Wednesday 06 March 2024 03:01 PM IST : By സ്വന്തം ലേഖകൻ

‘എടുത്തുയര്‍ത്തി നിലത്തെറിഞ്ഞു, ഇടിക്കുകയും തൊഴിക്കുകയും ചെയ്ത് അവശയാക്കി’: സ്പാനിഷ് വനിത നേരിട്ടത് രണ്ടര മണിക്കൂര്‍ കൊടിയ പീഡനം

rape-image-representation

ജാര്‍ഖണ്ഡിലെ ധുംകയില്‍ സ്പാനിഷ് വനിതയെ ഏഴുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ മനസ്സ് മരവിപ്പിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ട്രാവല്‍ വ്ലോഗറായ യുവതി പൊലീസിന് നല്‍കിയ പരാതിയുടെയും മൊഴിയുടെയും വിശദാംശങ്ങളാണ് പുറത്തുവന്നത്. രണ്ടര മണിക്കൂര്‍ നേരമാണ് യുവതി കൊടിയ ലൈംഗിക ആക്രമണത്തിന് ഇരയായത്. 

മോട്ടോര്‍ബൈക്കില്‍ ലോകപര്യടനം നടത്തിവന്ന യുവതിയും ഭര്‍ത്താവും വെള്ളിയാഴ്ചയാണ് ധുംകയിലെ കുംരാഹട്ട് ഗ്രാമത്തിലെത്തിയത്. നേരം വൈകിയതിനാല്‍ വനമേഖലയോട് ചേര്‍ന്ന സ്ഥലത്ത് ടെന്റ് കെട്ടി താമസിക്കാന്‍ തീരുമാനിച്ചു. മെയിന്‍ റോഡില്‍ നിന്ന് ഒരുകിലോമീറ്ററോളം ഉള്ളിലായാണ് ടെന്റ് കെട്ടിയത്. ഏഴുമണിയോടെ ടെന്റിന് പുറത്ത് ആരോ സംസാരിക്കുന്നത് കേട്ടു. പുറത്തിറങ്ങി നോക്കിയപ്പോള്‍ രണ്ടുപേര്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുന്നത് കണ്ടു. അല്‍പ്പം കഴിഞ്ഞ് രണ്ട് ബൈക്കുകളിലായി അഞ്ചുപേര്‍ കൂടി സ്ഥലത്തെത്തി.

‘ഹലോ ഫ്രണ്ട്സ്’ എന്നുപറഞ്ഞുകൊണ്ടാണ് സംഘം ടെന്റിനരിലേക്ക് എത്തിയത്. തുടര്‍ന്ന് സംഘത്തില്‍ മൂന്നുപേര്‍ യുവതിയുടെ ഭര്‍ത്താവുമായി മനഃപൂര്‍വം തര്‍ക്കിച്ചു. വാഗ്വാദം കയ്യേറ്റമായി. പ്രതികള്‍ അദ്ദേഹത്തിന്റെ കൈകള്‍ പിന്നിലാക്കി കെട്ടിയിട്ട് മര്‍ദിച്ചു. മറ്റുനാലുപേര്‍ യുവതിയെ അരിവാള്‍ കാട്ടി ഭീഷണിപ്പെടുത്തി. എടുത്തുയര്‍ത്തി നിലത്തെറിഞ്ഞു. ഇടിക്കുകയും തൊഴിക്കുകയും ചെയ്ത് അവശയാക്കിയ ശേഷം ഏഴുപേരും മാറി മാറി ബലാല്‍സംഗം ചെയ്തുവെന്ന് അതിജീവിത പൊലീസിനോട് പറഞ്ഞു. വൈകിട്ട് ഏഴരയ്ക്ക് തുടങ്ങിയ ആക്രമണം രാത്രി പത്തുമണിവരെ നീണ്ടു. അക്രമികള്‍ മദ്യപിച്ചിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

jharkhand-gang-rape-culprits.jpg.image.845.440

യുവതിയുടെയും ഭര്‍ത്താവിന്റെയും പക്കലുണ്ടായിരുന്ന വാച്ചും മോതിരങ്ങളും 11,000 രൂപയും 300 ഡോളറും പഴ്സും ഇയര്‍പോഡുകളും ക്രെഡിറ്റ് കാര്‍ഡും സ്വിസ് നൈഫും സ്പൂണും ഫോര്‍ക്കുമടക്കം അക്രമികള്‍ തട്ടിയെടുത്തു. സംഘത്തില്‍ ഒരാള്‍ക്ക് 28–30 വയസ് തോന്നിക്കുമെന്നും മറ്റുള്ളവര്‍ പത്തൊന്‍പതിനും ഇരുപത്തിനാലിനുമിടയില്‍ പ്രായമുള്ളവരാണെന്നും എഫ്ഐആറില്‍ പറയുന്നു. ആക്രമണത്തിനുശേഷം സംഘം സമീപത്തെ ഗ്രാമത്തിലേക്ക് ഓടി രക്ഷപെട്ടു. 

11 മണിയോടെ യുവതിയും ഭര്‍ത്താവും എങ്ങനെയൊക്കെയോ മെയിന്‍ റോഡിനരികിലെത്തി. 11 മണിയോടെ ഹന്‍സ്ദിഹ പൊലീസ് സ്റ്റേഷനില്‍ നിന്ന് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. പൊലീസ് സംഘമാണ് ഇരുവരെയും അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പ്രഥമശുശ്രൂഷ നല്‍കിയശേഷം പുലര്‍ച്ചെ 2.05ന് പൊലീസ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

ഐപിസി 376 ഡി വകുപ്പനുസരിച്ച് കൂട്ടബലാല്‍സംഗം, 395 പ്രകാരം കൊള്ളയടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ഏഴ് പ്രതികളെയും പിടികൂടിയെന്ന് ധുംക പൊലീസ് അറിയിച്ചു. ലോകപര്യടനത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ പാക്കിസ്ഥാനില്‍ നിന്നാണ് യുവതിയും ഭര്‍ത്താവും ഇന്ത്യയിലെത്തിയത്. ഇടയ്ക്ക് ശ്രീലങ്കയിലേക്ക് പോയശേഷം രണ്ടാഴ്ച മുന്‍പാണ് ഇരുവരും വീണ്ടും ഇന്ത്യയില്‍ എത്തിയത്. തുടര്‍ചികില്‍സയ്ക്കായി ചൊവ്വാഴ്ച അവര്‍ ജാര്‍ഖണ്ഡില്‍ നിന്ന് പോയി.

jharkhand-gang-rape-accused-court.jpg.image.845.440
Tags:
  • Spotlight