Monday 08 April 2024 03:44 PM IST : By സ്വന്തം ലേഖകൻ

ഒട്ടകക്കൂട്ടത്തിനൊപ്പം നരകജീവിതം, അന്ന് രക്ഷകനായെത്തിയ ബാബുവേട്ടനെവിടെ? ഇന്നും തേടുന്നു ഷിഹാബുദീൻ

shihab

നജീബിന്റെ ആടുജീവിതം ചർച്ചയാകുമ്പോൾ മരുഭൂമിയിൽ ഒട്ടകക്കൂട്ടത്തിനൊപ്പം നരകജീവിതം നയിച്ച ശിഹാബുദ്ദീൻ തനിക്ക് രക്ഷയ്‌ക്ക് വഴി കാട്ടിയ ആളെ തേടുകയാണിപ്പോൾ. 2008 മേയ് മാസത്തിലാണ് ഗൾഫ് ജോലിയെന്ന സ്വപ്നവുമായി എരവിമംഗലം കോലോത്തൊടി ശിഹാബുദ്ദീൻ (22) സൗദി അറേബ്യയിലേക്ക് വിമാനം കയറിയത്.  35 വർഷക്കാലം പ്രവാസ ജീവിതം നയിച്ച പിതാവ് മുഹമ്മദലി  ജോലി മതിയാക്കി വീട്ടിലെത്തിയ അന്ന് രാത്രി തന്നെയാണ് ശിഹാബുദ്ദീൻ  യാത്ര തിരിച്ചത്. രണ്ടേകാൽ ലക്ഷം രൂപയോളം വീസയ്‌ക്ക് ചെലവായി. റിയാദിൽ നിന്ന് 80 കിലോ മീറ്റർ അകലെ അൽക്കർജിലാണ് ജോലി എന്നാണറിഞ്ഞത്. അവിടെ എത്തിയപ്പോഴാണ് അറിയുന്നത് മരുഭൂമിയിൽ ഒട്ടകങ്ങളെ മേയ്‌ക്കലാണ് തന്റെ പണിയെന്ന്. 

മൊബൈലും പാസ്‌പോർട്ടും കയ്യിലുണ്ടായിരുന്ന റിയാലും വസ്‌ത്രങ്ങളുമെല്ലാം അവർ വാങ്ങിയെ‌ടുത്തു.  മരുഭൂമിയിൽ എട്ടു മാസക്കാലത്തോളം ഒരൊറ്റ ട്രാക്‌ സ്യൂട്ടും ബനിയനും മാത്രമാണ് ധരിച്ചത്. ഇക്കാലത്ത് കുളിച്ചത് ഒന്നോ രണ്ടോ തവണ. കഴിക്കാനെന്തെങ്കിലും കിട്ടിയാലായി. നൂറോളം ഒ‌ട്ടകങ്ങളായിരുന്നു ആകെ കൂട്ട്.   അറബിയുടെ വീട്ടിലെ ജോലിക്കാരൻ ബംഗാളി വല്ലപ്പോഴും എത്തും. ഇടയ്‌ക്ക് ഒട്ടകക്കൂട്ടങ്ങളുമായുള്ള പാലായനം. ഭക്ഷണം കഴിക്കാൻ ഒട്ടകങ്ങൾക്കുള്ളതൊക്കെ തന്നെയേ ഉണ്ടായിരുന്നുള്ളൂ.  ഒന്നിലേറെ തവണ രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴെല്ലാം നിരാശയായിരുന്നു ഫലം.  ക്രൂരമർദനം വേറെയും. ഇടയ്‌ക്ക് ഒന്നു രണ്ടു തവണ മരുഭൂമിക്ക് പുറത്ത് അവരുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ എത്തിച്ച് താമസിപ്പിച്ചു. 

ഈ സമയം സമീപത്തെ കടമുറിയിലെത്തി മലയാളിയെന്ന് തോന്നിയ ആളോട് കാര്യം പറഞ്ഞു. ബാബുവേട്ടനും സത്താർ ഭായിയുമാണ് അവിടെ ഉണ്ടായിരുന്നത്.  അവരുടെ ആശ്വാസ വാക്കുകൾ വലിയ കരുത്താണ് നൽകിയത്. ഖഫീലും അനിയനും അപകടകാരികളാണെന്നും അവരുടെ വാപ്പയോട് സങ്കടം പറഞ്ഞാൽ ചിലപ്പോൾ ഫലമുണ്ടാകുമെന്നും ബാബുവേട്ടനാണ് പറഞ്ഞത്. അങ്ങനെയാണ് രക്ഷാ വാതിൽ തുറക്കാനാകുമെന്ന പ്രതീക്ഷ ഉണ്ടായത്. ഒരു ദിവസം മരുഭൂമിയിലെത്തിയ ഖഫീലിന്റെ വാപ്പയോട് പൊട്ടിക്കരഞ്ഞു കൊണ്ട് രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. അറിയാവുന്ന അറബിയിൽ സങ്കടം പറഞ്ഞു. അദ്ദേഹം പോകുമ്പോൾ തന്നോടും വാഹനത്തിൽ കയറിയിരിക്കാൻ പറഞ്ഞു. അങ്ങിനെ അവരുടെ വീട്ടിലെത്തിച്ചു. എന്നാൽ അവിടെയും ഖഫീലിന്റെ അനിയനെത്തി കുറേയേറെ മർദിച്ചു. മരുഭൂമിയിലേക്ക് തിരിച്ചു പോകാൻ വാഹനത്തിൽ കയറാൻ കൽപിച്ചു. 

വലിച്ചടച്ച വാതിൽ തട്ടി തലയ്‌ക്ക് ഗുരുതരമായി മുറിവേറ്റതോടെ  ഉപേക്ഷിച്ച് അദ്ദേഹം ദേഷ്യത്തോടെ പുറത്ത് പോയി. ഇതിന്റെ തുടർച്ചയായി പിന്നീട് മാസങ്ങൾക്ക് ശേഷമാണ് നാട്ടിലേക്ക് മടങ്ങാൻ വഴി തുറന്നത്. ഇപ്പോൾ പെരിന്തൽമണ്ണയിൽ വാഹനങ്ങളുടെ സ്‌പെയർ പാർട്‌സ് കട നടത്തുന്ന ശിഹാബുദ്ദീൻ പിന്നീട് ഗൾഫിലേക്ക് പോയിട്ടില്ല.   ആടുജീവിതം നോവൽ ശിഹാബുദ്ദീൻ വായിച്ചിട്ടില്ല. ആ സിനിമ കണ്ടിട്ടുമില്ല. അത് കാണാൻ തനിക്കാവില്ലെന്ന് ശിഹാബുദ്ദീൻ. ഒരിക്കൽകൂടി കഴിഞ്ഞു പോയ നാളുകൾ മുന്നിൽ തെളിയുന്നത് മനസ് അസ്വസ്ഥമാക്കും. മരിക്കുന്നതിനു മുൻപ് ബാബുവേട്ടനെ ഒന്നു കാണണമെന്ന ആഗ്രഹം ശിഹാബിനുണ്ട്. അദ്ദേഹം കൊല്ലത്തോ ആലപ്പുഴയിലോ ആണെന്നറിയാം. പല തവണ അന്വേഷിച്ചു. എന്നാൽ കണ്ടെത്താനായില്ല.