ്റ്റിനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. യുകെയിൽനിന്നു മടങ്ങിയെത്തിയാണു ഷാജിമോൻ സംരംഭം തുടങ്ങിയത്. 

കെട്ടിട നമ്പറിനായി മൂന്നുമാസം മുൻപു പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. ആവശ്യമായ രേഖകൾ നൽകാത്തതിനാലാണു നമ്പർ അനുവദിക്കാത്തതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. കെട്ടിടനിർമാണം നടക്കുമ്പോൾ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറും സെക്രട്ടറിയും ക്ലാർക്കും കൈക്കൂലി ചോദിച്ചെന്ന് ഷാജിമോൻ ആരോപിക്കുന്നു.

അസിസ്റ്റന്റ് എൻജിനീയറെ കഴിഞ്ഞ ജനുവരിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതിനോടുള്ള പ്രതികാരമായിട്ടാണു കെട്ടിട നമ്പർ നൽകാൻ വിസമ്മതിച്ചതെന്നും ആവശ്യമില്ലാത്ത രേഖകൾ ആവശ്യപ്പെട്ടതെന്നും ഷാജിമോനും പറയുന്നു.

ഇന്നലെ രാവിലെ ആദ്യം പഞ്ചായത്ത് ഓഫിസ് വളപ്പിൽ സമരം തുടങ്ങിയ ഷാജിമോനെ പൊലീസ് ബലംപ്രയോഗിച്ചു പുറത്താക്കി. അതോടെ ഓഫിസിനു മുന്നിലെ റോഡിൽ കിടന്നായി സമരം. മന്ത്രിമാരായ പി.രാജീവ്, വി.എൻ.വാസവൻ, എം.ബി.രാജേഷ് എന്നിവർ പിന്നാലെ ഇടപെട്ടു.

തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള മൂന്നംഗ ജില്ലാതല സമിതി മാഞ്ഞൂരിലെത്തി ഷാജിമോനുമായി ചർച്ച നടത്തി. അഗ്നിരക്ഷാസേന, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവയുടെ നിരാക്ഷേപ പത്രവും സ്ട്രക്ചറൽ സ്റ്റെബിലിറ്റി സംബന്ധിച്ച രേഖകളും നൽകിയാലുടനെ കെട്ടിട നമ്പർ നൽകാമെന്നു തീർപ്പുണ്ടാക്കി. മോൻസ് ജോസഫ് എംഎൽഎയും ചർച്ചയിൽ പങ്കെടുത്തു.

പഞ്ചായത്ത് ആവശ്യപ്പെട്ടത് 6 സർട്ടിഫിക്കറ്റുകളാണെന്നും ഇതിൽ മൂന്നെണ്ണം ഹാജരാക്കാൻ ജില്ലാതല സമിതി ഷാജിമോനോടു നിർദേശിച്ചെന്നും ബാക്കി മൂന്നെണ്ണം സമിതി പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച സമരം, ഉച്ചയ്ക്ക് 1.40 മുതൽ മൂന്നര വരെ നടത്തിയ ചർച്ചയെത്തുടർന്ന് അവസാനിപ്പിച്ചു.

manjoor-shaji 1) ഷാജിമോൻ ജോർജിന്റെ മാഞ്ഞൂർ ബീസാ ക്ലബ് ഹൗസ്. 2)കെട്ടിടനമ്പർ അനുവദിച്ചു കിട്ടാത്തതിൽ പ്രതിഷേധിച്ചു മാഞ്ഞൂർ പഞ്ചായത്ത് ഒാഫിസിനു മുൻപിലെ റോഡിൽ കിടന്നു പ്രവാസി വ്യവസായി ഷാജിമോൻ ജോർജ് പ്രതിഷേധിക്കുന്നു.

ഗത്യന്തരമില്ലാതെ കട്ടിലെടുത്ത് ഷാജിമോൻ,

രാവിലെ പത്തിനു പഞ്ചായത്ത് ഓഫിസിനു മുന്നിൽ മടക്കുകട്ടിലിൽ കിടന്ന ഷാജിമോൻ ജോർജിനെ കട്ടിലോടെ എടുത്തു പൊലീസ് റോഡിൽ വച്ചു. അതോടെ നടുറോഡിൽ നിലത്തു കിടന്നായി സമരം. ഇതുകണ്ടു ഷാജിമോന്റെ ഒപ്പമുണ്ടായിരുന്നവർ കിടക്ക നിവർത്തിയിട്ടു. തണലിനായി കുട പിടിച്ചു. ആളുകൾ കൂടിയതോടെ കൂടുതൽ പൊലീസെത്തി. മള്ളിയൂർ – മേട്ടുംപാറ റോഡിൽ വാഹനഗതാഗതം നിലച്ചു. കെട്ടിട നമ്പർ നൽകാത്തതിനെ തുടർന്നു പ്രവാസി വ്യവസായി ഷാജിമോന്റെ സമരം നാടകീയ സംഭവമായി.

കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ, സിപിഎം ഏരിയ സെക്രട്ടറി കെ. ജയകൃഷ്ണൻ എന്നിവരെത്തി കിടക്കയുടെ അരുകിലിരുന്ന് അനുരഞ്ജന ശ്രമം നടത്തിയെങ്കിലും ഷാജിമോൻ വഴങ്ങിയില്ല. തുടർന്നിവർ, മന്ത്രിമാരായ വി.എൻ. വാസവൻ, പി.രാജീവ്, എം.ബി. രാജേഷ് എന്നിവരെ ഫോണിൽ വിളിച്ചു. തദ്ദേശസ്ഥാപനങ്ങളിലെ പരാതി പരിഹാരത്തിനുള്ള ജില്ലാതല സമിതി അംഗങ്ങളായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ്  ഡയറക്ടർ ബിനു ജോൺ, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ പി.പ്രസാദ്, ജില്ലാ ടൗൺ പ്ലാനർ ജിനുമോൾ വർഗീസ് എന്നിവർ ഉച്ചയോടെ എത്തി സംസാരിച്ചു.

ഇതോടെ റോഡിൽനിന്ന് എഴുന്നേറ്റ് ഷാജിമോൻ പഞ്ചായത്ത് ഓഫിസിലേക്കു കയറി. സമിതി അംഗങ്ങൾക്കൊപ്പം മോൻസ് ജോസഫ് എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കോമളവല്ലി രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ബിജു കൊണ്ടൂക്കാലാ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജയിംസ് പുല്ലാപ്പള്ളി, പഞ്ചായത്തംഗം ബിനോയി ഇമ്മാനുവൽ, ജനപ്രതിനിധികളായ സുനു ജോർജ്, ബിനോ സഖറിയാസ്, ടോമി കാറുകുളം എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. മൂന്നരയോടെ പ്രശ്നം പരിഹരിച്ചെന്ന് ഇരുവിഭാഗവും അറിയിച്ചു. ചിരിച്ചും കൈകൊടുത്തും പിരിഞ്ഞു.

ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ലിജിൻ ലാൽ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസ്, ബിജെപി പ്രവർത്തകരും ആംആദ്മി പ്രവർത്തകരും സ്ഥലത്ത് എത്തിയിരുന്നു. ഷാജിമോന്റെ പരാതി കഴി‍ഞ്ഞ ദിവസം ശ്രദ്ധയിൽപെട്ടപ്പോൾത്തന്നെ സ്വമേധയാ  ജില്ലാതല സമിതിസമിതി നടപടി എടുത്തെന്നും പരാതി പരിഗണിക്കാൻ ഉപജില്ലാ സമിതിക്കു നൽകിയിരുന്നെന്നും പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ ബിനു ജോൺ പറഞ്ഞു.

ഇന്നലെ മന്ത്രിയുടെ നിർദേശ പ്രകാരം ജില്ലാതല സമിതി തന്നെ പരാതി നേരിട്ട് ഏറ്റെടുക്കുകയും പരിഹാരം കണ്ടെത്തുകയുമായിരുന്നെന്നും അദ്ദേഹം അറിയിച്ചു. ഷാജിമോൻ തദ്ദേശ സ്ഥാപനങ്ങളിലെ പരാതികൾ പരിഹരിക്കുന്നതിനുള്ള അദാലത്തിനെ സമീപിച്ചിരുന്നെങ്കിൽ നേരത്തെ തന്നെ പരിഹാരം ഉണ്ടാകുമായിരുന്നെന്നു മന്ത്രി എം.ബി.രാജേഷ്. സമൂഹ മാധ്യമക്കുറിപ്പിലാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.