Saturday 23 December 2023 12:43 PM IST : By ശ്രീജ പുതുമന

ഇന്ന് ഭഗവത് ഗീതാ ജയന്തി; ഭഗവത് ഗീതയുടെ 700 ശ്ലോകങ്ങളും 59 മിനിറ്റിനുള്ളിൽ ചൊല്ലി റെക്കോര്‍ഡിട്ട ശ്രീജ പുതുമന! ഓര്‍മശക്തി കൂട്ടിയ പഠനത്തിന്റെ കഥ

sreeja-puthumana

ശ്രീജ പുതുമന അറിയപ്പെടുന്ന നർത്തകിയാണ്. കാനഡയിൽ ഐടി രംഗത്ത് ജോലി ചെയ്യുന്നു. ശ്യംഗേരി ശാരദാപീഠം നടത്തിയ ഭഗവത്ഗീതാ പാരായണത്തിൽ 700 ശ്ലോകങ്ങളും ഓർമയിൽ നിന്നു 59 മിനിറ്റിനുള്ളിൽ ചൊല്ലി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓർമയുമായി ബന്ധപ്പെട്ട് ശ്രീജ ധാരാളം പഠനങ്ങൾ നടത്തിയിട്ടുണ്ട്. സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികൾക്ക് ഓർമയുമായി ബന്ധപ്പെട്ട ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. ഫിസിക്സിൽ ബിരുദവും സോഫ്റ്റ് വെയർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവുമുള്ള ശ്രീജ കാനഡയിൽ സോഫ്റ്റ്‌വെയർ മേഖലയിൽ കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. യോഗ ഇൻസ്ട്രക്റ്റര്‍ കൂടിയാണ് ശ്രീജ. ഭഗവത് ഗീതാ ജയന്തി ദിനത്തില്‍ ഭഗവത്ഗീതാ പാരായണത്തിന്റെ അനുഭവങ്ങള്‍ വനിതാ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ശ്രീജ പുതുമന.

എന്റെ ഓര്‍മ പരീക്ഷണങ്ങള്‍... 

നാലു വരിയുള്ള എഴുന്നൂറു ശ്ലോകങ്ങളാണ് ഭഗവത്ഗീതയുടെ ഉള്ളടക്കം. ഈ വരികൾ കാണാതെ പഠിച്ചാണ് ഞാൻ ‘ഇന്ത്യ ബുക് ഓഫ് റിക്കോർഡ്സി’ൽ ഇടം നേടിയത്. ചിട്ടയായ പഠനത്തിലൂടെയും കൃത്യമായ പരിശീലനത്തിലൂടെയുമാണ് ഈ നേട്ടം കൈവരിച്ചത്. ഒരു മൊബൈൽ നമ്പർ പോലും കാണാതെ പറയാൻ കഴിയാതിരുന്ന എനിക്ക് ഇന്ന് എത്ര നമ്പർ വേണമെങ്കിലും ഓർക്കാൻ കഴിയും. മാത്രമല്ല, ജോലിയിലായാലും നിത്യജീവിതത്തിലായാലും, ഔദ്യോഗിക ജീവിതത്തിലായാലും ഓർമശക്തി ഒരുപാട് ഗുണങ്ങൾ ചെയ്യുന്നു. ഭഗവത്ഗീത പഠനകാലത്തും പിന്നീടും ഓർമയെ സംബന്ധിച്ച് നമ്മുടെ പുരാണങ്ങളിൽ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങൾ ക്രോഡീകരിച്ചാണ് ഓർമയെ സംബന്ധിച്ച ഈ നിഗമനങ്ങളിൽ എത്തിയിട്ടുള്ളത്.

കാസർഗോ‍ഡ്  ചെറുവത്തൂരിൽ ജനിച്ച്, കാനഡയിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന ഞാൻ ഭഗവത്ഗീത പഠിക്കാൻ തുടങ്ങിയപ്പോൾ അതൊരു ഓർമ പരീക്ഷണം കൂടിയായി മാറി. സംസ്കൃത ഭാഷയിലുള്ള ഭഗവത്ഗീത മുഴുവനായി 59 മിനിറ്റ് കൊണ്ട് 700 ശ്ലോകങ്ങളും ഉരുവിട്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടി ഭഗവത്ഗീത പഠനത്തെക്കുറിച്ചും ശ്ലോകങ്ങൾ മുഴുവൻ മനഃപാഠമാക്കാൻ സഹായിച്ച ടെക്നിക്കുകളെക്കുറിച്ചും പറയാം.

ഉറക്കെ ചൊല്ലി പഠനം

പഴയ ഗുരുകുല സമ്പ്രദായത്തിലെ പോലെ ഉറക്കെ ചൊല്ലിയായിരുന്നു പഠനം.  ഒരു ദിവസം അഞ്ചു ശ്ലോകം പഠിക്കും. ഒരു ശ്ലോകം  നാല് വരിയാണ്. മണിക്കൂറും പഠിക്കും. ഭഗവത്ഗീതയിലെ ശ്ലോകങ്ങളെല്ലാം ഓരോ അധ്യായവും ഒരു പ്രിന്റ് എടുത്ത്, എവിടെ പോയാലും കരുതും. കിട്ടുന്ന ഇടവേളയിലൊക്കെ ഹൃദിസ്ഥമാക്കാൻ ശ്രമിക്കും. അങ്ങനെ 2020ൽ ഗീത മുഴുവനും പഠിച്ചു തീർത്തു. ആ സമയത്ത് രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായതുകൊണ്ട് പരീക്ഷയ്ക്ക് ഇരുന്നില്ല. കുട്ടി ഉണ്ടായിക്കഴിഞ്ഞ് വീണ്ടും ഒന്നുകൂടി ഗീത മുഴുവനായി പഠിച്ചു. 

യൂണിവേഴ്സിറ്റിയിലെ പരീക്ഷയ്ക്ക് 2022 മേയിൽ ചിക്കമഗളൂരുവിന് അടുത്തുള്ള ശ്രീ ശൃംഗേരി മഠത്തിലെ ശാരദാപീഠത്തിൽ പരീക്ഷയ്ക്കിരുന്നു. ശ്രീ ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങളിൽ ഒന്നാണിത്. ഇപ്പോഴത്തെ ശങ്കരാചാര്യരായ ജഗത്ഗുരു ശങ്കരാചാര്യ ശ്രീ ശ്രീ ഭാരതി തീർത്ഥ സ്വാമിയുടെ മുൻപാകെ നടന്ന വാചാ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി. 2022 ഏപ്രിലിലാണ് ഭഗവത്ഗീതയിലെ മുഴുവൻ ശ്ലോകങ്ങളും 59 മിനിറ്റ് കൊണ്ട് കാണാതെ ചൊല്ലിത്തീർത്ത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്.

sreejaputhumana4

ഗീത മാറ്റിയ ജീവിതം

ഇപ്പോൾ ഒറ്റത്തവണ മതി. പൊതുവേ കാര്യങ്ങളെല്ലാം ഓർത്തിരിക്കാനുള്ള ശേഷി വർധിച്ചു. സമാധാനപൂർണവും സന്തോഷകരവുമായി ജീവിക്കേണ്ടതെങ്ങനെയെന്നാണ് ഗീത പറയുന്നത്. പലയാവർത്തി ശ്ലോകങ്ങൾ അർഥം മനസ്സിലാക്കി ഉരുവിട്ട് പഠിച്ച് അവയിലെ നിർദേശങ്ങൾ പലതും ജീവിതത്തിന്റെ ഭാഗമായി. കുട്ടികളെ സംബന്ധിച്ച് ഗീത ഹൃദിസ്ഥമാക്കൽ ഒന്നാന്തരം മെമ്മറൈസേഷൻ ടെക്നിക് ആണെന്നു പറയാം. പ്രതിസന്ധികളിൽ വാടിപ്പോകാതെ ധൈര്യപൂർവം മുന്നേറുന്നത് എങ്ങനെയെന്നുള്ള ജീവിതനൈപുണി പരിശീലനമാണ് ഗീതാപഠനം. ഇതു ജീവിതരീതിയെ പാടേ മാറ്റും. ഫോണിനോടും ഡിജിറ്റൽ ഉപകരണങ്ങളോടുമുള്ള ആസക്തി മറികടക്കാനും സഹായിക്കും.

ഇന്ന് ഭഗവത് ഗീതാ ജയന്തി

ജീവിതത്തിലെ ഏതു സാഹചര്യവും തരണം ചെയ്യാനുള്ള ആത്മധൈര്യം നൽകിയ ഭഗവത്ഗീത ജനിച്ച ദിവസമാണിന്ന്. മാർഗശീർഷ മാസത്തിലെ ശുക്ലപക്ഷ ഏകാദശി ദിവസമാണ് ഭഗവാൻ കൃഷ്ണൻ അർജുനന് സ്വയം ഉപദേശിച്ചു എന്നു വിശ്വസിക്കുന്ന ഭഗവത് ഗീതയുടെ ജനനം. കൊല്ലവർഷപ്രകാരം ധനുമാസത്തിൽ സ്വർഗവാതിൽ ഏകാദശി ദിവസമാണ് ഭഗവത്ഗീത ജയന്തിയായി വരുന്നത്. ആ കണക്കുപ്രകാരം ഡിസംബർ 22 രാവിലെ മുതൽ ഡിസംബർ 23 രാവിലെ വരെയാണ് ഗീതാജയന്തിയായി ആഘോഷിക്കുന്നത്.  അതുകൊണ്ടാവും ഉത്തരേന്ത്യയിൽ ഇന്നലെയായിരുന്നു ഗീതാജയന്തിയായി ആഘോഷിച്ചത് ദക്ഷിണേന്ത്യയിൽ ഇന്നും. 

ഭാരതീയ പൈതൃകസമ്പത്തിൽ ഏറ്റവും മൂല്യവത്തായ ഒന്നാണ് ഭഗവത്ഗീത. ഭഗവത് ഗീത വെറുമൊരു മതഗ്രന്ഥമല്ല. ഭാരതത്തിന്റെ ചരിത്രവും പ്രചോദനവും ജ്ഞാനവും ആണ്. ഭഗവത് ഗീത പഠിക്കാതെയോ അറിയാതെയോ ഭാരതത്തിന്റെ അതുല്യമായ ധർമത്തിൽ അധിഷ്ഠിതമായ സംസ്കാരം അറിയാൻ പറ്റില്ല. ഒരു നല്ല സുഹൃത്ത് അടുത്തിരുന്ന് ഉപദേശിക്കുന്നതുപോലെയാണ് ഭഗവത് ഗീത വായിക്കുന്നവർക്ക് അനുഭവപ്പെടുന്നത്. എഴുനൂറു ശ്ലോകങ്ങളിലൂടെയാണ് ജീവിതത്തിന്റെ പല പല സന്ധികളെക്കുറിച്ചും പറയുന്നത്. 

മനസ്സിനെ വേദനിപ്പിക്കുന്ന ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാനും ആത്മധൈര്യം നല്കി ഏതു സാഹചര്യത്തെയും നേരിടാനും നമ്മെ പ്രാപ്തരാക്കുന്നു എന്നതാണ് ഭഗവതീഗീതയുടെ പ്രത്യേകത. വേദങ്ങൾ മന്ത്രങ്ങളായി എഴുതപ്പെട്ടു. ഉപനിഷത്തുകൾ ഗുരുശിഷ്യ സംവാദങ്ങളായും എഴുതപ്പെട്ടപ്പോൾ ഏതു സാധാരണക്കാരനും മനസ്സിലാവുന്ന തരത്തിൽ 18 അധ്യായങ്ങളും 700 ശ്ലോകങ്ങളുമായിട്ടാണ് ഭഗവത് ഗീത എഴുതപ്പെട്ടത്.

ജീവിതത്തിൽ ഒരു സാധാരണ മനുഷ്യൻ അനുഭവിക്കുന്ന പ്രതിസന്ധികളും അതിനുള്ള ദൈവികമായ പരിഹാരങ്ങളുമാണ് ഭഗവത് ഗീത പ്രതിനിധാനം ചെയ്യുന്നത്. ആത്യന്തികലക്ഷ്യമായി  മോക്ഷത്തെയാണു സൂചിപ്പിക്കുന്നതെങ്കിലും മോക്ഷത്തിലേക്കുള്ള വഴികളിൽ സ്നേഹവും സന്തോഷവും ആരോഗ്യജീവിതവും ഇഹലോകജീവിതത്തിൽ വാരി വിതറാനുള്ള പ്രായോഗികമായ ഉപദ്ദേശങ്ങളും പരിഹാരങ്ങളും നിർദേശിക്കുന്നുണ്ട്. അതു കണ്ടെത്തുക എന്നതാണു പ്രധാനം. അതിന് ധ്യാനവും മനനവും ആവശ്യമാണ്.

sreeja-puthumana2

ഭഗവത് ഗീത പഠിപ്പിക്കുന്നത്..  

നമ്മുടെ ഏറ്റവും വലിയ ശത്രു മടി ആണെന്നും എങ്ങനെ മടി പിടിച്ച അവസ്ഥ തരണം ചെയ്യാമെന്നും ഭഗവത് ഗീതയിൽ പറയുന്നുണ്ട്. ഏതെങ്കിലും ഒരു തീരുമാനം എടുക്കാനാവാതെയിരിക്കുമ്പോൾ അല്ലെങ്കിൽ നിരാശപ്പെടുമ്പോൾ പ്രതീക്ഷകൾ മുഴുവൻ നശിച്ചിരിക്കുമ്പോൾ എന്തു ചെയ്യണം എന്ന് ഭഗവത് ഗീതയിൽ പറയുന്നുണ്ട്. ഏതെങ്കിലും ഒരുകാര്യത്തിനോട് അമിതമായ ആസക്തിയുണ്ടെങ്കിൽ എങ്ങനെ നേരിടണം എന്നും ഭഗവത് ഗീതയിൽ പറയുന്നുണ്ട്. 

ഏതു രീതിയിലുള്ള ഭയവും നിങ്ങളെ കീഴടക്കുകയാണെങ്കിൽ എന്തുചെയ്യണം? ഏറ്റവും പ്രിയപ്പെട്ട ഒരാൾ മരണപ്പെട്ടാൽ അത്തരം സാഹചര്യങ്ങളെ എങ്ങനെ മറികടക്കണം എന്നറിയാത്തവരാണ് നമ്മളിൽ കൂടുതൽ പേരും. കുറ്റബോധം, കാമം, ആർത്തി, അപകർഷതാബോധം, എന്നുവേണ്ട നമ്മൾ ദൈനംദിന ജീവിതത്തിൽ അനുഭവിക്കുന്ന ഓരോ മാനസികസമ്മർദ്ദത്തിനും ഉത്തരം വേറെ എവിടെയും അന്വേഷിക്കേണ്ടതില്ല.

നിങ്ങളുടെ മനസ്സിന്റെ ശക്തിയാൽ സ്വയം ഉയർത്തുക. സ്വയം താഴ്ത്തരുത്. കാരണം മനസ്സ് സ്വയം മിത്രവും ശത്രുവുമാകാം. എന്നാണ് ഭഗവത്ഗീതയുടെ ആപ്തവാക്യം. വിഷമസന്ധികളിൽ മഹാത്മാഗാന്ധി പോലും ആശ്രയിച്ചിരുന്നത് ഭഗവത് ഗീതയെ ആയിരുന്നു. ഒരു നല്ല സുഹൃത്ത് തൊട്ടടുത്തിരുന്ന് ഉപദേശിക്കുന്നതുപോലെ അല്ലെങ്കിൽ വിശ്വാസികളാണെങ്കിൽ ദൈവം നേരിട്ടുവന്ന് നമ്മുടെ ഓരോ പ്രശ്നവും കേട്ടു നമ്മളെ തളരാതെ അതിനെ തരണം ചെയ്യാൻ സഹായിക്കുന്ന എഴുന്നൂറു ശ്ലോകങ്ങളാണ് ഭഗവത് ഗീത. സ്വാമി വിവേകാനന്ദൻ യോഗയെ കർമ്മയോഗ, ജ്ഞാനയോഗ, രാജയോഗ, ഭക്തിയോഗ എന്നിങ്ങനെ പ്രധാനമായും നാലു ശാഖകൾ ആയി തരം തിരിച്ചിരിക്കുന്നത് ഭഗവത് ഗീതയെ ആസ്പദമാക്കിയാണ് എന്നറിയുമ്പോൾ ആധുനിക സമൂഹത്തിൽ ഭഗവത് ഗീതയ്ക്കുള്ള സ്ഥാനം ഊഹിക്കാവുന്നതേയുള്ളു.

വാനോളം പുകഴ്ത്തി ലോകനേതാക്കൾ 

ലോകനേതാക്കൾ മുഴുവൻ സംഗമിച്ച ജി. 20 ഉച്ചകോടിയിൽ ആസ്ക് ഗീത (ASK GITA) എന്ന ആപ്പിലൂടെ ഏതുതരം പ്രശ്നങ്ങൾക്കും ഭഗവത് ഗീതയിലൂടെ ഉത്തരം നൽകി. ശരീരം മുഴുവൻ വിറച്ചു. തലമുടി തുറിച്ചു നിന്ന് കൈയിൽ നിന്നു ഗാണ്ഡീവം താഴേക്കു വഴുതി വീഴുന്ന, ആശങ്കയോടെ നിൽക്കുന്ന അർജ്ജുനൻ നമ്മൾ ഓരോരുത്തരുമാണെന്ന് ഓർമ്മപ്പെടുത്തുകയാണ് ഭഗവത് ഗീത വർത്തമാനജീവിതത്തിലൂടെ. ആൽബർട്ട് ഐൻസ്റ്റീൻ, ആൽദസ് ഹക്സ്‌ലി, റുഡോൾഫ് സ്്റ്റൈനർ, റാൽഫ് വാൾഡോ എമേഴ്സൺ തുടങ്ങി പാശ്ചാത്യലോകത്തെ പ്രബുദ്ധർ ഭഗവത് ഗീതയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടവരാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമി, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തുടങ്ങിയ ലോകനേതാക്കൾ ഭഗവത്ഗീതയെ വാനോളം പുകഴ്ത്തുന്നവരാണ്.

ഭഗവത് ഗീതയെക്കുറിച്ചുള്ള വ്യക്തമായ അറിവിൽ നിന്ന് മനുഷ്യന്റെ നിലനിൽപ്പിന്റെ എല്ലാ ലക്ഷ്യങ്ങളും നിവൃത്തിയാകുന്നു. വേദത്തിലെ എല്ലാ ഉപദേശങ്ങളുടെയും പ്രകടമായ സത്തയാണ് ഭഗവത് ഗീത എന്ന് ആദിശങ്കരചാര്യർ കുറിച്ചപ്പോൾ മഹാത്മാക്കൾ എന്തു പ്രവൃത്തി ചെയ്താലും സാധാരണക്കാർ പിന്തുടരുന്നു എന്ന തത്വം അദ്ദേഹം ആവർത്തിക്കുകയായിരുന്നു. ലോകജനതയ്ക്കു മുന്നിൽ എക്കാലവും ഭാരതീയന്റെ അഭിമാനം ഉയർത്തുവാൻ ഭഗവത് ഗീത എന്ന തത്വശാസ്ത്രം ജനിച്ച ഈ ദിവസം നമ്മെ ഓർപ്പിക്കുന്നു.

എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ആധ്യാത്മിക ഗ്രന്ഥമെന്നാണ് ശ്രീമദ് ഭഗവത്ഗീതയെ വിശേഷിപ്പിക്കാറുള്ളത്. വ്യാസവിരചിതമായ സംസ്കൃത ശ്ലോകങ്ങൾക്കു ദർശനഭംഗിയും കാവ്യഭംഗിയും ഏറെയാണ്. പതിനെട്ട് അധ്യായങ്ങളിലായി 700 ഗഹനമായ ശ്ലോകങ്ങൾ ലളിതവും അതേസമയം ഗഹനവുമാണ്. താളിയോലകൾ പ്രചാരത്തിലാകും മുൻപുള്ള കാലത്ത്, സങ്കീർണമായ സംസ്കൃതഭാഷയിലുള്ള  പുരാണങ്ങളും ഇതിഹാസങ്ങളും ഋഷിവര്യന്മാർ ഓർമയിൽ നിന്നാണു പറഞ്ഞിരുന്നത്. ഓർമശക്തി വർദ്ധിപ്പിക്കാൻ പൂർവികർ ചെയ്തിരുന്നത് എന്തൊക്കെയാണെന്ന് ആർക്കും അറിഞ്ഞുകൂടാ. എന്നാൽ ഓർമയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ പുരാതന ഗ്രന്ഥങ്ങളിലുണ്ട്. പുരാണങ്ങളിൽ നിന്നുള്ള പാഠങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാലത്ത് എന്തൊക്കെ ചെയ്യാൻ കഴിയും എന്നത് പ്രസക്തമാണ്.

തയാറാക്കിയത്: വി ആര്‍ ജ്യോതിഷ് 

Tags:
  • Spotlight
  • Motivational Story
  • Inspirational Story