Friday 07 August 2020 11:43 PM IST : By സ്വന്തം ലേഖകൻ

'ബാക് ടു ഹോം' എന്നെഴുതി ഫെയ്‌സ്ബുക്ക് പോസ്റ്റ്്; ഷറഫു പറന്നിറങ്ങിയത് മരണത്തിലേക്ക്; വേദന

sharafu

ദുരന്തങ്ങള്‍ക്കു മേല്‍ ദുരന്തം പെയ്തിറങ്ങിയ ദിനം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്പ്രസ് വിമാനം മരണമായി പറന്നിറങ്ങിയ വാര്‍ത്തയുടെ ഞെട്ടലിലാണ് നാട്. അപകടത്തില്‍ പൈലറ്റുള്‍പ്പെടെ 17 പേര്‍ മരിച്ചതായാണ് കണക്കുകള്‍. നെഞ്ചുനീറ്റുന്ന ഈ വേദനയുടെ നിമിഷത്തില്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് ഏവരേയും കരയിക്കുകയാണ്. കാത്തിരിപ്പിനൊടുവില്‍ നാട്ടിലേക്ക് യാത്ര തിരിച്ച കോഴിക്കോട് കുന്ദമംഗലം സ്വദേശി ഷറഫു പിലാശ്ശേരിയാണ് വേദനകള്‍ക്കു മേല്‍ വേദന പടര്‍ത്തുന്നത്. 

യാത്രയ്ക്കിടെ 'ബാക് ടു ഹോം' എന്ന ക്യാപ്ഷനോടെ വിമാനത്തിലിരിക്കുന്ന പടം ഷറഫു പോസ്റ്റ് ചെയ്തിരുന്നു. ഭാര്യക്കും മകള്‍ക്കുമൊപ്പമിരിക്കുന്ന ചിത്രത്തിന് തലക്കെട്ടായായിരുന്നു ഷറഫുവിന്റെ വാക്കുകള്‍. തന്നെ കാത്തിരിക്കുന്നവര്‍ക്ക് സന്തോഷമേറ്റി ഷറഫു ഇട്ട ആ ഒറ്റവരി വാചകം മരണത്തിലേക്കായിരിന്നുവെന്ന് ആര് കരുതാന്‍? 

കോഴിക്കോട് വിമാനാപകടത്തില്‍ മരിച്ച ഈ യുവാവ് ഭാര്യക്കും ഏക മകള്‍ക്കും ഒപ്പമാണ് യാത്ര തിരിച്ചത്. എന്നാല്‍, പരുക്കേറ്റ ഭാര്യയും മകളും ഏത് ആശുപത്രിയിലാണ് ഉള്ളതെന്ന് ഇതുവരെ ബന്ധുക്കള്‍ക്ക് വിവരം ലഭ്യമായിട്ടില്ലെന്നാണ് വിവരം. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. നാട്ടിലെ ബന്ധുക്കളും ദുബായിലെ സുഹൃത്തുക്കളും ഇതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. 

വര്‍ഷങ്ങളായി യുഎഇയിലുള്ള ഷറഫു ദുബായിലെ നാദകിലാണ് ജോലി ചെയ്തിരുന്നത്. നല്ലൊരു സൗഹൃദ വലത്തിനുടമയായിരുന്നു ഷറഫുവെന്ന് പ്രിയപ്പെട്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.  ഇദ്ദേഹത്തെ പുഞ്ചിരിച്ച മുഖത്തോടെയല്ലാതെ സുഹൃത്തുക്കള്‍ കണ്ടിരുന്നില്ല. സാമൂഹിക രംഗത്തും സജീവമായിരുന്ന ഷറഫു സമൂഹ മാധ്യമങ്ങളിലും നിറസാന്നിധ്യമായിരുന്നു.വിമാന അപകടമുണ്ടായ ഉടന്‍ തന്നെ ഷറഫുവിന്റെ യുഎഇയിലെ ബന്ധുക്കളും സുഹൃത്തുക്കളും ഞെട്ടലിലായിരുന്നു. മിക്കവരും നാട്ടിലേയ്ക്ക് വിളിച്ച് അപകട വിവരം ആരായുമ്പോഴും തങ്ങളുടെ പ്രിയ സുഹൃത്തിന് അപകടമൊന്നും പറ്റരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു.എന്നാല്‍ എല്ലാവരെയും അതീവ ദുഃഖത്തിലാഴ്ത്തി മരിച്ചവരുടെ പട്ടികയില്‍ ആദ്യം തന്നെ ഷറഫുവിന്റെ പേര് തെളിഞ്ഞു.