Monday 18 February 2019 01:06 PM IST : By സ്വന്തം ലേഖകൻ

സൂക്ഷിക്കണം; സ്വർണവില കൂടുമ്പോൾ മോഷ്ടാക്കൾ നോട്ടമിടുന്നത് ഒറ്റയ്ക്കു പോകുന്ന സ്ത്രീകളെ; ഞെട്ടിച്ച് മുൻകാല അനുഭവങ്ങൾ

snatching

സൂക്ഷിക്കണം; സ്വർണവില കൂടുമ്പോൾ മോഷ്ടാക്കൾ നോട്ടമിടുന്നത് ഒറ്റയ്ക്കു പോകുന്ന സ്ത്രീകളെ; ഞെട്ടിച്ച് മുൻകാല അനുഭവങ്ങൾ



മുള്ളേരിയ ∙ ഒറ്റയ്ക്കു പോകുന്ന സ്ത്രീകളെ ആക്രമിച്ചു സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പ്രതികളെ കണ്ടെത്താൻ കഴിയാതെ പൊലീസ്. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന 3 സംഭവങ്ങളിലും അന്വേഷണം ഇരുട്ടിൽത്തപ്പുകയാണ്. സ്വർണവില കൂടുന്നതിനനുസരിച്ച് ഇത്തരം കേസുകളും വർധിക്കുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അടുത്തിടെ സമാനരീതിയിൽ ഒട്ടേറെ കവർച്ചകളാണുണ്ടായത്. വിരലിലെണ്ണാവുന്നവയിൽ മാത്രമേ പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടുള്ളൂ. പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകളെ മാരകമായി ആക്രമിക്കുന്നതു ജീവൻപോലും അപകടത്തിലാക്കുന്നു. മുൻപു വിജനമായ റോഡുകളിലും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും മാത്രമായിരുന്നു സ്തീകൾ ശ്രദ്ധിക്കേണ്ടത്. എന്നാൽ ഇപ്പോൾ തിരക്കേറിയ പാതകളിൽ പോലും ആക്രമിക്കപ്പെടുന്നു.

2018 ജനുവരി

ജോലി കഴിഞ്ഞ് ഇരിയണ്ണിക്കു സമീപം ബസിറങ്ങി പോകുകയായിരുന്ന പേരടുക്കം പാണ്ടിയിലെ ജയശ്രീയെ ആക്രമിച്ചു മാല തട്ടിയെടുക്കാൻ ശ്രമം. ബഹളം വച്ചപ്പോൾ മോഷ്ടാക്കൾ കടന്നുകളഞ്ഞു. നഷ്ടമായ സ്വർണം പിടിവലി നടന്നതിന്റെ തൊട്ടടുത്ത കാട്ടിൽ പിറ്റേന്നു രാവിലെ കണ്ടെത്തി.  പ്രതികളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല.

2018 ജൂലൈ 4

ചെങ്കളയിലെ സ്വകാര്യവാഹന ഷോറൂമിലെ ജീവനക്കാരിയായ മുളിയാർ ഓംബയിലെ ശ്രീകലയുടെ മാല ബൈക്കിലെത്തിയ ഒരാൾ തട്ടിപ്പറിച്ചു. ബസിറങ്ങി ഒറ്റയ്ക്ക് വീട്ടിലേക്കു നടന്നുപോകുന്നതിനിടെ ആക്രമിച്ചു വീഴ്ത്തിയ ശേഷമാണു മാല തട്ടിയെടുത്തത്. കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

2018 ഡിസംബർ 2

ബോവിക്കാനം - കാനത്തൂർ റോഡിലെ മഞ്ചക്കല്ലിൽ ബസ് കാത്തുനിൽക്കുകയായിരുന്ന കാട്ടിപ്പള്ളത്തെ പി.കാർത്ത്യായനിയുടെ മാല കാറിലെത്തിയ സംഘം കവർന്നു. ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിൽക്കുകയായിരുന്ന കാർത്ത്യായനിയോടു വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയാണു മാല തട്ടിയെടുത്തത്. പിടിവലിക്കിടെ ഒരു കഷണം മാത്രമാണു മോഷ്ടാക്കൾക്കു കിട്ടിയത്. ഇതിലും പ്രതികളെ കണ്ടെത്തിയില്ല.

More