Wednesday 24 October 2018 11:29 AM IST : By സ്വന്തം ലേഖകൻ

പൊളിഞ്ഞു വീഴാറായ കൂരയിൽ പുറംലോകവുമായി ബന്ധമില്ലാതെ 38 വർഷം; ഷാർജയിലെ മലയാളി കുടുംബത്തിന്റെ ദുരിതപർവ്വത്തിന് ഒടുവില്‍ അവസാനം

dubai

കൃത്യമായൊരു അഡ്രസില്ല, പുറംലോകവുമായൊരു ബന്ധമില്ല...പുറത്തിറങ്ങണമെങ്കിൽ പൊലീസിനെ പേടിക്കണം. ഷാർജയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ആ കൂരയ്ക്കു കീഴെ നരകതുല്യമായിരുന്നു ആ ഏഴംഗ കുടുംബത്തിന്റെ ജീവിതം. ആത്മഹത്യയിൽ സർവ്വതും ഒരു നിമിഷമൊടുക്കാൻ പല ആവൃത്തി അവർ ചിന്തിച്ചതാണ്. പക്ഷേ സർവ്വതും സഹിച്ച് അവർ മുന്നോട്ടു പോയി...ദൈവം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിൽ.

പ്രവാസലോകത്തെ കണ്ണീർക്കഥകൾ കേട്ടു തഴമ്പിച്ചവർക്ക് ഈ കൊല്ലം ശ്രീലങ്ക ദമ്പതികളുടെ കണ്ണീർക്കഥകൾ പുതുമയല്ലായിരിക്കാം. പക്ഷേ ഈ കഴിഞ്ഞു പോയ ദിനരാത്രങ്ങളിൽ അവർ അനുഭവിച്ച ഒറ്റപ്പെടലിന്റെ വേദനയ്ക്ക് സമാനതകളില്ലെന്നു തന്നെ പറയാം.

കൃത്യമായ രേഖകളില്ലാതെ ഇടിഞ്ഞു വീഴാറായ ഒരൊറ്റമുറി വീട്ടിൽ കഴിഞ്ഞ 38 വർഷമായി ദുരിതപർവ്വം നയിക്കുകയായിരുന്നു, ഈ ദമ്പതികളും അവരുടെ അഞ്ചുമക്കളും. സ്കൂളിന്റെ പടി പോലും ചവിട്ടാൻ ഭാഗ്യമില്ലാതെ, ദുബായ്‍യുടെ സുഖശീതളിമയിൽ നിന്നെല്ലാം അകന്നായിരുന്നു 21 മുതൽ 29 വയസുവരെ പ്രായമുള്ള ആ മക്കൾ ദിനങ്ങൾ തള്ളിനീക്കിയിരുന്നത്. പട്ടിണിയും പരാധീനതയും ഒരു വട്ടമല്ല പലവട്ടം ആ കുടുംബത്തിലേക്ക് എത്തി നോക്കി. എന്തിനേറെ അധ്വാനിച്ചു ജീവിക്കേണ്ട ജീവിതത്തിന്റെ നല്ല പാതിയെ ആ കുടുസു മുറിയിൽ അടക്കം ചെയ്യേണ്ടി വന്നു അവർക്ക്.

mid

നാളുകൾ നീണ്ട നിയമപോരാട്ടങ്ങൾ, കാരുണ്യഹസ്തം തേടിയുള്ള അലച്ചിലുകൾ...ഒടുവിൽ വിധിയുടെ കണക്കു പുസ്തകത്തിൽ നന്മയുടെ ഇത്തിരിവെട്ടം ബാക്കിയുണ്ടായിരുന്നു. ദുബായിയിലെ സുമനസുകളുടേയും മാധ്യമങ്ങളുടേയും സമയോചിതമായ ഇടപെടൽ ഇരുളിലടയ്ക്കപ്പെട്ട ആ കുടുംബത്തിന് പുതിയൊരു മേൽവിലാസം നൽകി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ ആ ഏഴംഗ കുടുംബത്തിന് പാസ്പോർട്ട് അനുവദിച്ച് ഉത്തരവായി.

കടന്നു പോയത് ദുരിതങ്ങളുടെ ഭൂതകാലം, ഇനിയെല്ലാം ആദ്യം മുതൽ തുടങ്ങണമെന്ന് കുടുംബത്തിലെ മൂത്തമകൾ അശ്വതി പറയുന്നു. പുറത്തിറങ്ങിയ ശേഷം എങ്ങനെയെങ്കിലും ഒരു ജോലിസമ്പാദിക്കണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവരുടെ വാക്കുകൾ. പോലീസിനെ പേടിക്കാതെ ഇനിയുള്ള നാളുകൾ സ്വസ്ഥതയോടെ ജീവിക്കാമെന്നാണ് കുടുംബത്തിലെ ഏക ആൺതരിയുടെ സന്തോഷ വർത്തമാനം.

തങ്ങളെ ഉള്ളറിഞ്ഞ് സഹായിച്ചവർക്ക് നന്ദി പറയുമ്പോഴും മക്കള്‍ക്കൊരു ജോലി തരപ്പെടുംവരെ പിടിച്ചു നില്‍ക്കാനുള്ള കഷ്ടപാടിലാണിവര്‍. കമഴിഞ്ഞ് സഹായിച്ചവർ തന്നെ തങ്ങളെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുമെന്നാണ് ഇവരുടെ പ്രതീക്ഷ.