Friday 28 June 2019 04:14 PM IST

‘ഡയറ്റാണിഷ്ടാ... നല്ല അസൽ ഡയറ്റ്! വെറും അഞ്ചു മാസം കൊണ്ട് ഞാൻ സെഞ്ച്വറി അടിച്ചേക്കാണ്’; ആലുവയിൽ ഷെരീഫാണ് സൂപ്പർഹീറോ!

Priyadharsini Priya

Senior Content Editor, Vanitha Online

shereef-ka11

മുൻപൊക്കെ നിക്കാഹുകൾക്ക് ആരെങ്കിലും ക്ഷണിച്ചാൽ ഷെരീഫിന് പെരുത്ത് സന്തോഷാണ്. വയറു നിറച്ച് നെയ്‌ച്ചോറും ഇറച്ചിയും ചിക്കൻ ബിരിയാണിയുമൊക്കെ കഴിക്കാലോ! ഇന്നാണെങ്കിൽ ആ പരിസരത്ത് മഷിയിട്ടു നോക്കിയാൽ പോലും ഷെരീഫിനെ കാണാൻ കിട്ടൂല്ല. ബിരിയാണി ചെമ്പിന്റെ ദം പൊട്ടിക്കുന്ന മണം കേട്ടപാതി കേൾക്കാത്തപാതി പുള്ളി ഓടിക്കഴിച്ചിലാകും. അത്രയ്ക്കുണ്ട് ഈ 22 വയസ്സുകാരന് ജീവിതത്തോടുള്ള ഡെഡിക്കേഷൻ. ജീവിതം മാറ്റിമറിച്ച ആ കഥ വനിത ഓൺലൈൻ വായനക്കാർക്കായി ഷെരീഫ് കെ.എ. പങ്കുവച്ചു.

"ഡയറ്റാണിഷ്ടാ... നല്ല അസൽ ഡയറ്റ്! അഞ്ചു മാസമെടുത്ത് ഞാൻ സെഞ്ച്വറി അടിച്ചേക്കാണ്. 134 കിലോയിൽ നിന്ന് 99 ൽ എത്തി. ഇനിയത് 80 ൽ എത്തിക്കണം. ടാർഗറ്റ് നേടുന്നത് വരെ എന്നെ ശല്യപ്പെടുത്തരുതേ..."- ഷെരീഫ് പൊട്ടിച്ചിരിയുടെ പറയുന്നു. സിഎംഎ വിദ്യാർത്ഥിയായ ആലുവക്കാരനാണ് ഷെരീഫ്. വീട്ടിൽ ഉമ്മയും അനിയനും അനിയത്തിയും മാത്രം.

shereef-ka14

"ഉപ്പാടെ വീട്ടുകാരൊക്കെ നല്ല തടിയുള്ളവരാണ്. അതുകൊണ്ടുതന്നെ പെട്ടെന്ന് വണ്ണം വയ്ക്കുന്ന ശരീരപ്രകൃതി പാരമ്പര്യമായി കിട്ടിയതാണ്. പിന്നെ ഉമ്മാടെ ഭക്ഷണം ഒരു രക്ഷയുമില്ല. അതും പോരാഞ്ഞ് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുമായിരുന്നു. വിവാഹത്തിന് ആരെങ്കിലും വിളിച്ചാൽ സംഗതി കുശാലാണ്. പക്ഷെ, ഇപ്പോൾ ഞാൻ നല്ല കുട്ടിയായി. എന്തൊക്കെ പ്രലോഭനം ഉണ്ടായാലും പിടിച്ചുനിൽക്കും. കുറച്ചുകാലം കൂടി ജീവിക്കണം, രോഗം ഒന്നും വരാതെ നോക്കണം. ഭാവിയെ കുറിച്ച് കുറേ സ്വപ്നങ്ങളൊക്കെയുണ്ടന്നേ...

പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ എനിക്ക് 100 കിലോ ആയിരുന്നു ഭാരം. കൂട്ടുകാർക്കൊക്കെ അന്നും ഇന്നും ഭയങ്കര സ്നേഹമാണ്. അതുകൊണ്ടു കളിയാക്കലുകളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോൾ വണ്ണം കുറഞ്ഞതുകണ്ട് എന്നേക്കാൾ അവർക്കാണ് സന്തോഷം. കഴിഞ്ഞ ജനുവരി തൊട്ടാണ് ഡയറ്റ് തുടങ്ങിയത്. ഒരു മാസത്തിനു ശേഷം ജിമ്മിലും പോയിത്തുടങ്ങി. എഫ് 3 ഫിറ്റ്നസ് ആലുവയിലെ ആഷ്‌ലെ, സഫർ, പ്രതീഷ്, കെവിൻ എന്നിവരാണ് ട്രെയിനർമാർ.

shereef-ka13

ഭക്ഷണത്തിൽ നിന്ന് മധുരം പൂർണ്ണമായി ഒഴിവാക്കി. ജ്യൂസൊക്കെ മധുരമിടാതെ കഴിക്കും. നന്നായി വിശന്നാൽ ധാരാളം വെള്ളം കുടിക്കും. ഇടവേളകളിൽ ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്, വിശപ്പ് അറിയില്ല. ഞാൻ തടി കുറഞ്ഞത് എല്ലാവർക്കും അദ്‌ഭുതമായിരുന്നു. എനിക്ക് കഴിഞ്ഞാൽ പിന്നെ ആർക്കും എളുപ്പത്തിൽ തടി കുറയ്ക്കാം. മനസ്സിന് ഒരുറപ്പ് വേണമെന്ന് മാത്രം"-ഷെരീഫ് പറയുന്നു. 

ഷെരീഫിന്റെ ഡയറ്റ് ഇങ്ങനെ; 

മധുരം പൂർണ്ണമായും ഉപേക്ഷിക്കുകയാണ് ആദ്യം ചെയ്തത്. അരിയാഹാരം (പുട്ട്, ചോറ്, ഇടിയപ്പം) മുതലായവ ഒഴിവാക്കി. പാലുല്പന്നങ്ങൾ ഒന്നും കഴിക്കാതായി. ബീഫ്, ചിക്കൻ, മത്സ്യം, പഞ്ചസാര, ഉപ്പ്, എണ്ണപലഹാരം എന്നിവയൊക്കെ ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി.

shereef-ka15

ഭക്ഷണത്തിൽ ഉൾപ്പെടുത്തിയവ;

. മുട്ടയുടെ വെള്ളയും പയർ വർഗ്ഗങ്ങളും ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തി

. രാവിലെയും ഉച്ചയ്ക്കും രണ്ടു ചപ്പാത്തിയും സാമ്പാറും

. ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കും 

. ഇലക്കറികൾ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തി 

. ഫ്രൂട്സ് അധികം കഴിച്ചു 

. രാത്രി കുമ്മട്ടി (തണ്ണിമത്തൻ) ജ്യൂസ് മാത്രം 

. വൈകുന്നേരം ജിമ്മിൽ പോയി രണ്ടു മണിക്കൂർ വർക്ക്ഔട്ട്

shereef-ka12