മൗനം പ്രണയമാകുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെന്നാണ് ഉത്തരമെങ്കിൽ ഹൃദയങ്ങളിൽ പ്രണയത്തിന്റെ കടലൊളിപ്പിച്ച ഈ ഇണക്കുരുവികളിലേക്ക് നോക്കണം.
പാലക്കാട് മണ്ണാർക്കാട് മണിഹാറൻ വീട്ടില്‍ സലിമിന്റെ മകൻ സനൂബിന്റെയും പാലക്കാട് കള്ളിക്കാട് പുളിക്കല്‍ ഹൗസിൽ അബ്ബാസിന്റെ മകൾ അനീസയുടെയും കല്യാണ കിസകളിലേക്ക് കണ്ണെറിയുകയാണ് സോഷ്യൽ മീഡിയ. മഹർമാല നൽകി നിക്കാഹ് കഴിച്ച രണ്ടുപേരുടെയും കൂടിച്ചേരലിന് എന്താ ഇത്ര വിശേഷമെന്നല്ലേ. ആളും ആരവവും അകമ്പടി വാഹനവും കൊണ്ട് ആഘോഷമാകുന്ന കല്യാണ മേളങ്ങളുടെ കാലത്ത് ഏറ്റവും ഹൃദ്യമെന്ന് വിശേഷിപ്പിക്കാവുന്ന പ്രണയ നിമിഷങ്ങൾ പങ്കുവച്ചവരാണവർ സേവ് ദി ഡേറ്റും സംഗീതും ഹൽദിയും അരങ്ങു കൊഴുപ്പിക്കുന്ന കല്യാണ കാലത്ത് ഹൃദയങ്ങൾ കൊണ്ട് പ്രണയം പകുത്തു നൽകിയവർ.

ജന്മനാ സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത രണ്ടു പേർ. അവരുടെ നിക്കാഹും കണ്ണിലും ഖൽബിലും അവർ ഒളിപ്പിച്ച പ്രണയവും ഒരു പൂവ് പിറവിയെടുക്കും പോലെ ഇതൾ വിരിയുകയാണ്. സങ്കൽപങ്ങളിൽ അവർ കാത്തുവച്ച പ്രണയത്തിന് അതിമനോഹരമായ പ്രണയഭാഷ്യം ചമച്ചപ്പോള്‍ സോഷ്യൽ മീഡിയ കണ്ട ഏറ്റവും ക്യൂട്ടായ വിവാഹ വിഡിയോ പിറവിയെടുത്തു. ഊമപ്പെണ്ണിന് ഉരിയാടാ പയ്യനിലെ ‘എനിക്കും ഒരു നാവുണ്ടെങ്കിൽ എന്ന’ മിണ്ടാക്കുരുവികളുടെ പ്രണയഗീതം സനൂബിന്റെയും അനിസയുടെയും പ്രണയത്തിന് അകമ്പടിയായി. സംഗതി സോഷ്യൽ മീഡിയയിലെത്തിയതോടെ സംഗതി വൈറലുമായി. ഇപ്പോൾ ഇരുവരും ഹാപ്പിയോടു ഹാപ്പി.

പ്ലസ്ടു കാലത്തെ ചങ്ങാതിയുടെ നിക്കാഹ് സ്പെഷലാക്കണമെന്ന ഫൊട്ടോഗ്രാഫർ ഷനൂബിന്റെയും വിഡിയോഗ്രാഫർ ഷാജിറിന്റെയും ഐഡിയയാണ് ഇന്നു കാണുന്ന ആ വൈറൽ വിവാഹ വിഡിയോ. പ്രണയത്തിന്റെ മിഠായി കവറിൽ പൊതിഞ്ഞ് മൗനം ഇഴചേർന്നെത്തിയ ആ പ്രണയവിഡിയോയുടെ കഥ വനിത ഓൺലൈനോട് ഷനൂബാണ് പറഞ്ഞത്.
എന്തു ഞാൻ വിളിക്കും... നിന്നെ എന്തു ഞാൻ വിളിക്കും
‘നല്ല ചിത്രങ്ങൾ കിട്ടുന്നതു മാത്രമല്ല ഞങ്ങളുടെ ഹാപ്പി മൊമന്റ്. ഫൊട്ടോയോ വിഡിയോയോ എന്തുമാകട്ടെ. കഷ്ടപ്പെട്ട് അവ പകർത്തി വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്നൊരു നിമിഷമുണ്ട്. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷത്തിലെ ചിത്രങ്ങള്‍ ക്യാമറക്കണ്ണിലൂടെ ഇതൾ വിരിയുമ്പോൾ ചെക്കന്റെയും പെണ്ണിന്റെയും മുഖത്തൊരു സന്തോഷച്ചിരി തെളിയും. അതാണ് ഫൊട്ടോഗ്രാഫറുടെ ജീവിതത്തിലെ ഹാപ്പിയസ്റ്റ് മൊമന്റ്. സനൂബിന്റെയും അനിസയുടെയും കാര്യത്തിൽ ആ സന്തോഷം അതുക്കും മേലെയാണ്. അതിന്റെ കാരണങ്ങളിലൊന്ന് അവനെന്റെ ചങ്ങാതിയാണ്. മറ്റൊന്ന് അവന്റെ കുഞ്ഞു സന്തോഷങ്ങൾക്ക് പോലും ഇരട്ടിമധുരമുണ്ടാകും– സനൂബ് പറയുന്നു.
ഓനെന്റെ പ്ലസ്ടുകാലത്തെ ചങ്ങാതിയാണെന്ന് പറഞ്ഞല്ലോ. ഞങ്ങളുടെ പേരിലുമുണ്ട് സാമ്യത. സംസാരിക്കാനോ കേൾക്കാനോ കഴിയില്ലെങ്കിലും കക്ഷി എല്ലാ കാര്യത്തിലും ഉഷാറാണ്. പുതിയ കാലത്തെ കുട്ടികളൊക്കെ വിഡിയോയും റീലും പാട്ടുമൊക്കെ കേൾക്കുമ്പോൾ ഓനും ആശയോടെ ഉറ്റുനോക്കും. അവനും ഇങ്ങനെ വിഡിയോയും ചിത്രങ്ങളുമൊക്കെ എടുക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നറിയാം. അവന്റെ മനസും പരിമിതികളും അടുത്തറിഞ്ഞ് ഒരു സുന്ദരിക്കുട്ടി അവന്റെ ജീവിതത്തിലേക്ക് വരുന്നുവെന്നറിഞ്ഞപ്പോൾ ഞങ്ങളും ഹാപ്പിയായി. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളെ ഏറ്റവും സ്പെഷലാക്കണമെന്നുറപ്പിച്ചു. അങ്ങനെയാണ് ആ വിഡിയോ പിറവിയെടുത്തത്.’– ഷനൂബ് പറയുന്നു.

കണ്ണെന്നോ കരളെന്നോ കലമാൻ മിഴിയെന്നോ
കഥയുടെ ബാക്കി പറഞ്ഞത് കല്യാണ ചെക്കന്റെ ഇളയ ആങ്ങള സാദിഖ്.
ഞങ്ങൾ മൂന്നു പേരാണ്. ഏറ്റവും മൂത്തയാളാണ് ഷനൂബിക്ക. നമ്മുടെ കല്യാണ ചെക്കൻ. രണ്ടാമത്തെയാൾ ഷാഫി. രണ്ടു പേർക്കും സംസാരിക്കാനോ കേൾക്കാനോ കഴിയില്ല. എനിക്ക് കഴിയും. അതുകൊണ്ടു തന്നെ ചെറുപ്പം മുതലേ ഇരുവരുടെയും നാവും ചെവിയുമൊക്കെ ഞാനായിരുന്നു. ഉമ്മയുടെ പെങ്ങളുടെ പരിചയത്തിൽ നിന്നാണ് അനിസ ഇത്തയുടെ വിവാഹാലോചന വന്നത്. തന്റെ പരിമിതി മനസിലാക്കുന്ന ഒരാൾ ഇണയായി വരണമെന്നായിരുന്നു ഇക്കയുടെ ആഗ്രഹം. ഭാഗ്യത്തിന് അനിസ ഇത്തയുടെയ ആഗ്രഹവും ഇക്കായുടെതും പോലെയാണെന്നറിഞ്ഞതോടെ കല്യാണാലോചന സെറ്റായി.

ഇക്കാന്റെ കല്യാണത്തിന് ഒരു വെറൈറ്റി പിടിക്കണമെന്ന് ഷനൂബിക്കയും ഷാജിർ ഇക്കയും പറഞ്ഞപ്പോൾ ഞങ്ങളും കട്ടയ്ക്കിറങ്ങി. എനിക്കും ഒരു നാവുണ്ടെങ്കിൽ എന്ന പാട്ടിനൊത്ത് ചുണ്ടു ചലിപ്പിക്കാനും ആക്ഷൻ കാണിക്കാനും ഇരുവരെയും പഠിപ്പിക്കുന്ന ഡ്യൂട്ടി എനിക്കായി. ഇക്കായ്ക്ക് പണ്ടേ ഇങ്ങനെയുള്ള വിഡിയോ പരിപാടിക്കൊക്കെ നല്ല താൽപര്യമായിരുന്നു. ഇത്തയും കൂടി ട്രാക്കിലായതോടെ സംഗതി ഉഷാറായി. എല്ലാം കഴിഞ്ഞ് ആ വിഡിയോ പുറത്തിറങ്ങുമ്പോൾ ഇണക്കുരുവികളുടെ മുഖത്തെ സന്തോഷം ഒന്നു കാണണമായിരുന്നു. സന്തോഷം കൊണ്ട് ഇക്കയുടെ കണ്ണു നിറയുന്നത് കാണാമായിരുന്നു. ആംഗ്യഭാഷയിലൂടെ കൈമാറിയ ഇക്കയുടെ നിക്കാഹ് ചടങ്ങുകളും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഷൊർണൂർ അനങ്ങനടി ഗ്രാമ പഞ്ചായത്തിൽ ഓവർസിയറായി ജോലി ചെയ്യുകയാണ് ഇക്ക. പാലക്കാട് വിക്ടോറിയയിൽ നിന്നും ഡിഗ്രി മൂന്നാം വർഷം പൂർത്തിയാക്കി ഇത്ത. എന്റെ നേരെ മൂത്ത ഇക്ക ഐടിഐ ഡിപ്ലോമ പൂർത്തിയാക്കി. ഞാൻ അട്ടപ്പാടി രാജീവ് ഗാന്ധി കോളജിൽ നിന്നും ബികോം മൂന്നാം വർഷം പൂർത്തിയാക്കി. സലിം എന്നാണ് ഞങ്ങളുടെ ഉപ്പയുടെ പേര്, ഉമ്മ സാബിറ. അനിസയുടെ ഉപ്പ അബ്ബാസ് മരണപ്പെട്ടു. ഉമ്മ നസീമയും ഏട്ടൻ നവാസുമാണ് ഇത്തയുടെ ലോകം. ഇത്തയ്ക്കും ഇക്കയെ പോലെ സർക്കാർ ജോലി നേടണമെന്നാണ് ആഗ്രഹം– സാദിഖ പറഞ്ഞു നിർത്തി.