Tuesday 01 April 2025 04:45 PM IST

‘തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞു ഞാൻ തന്നെ തല മൊട്ടയടിച്ചു’; ആശുപത്രിക്കിടക്കയിലിരുന്ന് പാട്ടിന്റെ എഡിറ്റിങ് നടത്തിയ ഷൈലയുടെ അദ്ഭുത കഥ

Roopa Thayabji

Sub Editor

shyla-story-cover ഫോട്ടോ : അരുൺ സോൾ

കാൻസർ രോഗത്തിനു ചികിത്സ ചെയ്യുന്നതിനിടെ ഷൈല തോമസ് ആശുപത്രിക്കിടക്കയിലിരുന്ന് പെണ്ണാൾ സീരീസിലെ അവസാന പാട്ടിന്റെ എഡിറ്റിങ് നടത്തിയ അദ്ഭുത കഥ

ഫെബ്രുവരി 12. ആറു കീമോതെറപിയും 25 റേഡിയേഷനും രണ്ട് ഇന്റേണൽ റേഡിയേഷനുമടക്കമുള്ള കാൻസർ ചികിത്സാ ഷെഡ്യൂളിന്റെ ആദ്യദിനം. കീമോ മരുന്നുകൾ ശരീരത്തിലേക്കു കയറുമ്പോൾ വേദനയുടെ കവാടം ഷൈല തോമസിനു മുന്നിൽ തുറന്നു.

മാർച്ച് 15. സ്ത്രീജീവിതത്തിലെ അഞ്ചു ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പാട്ടുകളുടെ സീരീസിലെ അവസാനത്തേത്, ‘വാർധക്യം’ റിലീസ് ചെയ്തു. മാജിക് പ്ലാനറ്റിൽ വച്ചു മുൻമന്ത്രി ഷൈലജ ടീച്ചർ ഗാനം റിലീസ് ചെയ്യുമ്പോൾ തിളങ്ങുന്ന മൊട്ടത്തലയോടെ സംവിധായിക ഷൈല തോമസ് വേദിയിൽ പുഞ്ചിരിച്ചുനിന്നു.

2023 ലെ ഈ ദിവസങ്ങൾക്കിടയിൽ ഷൈല എന്തു മാജിക്കാണു കാണിച്ചതെന്നല്ലേ. ജീവിതം നിറയെ മാജിക് നിറച്ചാണു ഷൈല ജീവിക്കുന്നത്. അപ്രതീക്ഷിതമായി എത്തിയ കാൻസറിനെ ചിരിയോടെ നേരിട്ട ഷൈല കീമോ വാർഡിലിരുന്നാണ് പാട്ടിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ഫ്ലാറ്റിലിരുന്നു ഷൈല ആ അദ്ഭുത കഥ പറഞ്ഞു.

നാട്ടിൻപുറത്തെ കുട്ടി

കോഴിക്കോടാണ് ഷൈലയുടെ ബാല്യവും കൗമാരവുമൊക്കെ. അമ്മ മറിയം ടീച്ചറായിരുന്നു, അച്ഛൻ തോമസ് ഹോമിയോ ഡോക്ടറും. അമ്മയുടെ സ്കൂൾ മാറ്റമനുസരിച്ച് ഷൈലയും സ്കൂളുകൾ മാറി. പുഴയും കാടുമൊക്കെ കടന്നാണു സ്കൂളിലേക്കു പോകുന്നത്. ആ ഗ്രാമാന്തരീക്ഷം ജീവിതത്തെ എന്നും സ്വാധീനിച്ചു എന്നു പറഞ്ഞാണു ഷൈല തുടങ്ങിയത്. ‘‘പ്രീഡിഗ്രി കാലത്ത് കോളജ് മാഗസിനിൽ എഴുതുമായിരുന്നു. അച്ഛനായിരുന്നു പ്രചോദനം. സ്കൂളിൽ അക്ഷരശ്ലോകത്തിനു വേണ്ടി കടുകട്ടി ശ്ലോകങ്ങൾ അച്ഛൻ എഴുതി തന്നിരുന്നു. കഥാപ്രസംഗം മുതൽ ഇംഗ്ലിഷ് നാടകം വരെയായി സ്റ്റേജിൽ നിറഞ്ഞു നിന്നു.

ഫാറൂഖ് കോളജിലാണ് ഡിഗ്രി പഠിച്ചത്, പിന്നെ മൈസൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ പാസ്സായി. കുറച്ചു കാലം ജേർണലിസ്റ്റായി ജോലി ചെയ്തു. സെന്റ് അലോഷ്യസ് കോളജിലെ കംപ്യൂട്ടർ പഠനത്തിനു ശേഷം അവിടെ തന്നെ അധ്യാപികയായി. എജ്യുക്കേഷൻ കൗൺസിലറായാണ് അടുത്ത ചുവടുമാറ്റം. പിന്നെ ദുബായിലേക്കു പോയി.

പാട്ടിന്റെ വഴി

സംഗീതരംഗത്തുള്ള പെൺസുഹൃത്തുക്കളെ ഒന്നിച്ചു കൊണ്ടുവരുന്ന പ്രോജക്ടിനെ കുറിച്ച് ആലോചിച്ചാണു പെണ്ണാളിലെത്തിയത്. ബാല്യം മുതൽ വാർധക്യം വരെയുള്ള സ്ത്രീ ജീവിതത്തിലെ അഞ്ചു ഘട്ടങ്ങൾ അഞ്ചു പാട്ടുകളിലൂടെ അവതരിപ്പിക്കുന്ന സീരീസ്. നാലു പാട്ടുകൾ ഞാൻ എഴുതി, ഒരെണ്ണം സുഹൃത്തായ ഡോ. ഷാനി ഹഫീസും. ഗായത്രി സുരേഷും മധുവന്തി നാരായണനുമാണു നാലു പാട്ടുകൾ സംഗീതം ചെയ്തത്. ഡോ. ഷാനി മൂന്നു പാട്ടുകൾ പാടി, ബാല്യം ശ്രേയക്കുട്ടിയും.

പാട്ടുകളുടെ റിക്കോർഡിങ് സമയത്തു സ്റ്റുഡിയോ വിഷ്വൽസ് ഷൂട്ട് ചെയ്തത് ചിന്നു കുരുവിളയാണ്. ബാല്യം റിലീസായപ്പോൾ വളരെ നല്ല റിവ്യൂ. അങ്ങനെ കൗമാരം കുറച്ചുകൂടി വിഷ്വൽസ് ചേർത്തു തയാറാക്കാൻ തീരുമാനമായി. നൃത്തത്തിന്റെ പശ്ചാത്തലമുള്ള വിഷയം വേണമെന്നു നടിയും സുഹൃത്തുമായ സുരഭിയോടു പറഞ്ഞു. നങ്ങ്യാർകൂത്ത് പ്രമേയമാക്കി സുരഭി തന്നെയാണ് ആ പാട്ട് ഡയറക്ട് ചെയ്തത്. മീനാക്ഷി ബിനീഷ് അഭിനയിച്ചു.

ബാക്കിയുള്ളവ വിഡിയോയാക്കിയത് എന്റെ സംവിധാനത്തിലാണ്. യൗവനത്തിൽ നായികയായത് അയ്യപ്പനും കോശിയും സിനിമയിലെ കോൺസ്റ്റബിൾ ജെസിയായി അഭിനയിച്ച ധന്യ ആണ്. പ്രണയഗാനം ആൺ സാന്നിധ്യം ഇല്ലാതെ ഷൂട്ട് ചെയ്യുക ചലഞ്ചായിരുന്നു. കൈത്തറി ഗ്രാമത്തിലെ പെൺകുട്ടി വർണനൂലിഴകളിലൂടെ പ്രണയം പറയുന്ന മട്ടിലാണു ഷൂട്ട് ചെയ്തത്. നാലാമത്തെ പാട്ട്, മാതൃത്വത്തിൽ ദേശീയ അവാർഡ് ജേതാവായ നടി സാവിത്രിയേടത്തി അഭിനയിച്ചു. വാർധക്യത്തിന്റെ ചർച്ചകൾ തുടങ്ങിയ സമയത്താണു കോവിഡിന്റെ വരവ്. തൽകാലം സംവിധാനം നിർത്തി ഞാൻ ദുബായിലേക്കു മടങ്ങി.’’

അതിഥിയായി രോഗം

ഷൈലയുടെ കഥയിൽ ഇനി അൽപം ഫ്ലാഷ് ബാക്. ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായ ഷൈലയുടെ സംഘാടന മികവും പ്രവർത്തനങ്ങളും അക്കാലത്തു സംസ്ഥാനത്തെമ്പാടും ചലനമുണ്ടാക്കി. ലഹരിവിരുദ്ധ വിദ്യാർഥി യൂണിയന്റെ പ്രവർത്തനങ്ങളുമായി കോഴിക്കോട് ആർഇസിയിൽ ചെന്ന ഷൈല, സ്റ്റുഡന്റ് എഡിറ്ററും ലഹരിവിരുദ്ധ പ്രവർത്തകനും പ്രാസംഗികനും എൻജിനിയറിങ് വിദ്യാർഥിയുമായ ടോമി വർഗീസിനെ പരിചയപ്പെട്ടു.  

കംപ്യൂട്ടർ എൻജിനീയറിങ് പാസ്സായ ടോമി ദുബായിൽ ജോലി കിട്ടി പോയതോടെ കത്തുകളിലൂടെ സൗഹൃദം വളർന്നു. അതിന്റെ തുടർച്ചയായി വിവാഹം. പിന്നെ ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി എന്ന കമ്പനി ഇരുവരും തുടങ്ങി. ഇപ്പോൾ ദുബായിലും കാനഡയിലും തിരുവനന്തപുരത്തും കോഴിക്കോടും ഓഫിസുകളുണ്ട്.  

കമ്പനിയുടെ ആവശ്യത്തിനായി കാനഡയിലും അമേരിക്കയിലുമൊക്കെ യാത്ര ചെയ്യുന്നതിനിടെയാണ് ആ വില്ലന്റെ വരവ്, 2022 ഡിസംബർ. ക്രമം തെറ്റിയ ആർത്തവവും അമിതരക്തസ്രാവവുമൊക്കെ ആർത്തവവിരാമത്തിന്റെ ലക്ഷണമായാണു കരുതിയതെന്നു ഷൈല പറയുന്നു. ‘‘പരിശോധനകൾക്കൊടുവിൽ അതു സ്ഥിരീകരിച്ചു, ഗർഭാശയത്തിനുള്ളിൽ കാൻസർ. പ്രാരംഭ ഘട്ടമായതുകൊണ്ട് ഗർഭാശയവും അണ്ഡാശയവുമടക്കം നീക്കം ചെയ്താൽ പരിഹാരമാകുമെന്നും ഡോക്ടർ പറഞ്ഞു.

പുറത്തിറങ്ങിയ ടോമി ചോദിച്ചു, ‘എന്താണു പ്ലാൻ?’ ‘വാർധക്യം വിഡിയോയായി പുറത്തിറക്കണം, ഒട്ടും താമസിക്കരുത്,’ എന്റെ മറുപടി.

shyla-story2

സന്തോഷത്തിന്റെ പെണ്ണാൾ

എണ്ണപ്പെട്ട ദിവസങ്ങളും ചോർന്നുപോകുന്ന ആരോഗ്യവും മാറ്റിവച്ച് ഷൂട്ടിങ്ങിനു റെഡിയായി. ഗായിക സിതാര ബാലകൃഷ്ണനാണ് പെണ്ണാളിലെ അവസാന ഗാനം വാർധക്യം സംഗീതം ചെയ്തു പാടിയത്. അഭിനയിക്കാൻ പദ്മശ്രീ ജേതാവും പ്രശസ്ത നർത്തകിയുമായ ലീല സാംസൺ എത്തി. രണ്ടു ദിവസത്തെ ഷൂട്ടിങ് പൂർത്തിയാക്കി പിറ്റേ ദിവസം ആശുപത്രിയിൽ അഡ്മിറ്റായി.

സർജറി വിജയകരമായി നടന്നെങ്കിലും ഓങ്കോളജി സർജനായ ഡോ. അൻസാർ സംശയം തോന്നി ചില സാംപിളുകൾ കൂടി ശേഖരിച്ചു. അവയുടെ ബയോപ്സി ഫലവും പോസിറ്റീവായി. വിവരമറിഞ്ഞു ടോമി വല്ലാതെ വിഷമത്തിലായി. പക്ഷേ, സിനിമ കാണാനുള്ള മൂഡ് ആയിരുന്നു എനിക്ക്. ആയിഷ റിലീസായ സമയമാണ്. അതിനു വേണ്ടി സംഗീതസംവിധായകൻ എം. ജയചന്ദ്രന് അറബിക് പാട്ടുകാരെ സംഘടിപ്പിച്ചു കൊടുത്തതും റിക്കോർഡിങ്ങിനു സൗകര്യമൊരുക്കിയതുമൊക്കെ ഞാനാണ്. നേരേ പോയി ആ സിനിമ കണ്ടു.

ആറു കീമോയും  25 റേഡിയേഷനും രണ്ട് ഇന്റേണൽ റേഡിയേഷനുമടക്കം ഷെഡ്യൂൾ കിട്ടി. ഫെബ്രുവരി 12 നാണ് ആദ്യത്തെ കീമോ തുടങ്ങിയത്. അപ്പോഴേക്കും വാർധക്യം എഡിറ്റിങ് തുടങ്ങി. ഓരോ സീനും എഡിറ്റ് കഴിഞ്ഞു ഫോണിലേക്ക് അയച്ചുതരും, ‍ഞാൻ നിർദേശങ്ങൾ നൽകും. ആ കീമോ സെഷൻ പൂർത്തിയായപ്പോഴേക്കും മുടി കൊഴിയാൻ തുടങ്ങി.  തോൽക്കാൻ മനസ്സില്ലെന്നു പറഞ്ഞു ഞാൻ തന്നെ തല മൊട്ടയടിച്ചു.

എപ്പോഴും പോസിറ്റീവ്

മോന്റെ പ്ലസ്ടു പരീക്ഷാസമയമാണ്. എന്റെ രോഗം അവരെയൊന്നും ബാധിക്കരുതെന്നു നിർബന്ധമുണ്ടായിരുന്നു. ആശ്വസിപ്പിക്കുന്നതിനുള്ള അവസരം ആർക്കും കൊടുത്തില്ല. ഇതും കടന്നുപോകും എന്നു മറ്റുള്ളവരോടു പറഞ്ഞതു ‍ഞാനാണ്. പുറത്തു ചിരിച്ചു കാണിച്ചിട്ട് അകത്തു കരയുന്ന രോഗിയായില്ല. എല്ലാ ദിവസവും കണ്ണാടിയിൽ നോക്കി തിളങ്ങുന്ന മൊട്ടത്തല കണ്ടു സ്വയം സമാധാനിപ്പിക്കും, എല്ലാം ശരിയാകും.

പക്ഷേ, രോഗം ശരീരത്തിനു വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കി. 18 വർഷമായി ഫൈബ്രോമയാൾജിയ കൂടെയുണ്ട്. കീമോയുടെ പ്രയാസങ്ങൾ കൂടിയായപ്പോൾ നടക്കാൻ വയ്യാതായി.  ഒപ്പം ന്യൂറോപ്പതി പ്രശ്നങ്ങളും. മൂന്നാമത്തെ കീമോ തെറപിക്കു മുൻപ് ഡോക്ടർ പറഞ്ഞു, ‘ഒന്നിച്ചു താങ്ങുമെന്നു തോന്നുന്നില്ല, മൂന്നു ഘട്ടമായി ചെയ്യാം.’ അവ കഴിഞ്ഞതും കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പറ്റാതെയായി. അതോടെ കീമോ നിർത്തി. 25 റേഡിയേഷനും രണ്ട് ഇ ന്റേണൽ റേഡിയേഷനും വിജയകരമായി പൂർത്തിയാക്കി.

മാർച്ച് 15 ന് തിരുവനന്തപുരം ഡ‍ിഫറന്റ് ആർട്ട് സെന്ററിൽ വച്ചു ഷൈലജ ടീച്ചർ വാർധക്യം റിലീസ് ചെയ്തു. ഇതിനിടെ നടത്തിയ ജീൻ മ്യൂട്ടേഷൻ ടെസ്റ്റ് പോസിറ്റീവായി. രോഗസാധ്യത ഇനിയുമുണ്ടെന്നർഥം. ടെസ്റ്റുകൾ കൃത്യമായ ഇടവേളയിൽ മുടങ്ങാതെ നടത്തണം. ദു:ഖത്തിൽ മുഴുകിയിരിക്കാൻ ഒരു സുഖമുണ്ട് എന്നു കരുതുന്നവരുടെ കൂട്ടത്തിൽ ഞാനില്ല. നന്നായി ജീവിക്കാനുള്ള തയ്യാറെടുപ്പാണ് എല്ലാവരും ചെയ്യുക. ഏതു നിമിഷവും മരണം വരാം. അതിനായി തയാറായാൽ എല്ലാം മറന്നു ജീവിക്കാൻ റെഡി എന്നാണർഥം. അതിനു പ്രായഭേദമൊന്നുമില്ല.

ടോമിയും മക്കളുമാണ് എന്റെ ബാക്കപ് പ്ലാൻ. മോൾ മീര തോമസ് കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കൊഗ്‌നിറ്റീവ് സയൻസ് ആൻഡ് മ്യൂസിക്കിൽ ഡിഗ്രി ചെയ്യുകയാണ്. മകൻ രാഹുൽ തോമസ് എൻജിനീയറിങ് ആദ്യ വർഷം. മീര യൂണിവേഴ്സിറ്റി അക്കപ്പെല്ല ടീമിലുണ്ട്. മിക്ക സ്പോർട്സ് ടൂർണമെന്റുകളിലും കനേഡിയൻ ദേശീയഗാനം ആലപിക്കുന്നതും മോളാണ്.

പാട്ടും സംഗീതവുമല്ലാതെ ജോലികൾ കൂടിയുണ്ട്. ടൈംസ് വേൾഡിന്റെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ ചുമതലയുണ്ട്. അതിനൊപ്പം സംഗീത സംവിധായകൻ എം. ജയചന്ദ്രന്റെ ലോകമെമ്പാടും വിദ്യാർഥികളുള്ള ഓൺലൈൻ മ്യൂസിക് പ്ലാറ്റ്ഫോമായ എംജെ മ്യൂസിക് സോണിന്റെ സിഇഒ ആണ്. മജീഷ്യൻ ഗോപിനാഥ് മുതുകാടുമായി ബാലജനസഖ്യം കാലം മുതലേയുള്ള പരിചയമാണ് ഡിഫറന്റ് ആർട്ട് സെന്ററിന്റെ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കിയത്. ഇപ്പോൾ അതിന്റെ ഡയറക്ടർ കൂടിയാണ്. അടങ്ങിയിരിക്കാൻ പറ്റാത്തതു കൊണ്ടാണ് രോഗം തോറ്റുപോയത് എന്നു പറഞ്ഞു ഷൈല വീണ്ടും തിരക്കുകളിലേക്കിറങ്ങി.

shyla-story
Tags:
  • Spotlight
  • Motivational Story
  • Inspirational Story