Friday 22 October 2021 04:28 PM IST : By സ്വന്തം ലേഖകൻ

കോമയിലാക്കും ഹൈപോഗ്ലൈസീമിയ എന്ന വില്ലൻ; രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറഞ്ഞുപോയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

hypoglycemiaa4455

പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെയും കുറയാതെയും നിലനിർത്തേണ്ടത് ഏറ്റവും പ്രധാനമാണ്. ഷുഗർ കൂടുന്നത് പോലെത്തന്നെ കുറയുന്നതും അപകടകരമാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഒരു ഡെസിലീറ്ററില്‍ 70 മില്ലിഗ്രാം എന്ന സാധാരണ തോതില്‍ നിന്നു താഴെ വരുന്ന അവസ്ഥയെ ഹൈപോഗ്ലൈസീമിയ എന്ന് വിളിക്കും. ഇത് പെട്ടെന്ന് തിരിച്ചറിഞ്ഞു ചികിത്സയെടുത്തില്ലെങ്കിൽ രോഗി കോമയിലായി പോകും. 

ഇന്‍സുലിന്‍ മരുന്നുകളുടെ ഡോസ് കൂടുന്നതോ ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ കഴിക്കാത്തതോ ആണ് പലപ്പോഴും ഹൈപോഗ്ലൈസീമിയയിലേക്ക് നയിക്കുന്നത്. വിറയല്‍, തലകറക്കം, പരിഭ്രമം, വിയര്‍ക്കല്‍, കുളിര്, ആശയക്കുഴപ്പം, ദേഷ്യം തുടങ്ങിയവയാണ് ഹൈപോഗ്ലൈസീമിയയുടെ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ 15-15 റൂള്‍ പിന്തുടരാന്‍ അമേരിക്കന്‍ ഡയബറ്റിക്സ് അസോസിയേഷന്‍ ശുപാര്‍ശ ചെയ്യുന്നു.

15-15 റൂള്‍ അറിയാം 

15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം 15 മിനിറ്റിന്റെ ഇടവേളകളില്‍ കഴിച്ചു കൊണ്ടിരിക്കുന്നതാണ് 15-15 റൂള്‍. പെട്ടെന്ന് രക്തത്തില്‍ പഞ്ചസാരയായി മാറാന്‍ സാധ്യതയുള്ള പ്രോട്ടീനോ, കൊഴുപ്പോ ഇല്ലാത്ത ഭക്ഷണ പാനീയങ്ങള്‍ ആദ്യം 15 ഗ്രാം കഴിക്കണം. ശീതള പാനീയങ്ങള്‍, തേന്‍, മധുരമുള്ള മിഠായി അങ്ങനെ എന്തെങ്കിലുമാകാം. ഇത് കഴിച്ച് 15 മിനിട്ടിന് ശേഷം രക്തത്തിലെ പഞ്ചസാര പരിശോധിക്കണം. 

70 മില്ലിഗ്രാം എന്ന സാധാരണ നിലയിലേക്ക് എത്തിയിട്ടില്ലെങ്കില്‍ വീണ്ടും ഒരു 15 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണം കഴിക്കണം. എന്നിട്ട് 15 മിനിട്ട് കഴിഞ്ഞ് പരിശോധിക്കണം. രക്തത്തിലെ പഞ്ചസാരയുടെ തോത് 70 മില്ലിഗ്രാമിലേക്ക് എത്തുന്നത് വരെ ഈ പ്രക്രിയ ആവര്‍ത്തിക്കണം. പഞ്ചസാരയുടെ തോത് സാധാരണ ഗതിയില്‍ ആയതിന് ശേഷം എന്തെങ്കിലും ഭക്ഷണമോ സ്നാക്സോ കഴിച്ച് ശരീരത്തിലെ ഗ്ലൈക്കജന്‍ തോത് നിലനിര്‍ത്തണം. 

15-15 റൂള്‍ പ്രകാരം മൂന്നുതവണ ശ്രമിച്ചിട്ടും രക്തത്തിലെ പഞ്ചസാരയുടെ തോത് സാധാരണ ഗതിയില്‍ ആകുന്നില്ലെങ്കിൽ ഉടന്‍തന്നെ വൈദ്യസഹായം തേടണം. ഹൈപോഗ്ലൈസീമിയ വരാതിരിക്കാന്‍ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണരീതികൾ പിന്തുടരാനും കൃത്യമായി മരുന്നുകൾ കഴിക്കാനും രോഗി ശ്രദ്ധിക്കണം.

Tags:
  • Spotlight