Wednesday 18 October 2023 02:28 PM IST

‘മോനേ... നീ ഒരു കല്യാണം കഴിക്ക് എല്ലാംമാറും’ എന്ന് അമ്മ കരഞ്ഞു പറഞ്ഞു... ഒന്നും മാറില്ല എന്ന് എനിക്ക് അറിയാമായിരുന്നു

Rakhy Raz

Sub Editor

nikesh-sonu-main

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിനു നിയമസാധുതയില്ലെന്ന സുപ്രീംകോടതി വിധി കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. രാജ്യം കാത്തിരുന്ന ചരിത്രപരമായ വിധി ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റേതാണ്. ന്യൂനപക്ഷ ലൈംഗികതയും അവകാശങ്ങളും സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുമ്പോൾ വിപ്ലവകരമായ വിവാഹത്തിലൂടെ ഒന്നിച്ച സോനുവും നികേഷും വനിതയോടു പങ്കുവച്ച വാക്കുകൾ വീണ്ടും ശ്രദ്ധേയമാകുകയാണ്. സ്വവർഗ ലൈംഗികതയെ വൈകല്യമെന്നു വിധിയെഴുതിയവരോട് ഉറച്ച വാക്കുകളോടെ അവർ മറുപടി പറഞ്ഞിരുന്നു. വിഷയം വീണ്ടും ചർച്ചയാകുമ്പോൾ ഇരുവരും 2019ൽ വനിതയോടു പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...

അഭിമുഖത്തിന്റെ പൂർണരൂപം:

അതിശയമായിരുന്നു ചിലർക്ക്, ചിലർക്ക് കൗതുകം, ചിലർക്ക് പരിഹാസം... ആണും ആണും തമ്മിൽ പ്രണയത്തിലാകുകയോ! വിവാഹം കഴിക്കുകയോ! കേരളത്തിലെ ആദ്യത്തെ സ്വവർഗ വിവാഹിതർ ആണ് ഞങ്ങൾ എന്നു പ്രഖ്യാപിച്ച നികേഷും സോനുവും ഏതു പക്ഷക്കാരോടും ഒന്നേ പറഞ്ഞുള്ളു... ‘ഇങ്ങനെയും ഉണ്ട് അനുരാഗം... മനസ്സിലാക്കുക. ജീവിക്കാൻ അനുവദിക്കുക.’ പക്ഷേ, എന്തിനെയും ഏതിനെയും വാക്കുകളുടെ വാൾമുന കൊണ്ട് നേരിടുന്ന മലയാളികൾ വെറുതേയിരുന്നില്ല. ‘എന്നിട്ട് വിശേഷം വല്ലതുമായോ?’

‘ഇതൊരു വൈകല്യമാണ്, ചികിത്സിക്കൂ...’

മോശം വാക്കുകൾ പറയുന്നതിന് മുൻപ് എൽജിബിടി കമ്യൂണിറ്റിയെക്കുറിച്ച് മനസിലാക്കൂ എന്ന് പ്രതികരിച്ചവരും ഉണ്ട് അക്കൂട്ടത്തിൽ എന്നതാണ് ഈ ദമ്പതികളുടെ ആശ്വാസം.

‘‘കുറച്ചു പേരെങ്കിലും മനുഷ്യത്വത്തോടെ പെരുമാറുന്നുണ്ടല്ലോ. ആരെയും ഉപദ്രവിക്കുകയോ ആരോടും മോശമായി പെരുമാറുകയോ ഞങ്ങൾ ചെയ്യുന്നില്ല. ജീവിതത്തിൽ ഒറ്റയ്ക്കായി പോകാതിരിക്കാൻ ചേരാൻ കഴിയുന്ന പങ്കാളിയെ കണ്ടെത്തി എന്നേയുള്ളു. ’’ നികേഷ് പുഞ്ചിരിയോടെ പറയുന്നു.

‘‘ഞങ്ങൾ രണ്ടു പേർക്കും ജോലിയും വരുമാനവും ഉണ്ട്. ഞങ്ങളുടെ ഉള്ളിലുമുണ്ട് വാൽസല്യവും സ്നേഹവും. അത് ആരും ഇല്ലാത്ത ഒരു കുഞ്ഞിന് നൽകണം. അതിനായി ഒരു കുഞ്ഞിനെ ദത്തെടുക്കണം. അച്ഛനും അമ്മയും ഉപേക്ഷിച്ച ഒരു കുഞ്ഞ് ആരും ഇല്ലാതെ അനാഥാലയത്തിൽ വളരുന്നതിലും നല്ലതല്ലേ രണ്ട് അച്ഛന്മാരെ ലഭിക്കുന്നത്. ’’ സോനു ചോദിക്കുന്നു.

‘‘ഞങ്ങൾ വളർത്തി എന്നതു കൊണ്ട് ഒരു കുട്ടിയുടെ ലൈംഗിക ആഭിമുഖ്യം മാറില്ല. കാരണം അത് ജന്മനാ ഒരാൾക്ക് ലഭിക്കുന്നതാണ്. വിവാഹം കുട്ടികൾ കുടുംബം, കൂട്ട് തുടങ്ങിയ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഒക്കെ ഞങ്ങൾക്കും ഉണ്ട്. ഭൂരിപക്ഷ ലൈംഗികാഭിമുഖ്യമുള്ളവരുടെ കൂട്ടത്തിൽ അല്ലാതെയായി പോയി ഞങ്ങൾ. എന്നാലും അവരനുഭവിക്കുന്ന അവകാശങ്ങൾ ഞങ്ങൾക്കും ലഭിക്കേണ്ടതാണ്. കോടതി അത് അംഗീകരിച്ചു കഴിഞ്ഞു’’

അസമിൽ റസ്റ്ററന്റ് ബിസിനസിനൊപ്പം ഷെയർ ട്രേഡിങ് കൂടി ചെയ്യുന്നു നികേഷ്. സോനു ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു. 2018 ജൂലൈ അഞ്ചിന് ഗുരുവായൂർ ക്ഷേത്രത്തിനു പുറത്തു നിന്ന് മോതിരം മാറി, വരണമാല്യമണിഞ്ഞ് വിവാഹിതരായി രണ്ടു മാസം കഴിഞ്ഞപ്പോഴാണ് സുപ്രധാന കോടതി വിധി വരുന്നത്.

‘‘നിയമാനുസൃതമായി തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹവും അത് ഞങ്ങളുടെ അവകാശവുമാണെന്ന തോന്നലും ഉണ്ടാകുന്നത് പിന്നീടാണ്. ഇതിന് ഇറങ്ങിത്തിരിച്ചാൽ എതിർപ്പുകൾ നേരിടും എന്നറിയാമായിരുന്നു. പക്ഷേ, ഞങ്ങളെപ്പോലുള്ളവർക്ക് നാളെ സ്വസ്ഥമായും സമാധാനമായും ജീവിക്കാൻ അവസരമൊരുക്കണം എന്നു തോന്നി..’’ എന്ന് നികേഷും സോനുവും.

nikesh-sonu-2

നഷ്ട പ്രണയം

മറ്റേതൊരു മനുഷ്യരെയും പോലെ തന്നെയുള്ള വികാരങ്ങളാണ് ന്യൂനപക്ഷ ലൈംഗികതയുള്ളവർക്കും ഉള്ളത്. ലൈംഗികാഭിമുഖ്യം ഭൂരിപക്ഷ ലൈംഗികതയിൽ നിന്നു വ്യത്യസ്തമാണെങ്കിലും. പ്രണയവും പ്രണയ പരാജയവും ഇവർക്കുണ്ടെന്ന് നികേഷിന്റെ കഥ പറഞ്ഞു തരും.

‘‘കൗമാര കാലഘട്ടത്തിലാണ് ഞങ്ങളെപ്പോലെയുള്ളവർ സ്വയം തിരിച്ചറിയുന്നത്. ‘ഞാനെന്താണ് ഇങ്ങനെ ?’ എന്ന് ആദ്യമൊക്കെ അതിശയപ്പെട്ടു. പിന്നെ പൊരുത്തപ്പെട്ടു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ ആദ്യമായി പ്രണയത്തിലാകുന്നത്. ഒരു പെൺകുട്ടിയെ പ്രണയിച്ചെങ്കിലും മതം വ്യത്യസ്തമായതിനാൽ വിവാഹം കഴിക്കാൻ കഴിയാത്ത ബൈ സെക്‌ഷ്വൽ ആയ ഒരു ചെറുപ്പക്കാരനുമായി. ’’

‘‘രാവിലെ ഞാൻ കോളജിൽ പോകാൻ ഇറങ്ങുമ്പോൾ അവൻ സൈക്കിൾ ചവിട്ടി വന്ന് വഴിയിൽ കാത്തുനിൽക്കും. ഒരു കത്തുമായി. അതും വാങ്ങി ബസിൽ കോളേജിലേക്ക് പോകുമ്പോൾ എന്റെ ഹൃദയമിടിപ്പ് കൂടും. കോളജിലെത്തിയാൽ ഞാൻ ടോയ്‌ലറ്റിലേക്ക് ഓടും. രഹസ്യമായി അവന്റെ കത്ത് വായിക്കാൻ. പിറ്റേന്ന് മറുപടിയെഴുതി കയ്യിൽ കരുതും.

രാത്രി ഒൻപത് മണിക്ക് അവൻ എന്റെ വീട്ടിനരികിലെത്തി സൈക്കിളിന്റെ ബെല്ലടിക്കും. ഞാൻ ഉടൻ മുകളിലെ എന്റെ റൂമിലെത്തി ലൈറ്റ് മൂന്നു വട്ടം ഓൺ ഓഫ് ആക്കും. അത് ഞങ്ങളുടെ പ്രണയ സന്ദേശമായിരുന്നു. ഡിഗ്രി കാലഘട്ടമായപ്പോഴേക്കും പരസ്പരം വീടുകൾ സന്ദർശിച്ചു തുടങ്ങി. മനസ് പങ്കു വച്ച ഞങ്ങൾ ശരീരവും പങ്കുവച്ചു തുടങ്ങി. ആണായതിനാൽ ഞങ്ങളുടെ അടുപ്പം വീട്ടുകാർ സംശയിച്ചില്ല.

എംബിഎ പാസായി നല്ലൊരു ജോലി സമ്പാദിച്ച് അവനോടൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, നല്ല പേടിയുണ്ടായിരുന്നു. സ്വവർഗരതി അന്ന് ക്രിമിനൽ കുറ്റമാണ്. മതം മാറിയും ജാതി മാറിയും പ്രണയിക്കുന്ന ഒരു പുരുഷനും സ്തീയും അനുഭവിക്കുന്നതിന്റെ ഇരട്ടിയായിരുന്നു അക്കാലത്ത് ഞങ്ങൾ അനുഭവിച്ച ടെൻഷൻ. പഠനം പൂർത്തിയായ ഞാൻ ദുബായിൽ ജോലി സമ്പാദിച്ചു. ജോലി തരമാക്കി അവനെയും കൊണ്ടുപോയി. അവിടെ ഒന്നിച്ചു ജീവിച്ചു.

അച്ഛൻ മരിച്ചപ്പോൾ വീട്ടിലെത്തിയ സമയത്താണ് വിവാഹം കഴിക്കാൻ അമ്മയും ചേച്ചിമാരും എന്നെ നിർബന്ധിച്ചു തുടങ്ങിയത്. ചേച്ചിമാരുടെ വിവാഹം അപ്പോഴേക്ക് കഴിഞ്ഞിരുന്നു. എനിക്ക് വേറെ നിവർത്തിയില്ലാതായതോടെ സത്യങ്ങൾ തുറന്നു പറഞ്ഞു. വീട്ടുകാർക്ക് അതൊരു ഷോക്ക് ആയിരുന്നു.

അതോടെ ‘നീ വീട്ടുകാർ പറയുന്നതു പോലെ വിവാഹം കഴിക്കൂ’ എന്ന് അവനും പറയാൻ തുടങ്ങി. എനിക്കത് സാധിക്കില്ല എന്നത് അവന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഒരു പെൺകുട്ടിയെ ചതിക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു. ഇക്കാരണത്താൽ പതിനാല് വർഷത്തെ ഞങ്ങളുെട പ്രണയം തകർന്നടിഞ്ഞു. അവൻ നാട്ടിൽ തിരിച്ചെത്തി വീട്ടുകാർ നിശ്ചയിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചു.’’ ഇത് പറയുമ്പോൾ നികേഷിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

അമ്മയെന്ന ആശ്വാസം

‘‘വിവരം അറിഞ്ഞതോടെ എല്ലാവരും ഇത് പ്രകൃതിവിരുദ്ധമാണെന്നും കുറ്റമാണെന്നും പറഞ്ഞു. അമ്മ സദാ കരച്ചിലായി. വീട്ടിൽ നിൽക്കാൻ വയ്യാതെ ഞാൻ എന്റെ നാടായ ഗുരുവായൂരിൽ നിന്നു എറണാകുളത്തേക്കു വന്നു. ഇടയ്ക്ക് വീട്ടിലെത്തുമ്പോൾ എൽജിബിടിയെ കുറിച്ചുള്ള പത്രവാർത്തകളും ഇന്റർനെറ്റ് വിവരങ്ങളും ഞാനമ്മയ്ക്ക് കാണിച്ചു കൊടുത്തു. സാവധാനം അമ്മ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടു. ’’

സോനുവിന്റെ വീട്ടിലും അപ്പോഴേക്ക് ഉരുൾ പൊട്ടിയിരുന്നു. ‘‘ഗേ ആണെന്നത് ഒരു കുറ്റബോധമായാണ് ചെറുപ്രായത്തിൽ മുതൽ ഞങ്ങളെപ്പോലുള്ളവരുടെ മനസിലുണ്ടാകുക. സ്കൂൾ കാലം മുഴുവനും അത് പേറിയാണു നടന്നത്. എന്റെ വീട്ടിൽ ഞാനായിരുന്നു മൂത്തത്. നല്ല ജോലി ലഭിച്ചതോടെ എന്റെ കല്യാണം നടത്താനായി അച്ഛനും അമ്മയും തയാറെടുത്തിരിക്കുകയായിരുന്നു. 29 വയസ്സു വരെ ഞാൻ രക്ഷപ്പെട്ടു നടന്നു. പിന്നെ നിവ‌‍ൃത്തിയില്ലാതെ ഞാൻ ഫോണിലൂടെ അമ്മയോട് കാര്യം പറഞ്ഞു.’’ സോനുവിന്റെ മുഖത്ത് അന്നത്തെ അതേ ആകുലത പടർന്നു.

‘‘കൂത്താട്ടുകുളം എന്ന തനി ഗ്രാമത്തിലാണ് എന്റെ വീട്. ഗേ എന്ന് കേട്ടിട്ടുപോലുമില്ല അച്ഛനും അമ്മയും. ഞാനിത് പറഞ്ഞപ്പോൾ അമ്മ തകർന്നുപോയി. ‘മോനേ.. നീ ഒരു കല്യാണം കഴിക്ക് എല്ലാം മാറും’ എന്ന് അമ്മ കരഞ്ഞു. ഒന്നും മാറില്ല എന്ന് എനിക്കറിയാമായിരുന്നു. ഒരു പെൺകുട്ടിയെ കണ്ടാൽ ചേച്ചിയായോ അനിയത്തിയായോ മാത്രമേ എനിക്ക് കാണാൻ കഴിയൂ. ലൈംഗികമായ ഒരു ചിന്തയും ഉണർവും തോന്നില്ല. മറിച്ച് ആൺകുട്ടികളോട് അത് തോന്നുന്നുമുണ്ട്. അതുകൊണ്ട് ഞാനവരെ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണിന്റെ അടുത്ത് കൊണ്ടുപോയി. ഡോക്ടർ പറഞ്ഞപ്പോൾ അവരെന്നെ ഉൾക്കൊണ്ടു. ഈ രണ്ട് അമ്മമാരുടെയും ഉപാധികളില്ലാത്ത സ്നേഹമാണ് എന്നെയും നികേഷേട്ടനെയും ഇന്ന് നിലനിർത്തുന്നത്.’’