നിലവിളികൾക്കു നടുവിൽ നിന്ന് പതറാതെ ചിതയൊരുക്കുന്ന സ്ത്രീ
ജീവിതത്തെ നേരിടാൻ ചിതയൊരുക്കുന്ന തൊഴിൽ സ്വീകരിച്ച ആലപ്പുഴ കുത്തിയതോടിലെ ശ്രീരഞ്ജിനി
ഒരു വീട്ടിൽ സംസ്കാരത്തിനു ചെന്നപ്പോൾ കൊച്ചു കുട്ടികൾ പറമ്പിൽ നിന്നു കളിക്കുകയാണ്. അതിലൊരു കുഞ്ഞിനെ ഞാൻ ശ്രദ്ധിച്ചു. നല്ല ഓമനത്തമുള്ള കുട്ടി. സംസ്കാര സമയത്തു കർമം ചെയ്യുന്ന ആളെ കണ്ടപ്പോഴാണ് ഞാൻ ഞെട്ടിപ്പോയത്. ആ കുട്ടി ഈറനണിഞ്ഞു വരുന്നു. അവന്റെ അച്ഛനാണു മരിച്ചത്. 43 വയസ്സേ പ്രായമുള്ളൂ. ഹൃദയസ്തംഭനമായിരുന്നു. മരണവീടുകളിൽ ഇതുപോലെ ചില കാഴ്ചകളുണ്ടാകും. അച്ഛനോ അമ്മയോ മരിച്ചതറിയാതെ കൂട്ടുകാരോടൊപ്പം കളിക്കുന്ന നിഷ്കളങ്കരായ കുട്ടികൾ. അവർക്ക് അറിയില്ല മരണം എന്നാൽ എന്താണെന്ന്.
വയലാർ എഴുതിയ കവിത ഓർമയില്ലേ?
‘...തൊട്ടടുത്തങ്ങേ പറമ്പിൽ ചിതാഗ്നി തൻ ജ്വാലകൾ
ആ ചിതാഗ്നിക്കു വലം വച്ചു ഞാൻ
എന്തിനച്ഛനെ തീയിൽ കിടത്തുന്നു നാട്ടുകാർ
ഒന്നും മനസ്സിലായില്ലെനിക്കപ്പോഴും
ചന്ദന പമ്പരം തേടി നടന്നു ഞാൻ...’
ജോലിക്കിടയിൽ ഞങ്ങളുടെ മനസ്സും ഉരുകിപ്പോകുന്ന സ ന്ദർഭങ്ങൾ ധാരാളമുണ്ട്. ഉറ്റവരുടെ അലമുറകൾ. അടക്കിപ്പിടിച്ച തേങ്ങലുകൾ.
പണ്ടു വീടിനടുത്തു മരണം നടന്നാൽ പേടിച്ചു കുറേ ദിവസത്തേക്കു ഞാൻ പുറത്തിറങ്ങാറില്ലായിരുന്നു. മരിച്ച ആ ൾ പിന്നിലുണ്ട് എന്നു തോന്നും. അങ്ങനെയുള്ള ഞാനാണ് ഇപ്പോൾ മഞ്ചമൊരുക്കി പരേതരെ യാത്രയാക്കുന്നത്. സാഹചര്യമല്ലേ മനുഷ്യരെ ഓരോ അവസ്ഥയിൽ എത്തിക്കുന്നത്.
എല്ലാ മരണവീടുകൾക്കും ഒരേ മനസ്സാണ്. മിക്കവാറും സ്ഥലത്തു മരണാനന്തരചടങ്ങുകൾ നടത്താൻ കർമികൾ ഉണ്ടാകും. അവർ പറയുന്നതിന് അനുസരിച്ചു ചെയ്താൽ മതി. ചിലയിടത്തു നമ്മൾ തന്നെ എല്ലാം ചെയ്യണം. ചടങ്ങുകളിൽ ഏറ്റവും വേദനാജനകം അവസാനത്തെ കൊള്ളി വയ്ക്കുന്നതാണ്. മുഖം പട്ടുകച്ച കൊണ്ടു മൂടും. മരിച്ചവർക്ക് അതോടെ ഈ ഭൂമിയും ആകാശവും അന്യമാകും.
മുഖത്തിനു മുകളിലൂടെ കണ്ണിെന മറച്ചു കൊണ്ട് വിറകു കൊള്ളികൾ അടുക്കും. കച്ചയിൽ നിന്നൊരു നൂലെടുത്തുതീക്കൊള്ളി കൊണ്ടു അതു മുറിക്കും. ബന്ധങ്ങളുടെ ചരടുകൾ മുറിച്ചു ശരീരം അഗ്നിക്കു സമർപ്പിക്കും. ചുറ്റും പുകച്ചുരുൾ പരക്കും. അതോടെ തീർന്നു എല്ലാം. ഒരു മനുഷ്യായുസ്സു കൊണ്ടു നേടിയതെല്ലാം പിന്നെ, ഒരു പിടി ചാരമാകും.
അത്രേയുള്ളൂ ജീവിതം. പക്ഷേ, ജീവിച്ചിരിക്കുമ്പോൾ പലരും അതോർക്കാറില്ല. പക്ഷേ, ഈ പറഞ്ഞതിനേക്കാളും അപ്പുറമാണ് ശ്രീരഞ്ജിനിയുടെ അതിജീവനത്തിന്റെ കഥ.
ഫീച്ചറിന്റെ പൂർണരൂപം ഈ ലക്കം വനിതയിൽ വായിക്കാം.