Wednesday 22 May 2024 12:51 PM IST : By സ്വന്തം ലേഖകൻ

‘പെണ്ണിന് പെണ്ണിനോട് മാത്രം തുറന്നു പറയാൻ പറ്റുന്ന ചിലതുണ്ട്’: സിഎസ്ഐ സഭയിലെ മൂന്നാം പുരോഹിത പറയുന്നു

sister-licy-life-story

ഒരു സ്ത്രീക്ക് മറ്റൊരു സ്ത്രീയോട് മാത്രം തുറന്നു പറയാൻ പറ്റുന്ന ചില കാര്യങ്ങളുണ്ട്. പുരോഹിത സ്ഥാനത്തേക്ക് കടന്നു വന്നപ്പോൾ വേറെ മാറ്റങ്ങളൊന്നും തോന്നിയില്ലെങ്കിലും ഈയൊരു കാര്യം എന്നെ ചിന്തിപ്പിച്ചിട്ടുണ്ട്.’’

തൃശൂർ ബഥേൽ ആശ്രമത്തിൽ ആകാശത്തിനു കീഴിൽ നിൽക്കുന്ന എണ്ണിയാൽ തീരാത്തത്ര മരങ്ങളെ തഴുകി കാറ്റു വീശിക്കൊണ്ടേയിരിക്കുന്നു. തലയിലെ ഏടുത്താൽ പൊങ്ങാത്ത ഭാരങ്ങളെയൊക്കെ ഒരു നിമിഷത്തിൽ അലിയിക്കുന്ന കാറ്റ്. ആ കാറ്റുപോലെ തന്നെ മനസ്സിലെ നോവിനെയൊക്കെ അലിയിക്കുന്നൊരു ചിരിയുമായി അവിടുത്തെ മദർ ലിസി സ്നേഹലത.

സി.എസ്.ഐ. സഭയിൽ മുൻപ് പുരോഹിത സ്ഥാനത്തെത്തിയ റവ. മരതക ഡേവിഡിനും റവ. ഓമന വിക്ടറിനും ശേഷം എത്തുന്ന വനിത പുരോഹിതയാണ് മദർ ലിസി. ശെമ്മാശപ്പട്ടം കഴിഞ്ഞ് പ്രിസ്ബിറ്റർ പട്ടം കൂടി കിട്ടുന്നതോടെ വൈദിക പദവിയിലേക്ക് ഉയർത്തപ്പെടും. അതു വരെ അൾത്താരയിൽ കുർബാന നടത്തുന്ന വൈദികരുടെ സഹായിയായി മദറും ഒപ്പമുണ്ട്.

പാലക്കാട് പുത്തൻപുരയ്ക്കൽ വീട്ടിൽ ഐ.പി. ജോണിന്റെയും നയോമിയുടേയും മകളായി ജനിച്ച ലിസി സ്നേഹലത പുരോഹിത പാതയിലെത്തിയത് ദൈവനിയോഗമായിരുന്നു.

ദൈവം എന്നെ സ്നേഹിക്കുന്നു

‘‘2021 ഓഗസ്റ്റ് 20ാം തീയതിയാണ് ഡീക്കൻ സ്ഥാനം കിട്ടിയത്. റവറന്റ് ഡീക്കൻ സിസ്റ്റർ ലിസി സ്നേഹലത എ ന്നാണ് അറിയപ്പെടുക. ഇപ്പോൾ തൃശൂർ ബഥേൽ ആശ്രമത്തിന്റെ ചുമതലയാണ് എനിക്കുള്ളത്.

ഇവിടെ പല ജോലികളുണ്ട്. കുർബാനയിൽ തിരുവത്താഴ മേശയൊരുക്കാനും മറ്റുമുള്ള കാര്യങ്ങളിൽ സഹായിക്കണം, ഭജനം, പ്രസംഗം, ഹൗസ് വിസിറ്റിങ് ഒക്കെയാണ് പ്രധാനം. കൂടാതെ ചില പള്ളികളിലേക്ക് ഞായറാഴ്ചകളിൽ അച്ചന്മാരെ ആരാധനാ സമയത്ത് സഹായിക്കാനും ഭജന സുശ്രൂഷയ്ക്കും പോകാറുണ്ട്.

കുർബാന വാഴ്ത്താൻ നിലവിൽ പറ്റില്ല. അത് പട്ടം മുഴുവനായി കിട്ടിയാൽ മാത്രമേ സാധിക്കൂ. ഇനി രണ്ട് വർഷം കൂടി കഴിഞ്ഞാലാണ് പട്ടം പൂർണമായി കിട്ടുന്നത്.

കേരളത്തിലെ മൂന്നാമത്തെ സ്ത്രീ പുരോഹിത സ്ഥാനമാണ് എന്നിലേക്കു വന്നു ചേർന്നത്. മറ്റ് സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തും സ്ത്രീ പുരോഹിതർ ഉ‌ണ്ട്. ഇങ്ങനെയൊരു സ്ഥാനം കിട്ടണമെന്നോ ഒന്നും ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആളുകളെ ശുശ്രൂഷിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കന്യാസ്ത്രീയായത്. അതു ചെയ്യുന്നതാണ് അന്നും ഇന്നും ഏറ്റവും വലിയ സന്തോഷം.

എന്നെ ദൈവം ഒരുപാട് സ്നേഹിക്കുന്നതു കൊണ്ടാകാം ഈ സ്ഥാനത്തിലേക്ക് തിരഞ്ഞെടുത്തത്. കൊച്ചിൻ മഹാ ഇടവക അധ്യക്ഷനായിരിക്കുന്ന Rt. Rev. ബി. എൻ. ഫെൻ തിരുമേനിയും ബിഷപ്പമ്മ സഖി മേരിയുമാണ് (അദ്ദേഹത്തിന്റെ പത്നി) എല്ലാകാര്യങ്ങളിലും സ്ത്രീകൾ മുന്നോ ട്ട് വരണം എന്നാഗ്രഹിച്ച് പ്രവർത്തിക്കുന്നത്. അതുപോലെ ഏറ്റവും കൂടുതൽ കടപ്പാടുള്ളത് ഓൾ സെയിന്റ്സിൽ വികാരിയായിരിക്കുന്ന ജോൺസനി ജോർജ് അച്ചനോടാണ്. സഹോദരസ്ഥാനത്ത് നിന്ന് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നത് അച്ചനാണ്. നോർത്ത് കേരള കൊച്ചിൻ മഹാ ഇടവകയിലെ എല്ലാവരുടെയും സ്ത്രീജന സഖ്യത്തിന്റേയും പിന്തുണ എനിക്കു കിട്ടിയിട്ടുണ്ട്.

ആ കരച്ചിൽ എന്റെ കാതിലുണ്ട്...

പാലക്കാട് മേൽപ്പറമ്പ് ഇടവകയിലാണ് ഞാന്‍ ജനിച്ചത്. ഒരു സഹോദരനുണ്ട് ഡെന്നി. അച്ഛൻ ഐ.പി. ജോണ്‍ ഓട്ട് കമ്പനി ജോലിക്കാരനായിരുന്നു. അമ്മ പി.എം. നയോമി നഴ്സിങ് അസിസ്റ്റന്റും. അമ്മ രോഗികളെ ശുശ്രൂഷിക്കുന്നതും മറ്റും കുഞ്ഞുനാൾ തൊട്ടേ കാണുന്നുണ്ട്.

ആ സമയത്ത് ഞങ്ങളുടെ വീടിനടുത്ത് മീനാക്ഷി എ ന്നൊരു സ്ത്രീയുണ്ടായിരുന്നു. കാൻസർ രോഗി. ആ വീട്ടിൽ നിന്ന് സ്ഥിരം അവരുടെ കരച്ചിൽ കേൾക്കും. അപ്പോഴെല്ലാം അമ്മ ഓടിച്ചെല്ലും. ആ കരച്ചിലൊക്കെ പണ്ടേ എ ന്നെ ഉലച്ചിട്ടുണ്ട്.

അമ്മയ്ക്ക് ജോലി മാറ്റം കിട്ടി ഞങ്ങൾ വേറെ സ്ഥലത്തേക്ക് പോയി. ഒരു ദിവസം തീരെ അവശയായ മീനാക്ഷി അമ്മയേയും തിരഞ്ഞ് അവിടെയെത്തി. അന്ന് അമ്മ ആശുപത്രിയിലായിരുന്നു. ഞാനും അനിയനും കൂടി താങ്ങിയെടുത്ത് അവരെ ആശുപത്രിയിലെത്തിച്ചു. അഡ്മിറ്റ് ചെയ്തതും അവർ മരിച്ചു. ആ സംഭവത്തിനു ശേഷമാണ് ശുശ്രൂഷ ചെയ്യണം എന്ന തീരുമാനം ഉറച്ചത്. അന്ന് അഞ്ചിലോ ആറിലോ പഠിക്കുന്നതേയുള്ളൂ. ലോകത്തെ മുഴുവൻ നമുക്ക് നേരേയാക്കാൻ പറ്റില്ല. നമ്മളെ കൊണ്ട് പറ്റുന്ന കാര്യങ്ങൾ ചെയ്യാം എന്നു തോന്നി.

2014ലാണ് സിസ്റ്ററാകുന്നത്. ആദ്യത്തെ സേവനം പാലാക്കാട് ഹോളി ട്രിനിറ്റി ക്രഷിലായിരുന്നു. കൊടക്കൽ മിഷൻ ഹോസ്പിറ്റൽ, കണ്ണൂർ ബദാനിയ, ബത്തേരി ബഥേൽ ആശ്രമം തുടങ്ങി കേരളത്തിലുടനീളം പലയിടത്തും സേവനം ചെയ്തിട്ടുണ്ട്.

പെണ്ണിനെ അറിയാൻ പെണ്ണ് വേണം

ഡ‍ീക്കൻ പട്ടം കിട്ടിക്കഴിഞ്ഞപ്പോൾ ആളുകൾക്കുള്ള പ്രധാന സംശയം സിസ്റ്റർ എന്നു വിളിക്കണോ അച്ചൻ എന്ന് വിളിക്കണോ എന്നൊക്കെയായിരുന്നു. രണ്ടും വിളിക്കുന്നവരുണ്ട്. ബഥേൽ ആശ്രമ നിവാസികൾ മദർ എന്നും വിളിക്കാറുണ്ട്. പുരുഷന്മാരോട് പറയാൻ പറ്റാത്ത പ്രശ്നങ്ങൾ പോലും തുറന്ന് പറയാനുള്ള പരിമിതി നീങ്ങുകയാണ് സ്ത്രീകൾ ശുശ്രൂഷ രംഗത്തേക്ക് വരുമ്പോഴുണ്ടാകുന്നത്. എല്ലാ മേഖലകളിലും സ്ത്രീകളുണ്ട്. എന്നാൽ ആത്മീയ രംഗത്തേക്ക് സ്ത്രീകൾ വരുന്നത് കുറവാണ്. അവിടേക്കും കൂടുതൽ സ്ത്രീകൾ വരണമെന്നാണ് ആഗ്രഹം.

സി.എസ്. ഐയിൽ ഞങ്ങൾക്ക് കുമ്പസാരമില്ല, ദൈവത്തോട് നേരിട്ട് പറയുക എന്നതാണ് രീതി. എന്നിരുന്നാലും സ്ത്രീകൾ തങ്ങളുടെ വിഷമങ്ങളും പ്രശ്നങ്ങളും മടി കൂടാതെ തുറന്ന് പറയുന്നത് മറ്റൊരു സ്ത്രീയോടാണ് എന്നെനിക്ക് തോന്നാറുണ്ട്. എന്നോട് സംസാരിക്കുമ്പോൾ അവരിലൊരാളായി കണ്ട് തുറന്ന് സംസാരിക്കാൻ സാധിക്കുന്നതായി അനുഭവപ്പെടുന്നുണ്ട്.

കണ്ണൂർ ബദാനി ആശ്രമത്തിൽ ഞാൻ ഒരു കുട്ടിയെ നോക്കി വളർത്തിയിട്ടുണ്ട്. അവൾ നന്നായി പഠിക്കുമായിരുന്നു. ഗവൺമെന്റ് ജോലിയൊക്കെ കിട്ടിക്കഴിഞ്ഞ് അവളുടെ വിവാഹവും നടത്തി. കഴിഞ്ഞ വർഷവും ആ മോൾ എന്നെ കാണാൻ വന്നിരുന്നു. അവരൊക്കെ എന്നും എനിക്ക് പ്രിയപ്പെട്ടവരാണ്.

കുറച്ച് നാൾ മുൻപ് ചെറുപ്പക്കാരായ ദമ്പതികൾ ഭാര്യയ്ക്ക് ഇവിടെ നിന്ന് പഠിക്കാനായി അഡ്മിഷനെടുക്കാൻ വന്നു. തൃശൂരിൽ വീടുണ്ടായിട്ടും ഇവിടെ നിന്ന് പഠിക്കുന്നതെന്തിനാ എന്ന് ചോദിച്ചതും അവർ കരയാൻ തുടങ്ങി. അ മ്മായിയമ്മയുമായുള്ള പ്രശ്നമായിരുന്നു. ഒരു ദിവസം മുഴുവൻ അവരുമായി സംസാരിച്ചു. തമ്മിൽ ഇഷ്ടമുണ്ടായിട്ടും പിരിയാൻ തീരുമാനിച്ചവരായിരുന്നു അവർ. അമ്മയോടുള്ള കടമ മറക്കണമെന്നല്ല. വിവാഹം കഴിഞ്ഞാൽ ഭാര്യയുടെ ഭാഗം കേൾക്കേണ്ട ഉത്തരവാദിത്തം പങ്കാളിക്കുണ്ടെന്ന് പറഞ്ഞു മനസ്സിലാക്കി വിട്ടു.

കഴിഞ്ഞവർഷം അവർ കാണാൻ വന്നിരുന്നു. അന്ന് ഒ രു അഡ്മിഷൻ മാത്രം കൊടുത്ത് വിട്ടെങ്കിൽ പരസ്പരം സ്നേഹിക്കുന്ന രണ്ടു പേർ പിരിഞ്ഞു പോയേനേ...

‘തന്റെ സ്വരൂപത്തിൽ ആണും പെണ്ണുമായി സൃഷ്ടിച്ചു’ എന്നാണ് ഉൽപ്പത്തി പുസ്തകത്തിൽ പറയുന്നത്. ദൈവം ലിംഗവിവേചനം ഒന്നും നടത്തിയിട്ടില്ല. സ്ഥാനമാനങ്ങൾക്കപ്പുറം എല്ലാവർക്കും സേവനം ചെയ്യാനുള്ള അവസരം അങ്ങേയറ്റം ആത്മാർഥമായി നിർവഹിക്കണം എന്നേ എനിക്കും പറയാനുള്ളൂ.

ഈ ആശ്രമത്തിൽ ‘ഞാൻ’ ഇല്ല ‘ഞങ്ങൾ’മാത്രം. സിസ്റ്റർ ലീലാമ്മ മാത്യു, സിസ്റ്റർ സാറാമ്മ, സതി, ചെയർമാൻ അച്ചനും, മുൻ ചെയർമാൻ റവ. ജോൺ ജോസഫ് അച്ഛനും കിച്ചൺ സ്റ്റാഫും ഒക്ക ചേർന്നാണ് ഇവിടുത്തെ പ്രവർത്തനങ്ങൾ. ഇവിടെ അനാഥാലയം, വൃദ്ധസദനം, വർക്കിങ് വിമൻസ് ഹോസ്റ്റൽ, ബുക്ക് ബൈൻഡിങ്, കറി പൗഡർ, ചോക്‌ലെറ്റ് നിർമാണം ഒക്കെയുണ്ട്. എല്ലാ കാര്യത്തിനും നിർദേശങ്ങളുമായി ബിഷപ്പമ്മയുമുണ്ട്. ബഥേൽ ആശ്രമത്തിനകത്തെ ചാപ്പലിൽ ഞാനാണ് ആരാധന നടത്തുന്നത്.

sister-licy

എല്ലാവരിലും സന്തോഷം നിറയ്ക്കുന്ന കാലമാണ് ക്രിസ്മസ് കാലം. ക്രിസ്മസ് ആഘോഷത്തിൽ മൂന്നു ഘടകങ്ങളാണുള്ളത്– ഓർമ, ആരാധന,കൂട്ടായ്മ. ഇവ നമ്മള്‍ മറക്കരുത്.

ജീവിതത്തിൽ പ്രതിസന്ധികള്‍ വരാം അപ്പോഴും ഓർക്കേണ്ടത് പാവപ്പെട്ടവനിൽ പാവപ്പെട്ടവനായി ജനിച്ച് ദൈവം നമ്മെ അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകാൻ പഠിപ്പിച്ചിട്ടുണ്ട് എന്നതാണ്. തനിച്ചല്ല, ഒപ്പമുള്ളവരേയും കൂടി കരുതുന്നതിലാണ് നമ്മുടെ നന്മ എന്നാണ്.