Monday 10 June 2024 11:42 AM IST

‘എനിക്ക് കാൻസറാണല്ലേ...’: ഉടുപ്പ് മാറുമ്പോഴേക്കും ഭർത്താവിന്റെ പൊട്ടിക്കരച്ചിൽ: വേദനകളോട് പോരാട്ടം... ഷീബയുടെ ജീവിതം

Shyama

Sub Editor

sheeba-

സാധാരണ വീട്ടമ്മയായാണു ജീവിച്ചു പോന്നത്. ഭർത്താവും മകളും ഞാ നും ചേർന്നൊരു ലോകം. സന്തോഷിച്ചും ചിരിച്ചും നീങ്ങുന്നതിനിടയ്ക്കാണ് ആ വാർത്ത അപ്രതീക്ഷിതമായി വന്നുവീണത്.’’ തന്റെ ജീവിതം പറയുകയാണ് വ്ലോഗർ ഷീബ ബൈജു. തിരുവന്തപുരം സ്വദേശിയാണു ഷീബ. കുടുംബവുമൊത്തു ദുബായിലാണ് താമസം.

‘‘ഇടയ്ക്കൊക്കെ പാചകം ചെയ്ത് വിഡിയോ എടുത്തു വയ്ക്കുമായിരുന്നു. ആളുകളെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടു കാരണം എങ്ങും പോസ്റ്റ് ചെയ്തിരുന്നില്ല. പരിചയത്തിലുള്ള എഡിറ്റർ ലൈജുവാണു വിഡിയോസ് എഡിറ്റ് ചെയ്ത് തന്നത്. മകൾ കാനൺ ക്യാമറ കമ്പനിയിൽ പഠിക്കുന്ന സമയമായിരുന്നു അത്. അവൾ അവിടുന്ന് എനിക്കൊരു ക്യാമറ വാങ്ങി തന്നിരുന്നു.

രണ്ടു വർഷം മുൻപാണു മകളുടെ വിവാഹം കഴിഞ്ഞത്. അങ്ങനെയിരിക്കെ മരുമകനാണ് ‘വീട്ടിൽ ബോറടിച്ചിരിക്കുന്നതിനു പകരം മമ്മിക്ക് എന്തുകൊണ്ട് വിഡിയോസ് എടുത്തു യുട്യൂബിലിട്ടൂടാ?’ എന്നു ചോദിക്കുന്നത്. ആ സമയത്തു ദുബായ് എക്സ്പോ 2020 നടക്കുന്നുണ്ട്. അതിന്റെ ദൃശ്യങ്ങളാണ് ആദ്യം ‘ഷി – ദി എക്സ്പ്ലോറർ’ എന്ന യുട്യൂബ് ചാനലിൽ നൽകിയത്. അന്ന് 83 ടേക്ക് പോയിട്ടാണ് ആമുഖം പറഞ്ഞൊപ്പിച്ചത്. അത്രത്തോളം ഭയപ്പാടായിരുന്നു.

പതുക്കെ പേടി മാറി. സാധാരണ കുക്കിങ് വിഡിയോസ് വേണ്ട എന്നാദ്യമേ തീരുമാനിച്ചിരുന്നു. ആളുകളുടെ ജീവിതത്തെ കുറിച്ച് അടുത്തറിയാനും അതു മറ്റുള്ളവരിലേക്ക് എത്തിക്കാനുമായിരുന്നു താൽപര്യം. ഒരു ബെൻസ് പൊളിക്കുന്ന വിഡിയോ ചെയ്തത് ന‌ല്ല പ്രതികരണം നേടിത്തന്നിരുന്നു.

എന്താണിത്ര വൈകിയത്?

ഗൈനക്കോളജിസ്റ്റ് ഡോ. പ്രീതാ വിനോജിന്റെ വിഡിയോ എടുക്കാൻ പോയതിനു ചില ഉദ്ദേശങ്ങളുണ്ടായിരുന്നു. പെൺകുട്ടികൾക്ക് ആർത്തവം ക്രമം തെറ്റുന്നത് കൂടുതലായി കാണുന്നതും, പിസിഒഡി കൂടുന്നതുമെല്ലാം ചർച്ച ചെയ്യാനായിരുന്നു പ്ലാൻ‍. ഞാൻ വർഷത്തിലൊരിക്കൽ പാപ്സ്മിയർ ഉൾപ്പെടെ ശരീര പരിശോധന നടത്താറുണ്ട്. ഇത്തവണ ചെന്നപ്പോൾ ഡോക്ടർ പറഞ്ഞു ‘ഷീബാ, ബ്രെസ്റ്റ് ഒന്ന് പരിശോധിക്കാം’ എന്ന്. അൾട്രാസൗണ്ട് സ്കാനിങ്ങും എഴുതി.

യുട്യൂബ് ചാനൽ അന്നു തുടങ്ങിയിട്ടേയുള്ളൂ. ഓണത്തിനു വേണ്ടി പാചക വിഡിയോ എടുക്കുന്നതു തന്നെ ശ്രമകരമായ ജോലിയായിരുന്നു. അതിനിടയ്ക്ക് അൾട്രാസൗണ്ട് സ്കാനിങ് ചെയ്യാൻ മറന്നു പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോൾ ഡോക്ടർ ഒന്നുകൂടി ഒാർമിപ്പിച്ചു, എന്നാൽ പോയേക്കാം എന്നോർത്തു. ഒപ്പം വൈകുന്നേരം പുറത്തൊക്കെ പോയി അടിച്ചുപൊളിക്കാം എന്നും കരുതി. സ്കാനിങ്ങിനു കിടന്ന് അഞ്ചു മിനിറ്റു കഴിഞ്ഞതും ‘എന്താണിത്രയും വൈകിയത്?’ എന്നൊരു ചോദ്യം. അതായിരുന്നു തുടക്കം.

sheeba-2 ഭർത്താവ് ബൈജു, മകൾ ശ്രദ്ധ, മരുമകൻ ഹാൻസെൻ എന്നിവർക്കൊപ്പം ഷീബ

അരക്ഷിതാവസ്ഥയുടെ ദിനങ്ങൾ

ആ ചോദ്യം എന്നെ തീർത്തും ഉലച്ചു കളഞ്ഞു. ചികിത്സയ്ക്കായി നമുക്കു നാട്ടിൽ പോകാം എന്നായിരുന്നു എന്നായിരുന്നു ഭർത്താവ് ബൈജുവിന്റെ നിലപാട്. അങ്ങനെ ഞ ങ്ങള്‍ തിരുവന്തപുരത്തേക്ക് വന്നു.

നേരെ ജി.ജി. ഹോസ്പിറ്റലിലെ അൻസാർ ഡോക്ടറുടെ അടുത്തേക്ക്. പരിശോധനകൾ ചെയ്തു. എസ്.എൻ.എ.സി.(സ്മോൾ സെൽ ലങ് കാൻസർ) പരിശോധനാ ഫലം വരാൻ 24 മണിക്കൂറെടുക്കും. കാൻസർ എന്നു കേട്ടു തുടങ്ങിയതു തൊട്ട് ഇപ്പോൾ വരെ ഏറെ ടെൻഷനടിച്ച സമയമായിരുന്നു അത്.

സ്കൂളിൽ ഒപ്പം പഠിച്ച സാജനും സിനിയും എന്നെ കാണാൻ വന്നിരുന്നു. അവർക്കൊപ്പം ലുലുവിലൊക്കെ പോകാം എന്നു പറഞ്ഞു ഞങ്ങൾ പുറത്തേക്കു പോയി. ചുറ്റും നടക്കുന്നതൊന്നും ശ്രദ്ധിക്കാൻ പറ്റാത്തതുകൊണ്ട് ഉടനെ വീട്ടിലേക്ക് തിരിച്ചു പോന്നു. വന്ന് ഉടുപ്പ് മാറുമ്പോഴേക്കും ബൈജുവിന്റെ പൊട്ടിക്കരച്ചിൽ കേൾക്കാം. ചിരിച്ചു കൊണ്ടാണ് ഞാനതു ചോദിച്ചത് ‘എനിക്ക് കാൻസറാണല്ലേ?’. അന്നു തൊട്ട് ഇന്നുവരെ കരഞ്ഞിട്ടില്ല. അപ്പോഴേക്കും ഡോക്ടറുടെ വിളി വന്നു. എല്ലാം വിശദമായി അദ്ദേഹം പറഞ്ഞു തന്നു. ബൈജുവിനു ദുബായിൽ ബിസിനസാണ്. അസുഖം പൂർണമായി മാറി, എന്നാണു ദുബായിലേക്കു തിരിച്ചുപോകാൻ ആകുക എന്നു ചോദിച്ചപ്പോൾ അതേക്കുറിച്ചിപ്പോൾ ചിന്തിക്കണ്ട, ഇഷ്ടപ്പെട്ടു ചെയ്യുന്ന കാര്യങ്ങൾ ചികിത്സയോടൊപ്പം കൊണ്ടുപോകുക എന്നായിരുന്നു ഡോക്ടറുടെ നിർദേശം. കാൻസർ മാറിയിട്ട് എന്തെങ്കിലും ചെയ്യാം എന്നു വയ്ക്കരുത്. കാൻസറിനൊപ്പം ജീവിക്കാൻ തയാറെടുക്കണം എന്ന് ഓർമിപ്പിച്ചു.

സർജറിക്കുള്ള തയാറെടുപ്പായിരുന്നു പിന്നെ. അപ്പോഴേക്കും വീട്ടിലുള്ളവരും സുഹൃത്തുക്കളുമൊക്കെ അറിഞ്ഞെത്തി. പലരും പല അഭിപ്രായങ്ങളും പറഞ്ഞു. എല്ലാം കേട്ടെങ്കിലും ഡോക്ടറെ വിശ്വസിച്ചു മുന്നോട്ടു പോയി.

ഹെർ ടു പോസിറ്റീവ് ബ്രെസ്റ്റ് കാൻസറായിരുന്നു എ നിക്ക്. അത് വീണ്ടും വരും. എന്നിരുന്നാലും ഇന്നു മരുന്നും ഇമ്യൂണോ തെറപ്പിയുമുണ്ട്. ഇതുവരെ 23 കീമോയും 15 റേഡിയേഷനും സർജറിയും കഴിഞ്ഞു.

വീട്ടുകാരാണു കരുത്തോടെ പിടിച്ചു നിർത്തിയത്. അ ത്ര വലിയ പിന്തുണയായിരുന്നു. ബൈജു പറഞ്ഞു, ‘യുട്യൂബ് ചാനല്‍ വീണ്ടും തുടങ്ങൂ’. ഓപറേഷൻ തിയറ്ററിലേക്കു കയറും മുൻപേ ആശുപത്രിക്കാരെകൊണ്ട് വരെ ചാനൽ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചിട്ടാണ് കയറിയത്. ഞാൻ ഇത്രയേ ആലോചിച്ചുള്ളൂ, എന്റെയീയൊരു യാത്ര തുടങ്ങുന്നേയുള്ളൂ. തളരാൻ പാടില്ല. ആ സമയം ഭർത്താവിന്റെയും മകളുടെയും മരുമകന്റെയുമൊക്കെ മുഖം മനസ്സി ൽ വരും. എനിക്കിനിയും ജീവിക്കണം എന്ന ആഗ്രഹം നിറഞ്ഞു വരും.

കീമോ കഴിഞ്ഞു പല ബുദ്ധിമുട്ടുകളും വരും. പക്ഷേ, അ തൊരു ജീവൻ രക്ഷാമാർഗമാണ്. പലരും ഇപ്പോഴും ആധുനിക മരുന്നുകളെ ആശ്രയിക്കാതെ കുറുക്കുവഴികൾ തേടി പോകുന്നു. ഒന്നാലോചിച്ച് നോക്കൂ, സർജറി കഴിഞ്ഞിട്ടും ഇത്രയധികം കീമോയും റേഡിയേഷനും ചെയ്തിട്ടും കാൻസറിനെ പൂർണമായും നശിപ്പിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എങ്ങനെ കുറുക്കു വഴികളിലൂടെ രോഗം മാറും?

എന്റെ ശരീരത്തിലെ 99 ശതമാനം കാൻസറും മാറിയിട്ടും ഒരു ശതമാനത്തെ നശിപ്പിക്കാനാണ് ഇത്രയും ചികത്സകൾ ചെയ്യുന്നത്. കാൻസർ സെല്ലിന്റെ വളർച്ച പത്ത് മടങ്ങാണ്. എത്ര പെട്ടെന്നു ചികിത്സ തുടങ്ങുന്നോ അത്രയും നല്ലത്.

തലമുടിയിലല്ല കാര്യം

ഓങ്കോളജിസ്റ്റ് രാഹുൽ നമ്പ്യാർ ആണ് മുടി വെട്ടുന്ന കാര്യവും മറ്റും പറയുന്നത്. മുടി കൊഴിഞ്ഞു പോകും, പറ്റെവെട്ടുന്നതാകും നല്ലതെന്നും പറഞ്ഞു. ഞാനതിനു തയാറായിരുന്നു. മുടി മൊട്ടയടിക്കും മുൻപും തന്നന്നം താനന്നം പാട്ടൊക്കെ പാടി ഞാൻ ചാനലിൽ ഇട്ടിരുന്നു. മുടി പോയതു വീട്ടിലെല്ലാർക്കും വിഷമമായി. വിഗ് വയ്ക്കാമെന്നു മകളും പറഞ്ഞു.

വിഗ് വാങ്ങാൻ വളരെ പേരുകേട്ട ഒരു സ്ഥലത്ത് ചെന്നു. 35000 ആണ് ആദ്യം പറഞ്ഞ വില, നേരിട്ട് ചെന്നതും അത് 40000 ആക്കി. ഞാൻ അതു വയ്ക്കില്ല എന്നു തീരുമാനിച്ചു. ജീവനോടെ ഇരിക്കുക എന്നതിനപ്പുറം സൗന്ദര്യം എന്നെ ബാധിക്കുന്നില്ല.

പക്ഷേ, ചിലപ്പോൾ ചെറുപ്രായത്തിലുള്ള ഒരു പെൺകുട്ടിയും അവളുടെ വീട്ടുകാരും ഇത്തരത്തിലാകില്ല ചിന്തിക്കുന്നത്. വില കേട്ട് ആഗ്രഹം തകർന്ന് വേദനിക്കുന്നവരെ ഞാൻ കണ്ടിട്ടുണ്ട്. അതോടെ ആ പൈസ മറ്റൊരാൾക്കു കീമോ ചെയ്യാൻ കൊടുക്കാമെന്നുതീരുമാനിച്ചു.

മിക്ക സ്ത്രീകളും ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം ശരീരം ശ്രദ്ധിക്കാറില്ല. ഇനി ശ്രദ്ധിച്ചാൽ തന്നെ ചെറിയ മാറ്റങ്ങൾ കണ്ടാൽ പോലും നാണക്കേട് വിചാരിച്ചും മറ്റും മറച്ചു വയ്ക്കും. അവസാനം അത് വലിയ ആപകടമായി മാ റും. അതിനു പകരം അവനവനോട് കരുണ കാണിക്കണം എന്നാണു പറയാനുള്ളത്.

ഞാൻ എന്നെ കൂടുതൽ കരുണയോടെ കേൾക്കാൻ പ ഠിച്ചു. എന്നെ ആഘോഷിക്കാൻ പഠിച്ചു. മടി വിചാരിക്കാതെ ഇഷ്ടമുള്ളതൊക്കെ ചെയ്യാനും പഠിച്ചു. ഇപ്പോഴും തുടർ പരിശോധനകളും ചികിത്സയും കൃത്യമായി ചെയ്യുന്നുണ്ട് അതിനൊപ്പം ചുറ്റുമുള്ള ലോകത്തെ കൂടുതല്‍ ആസ്വദിക്കുന്നുമുണ്ട്.

ശ്യാമ