Tuesday 09 October 2018 10:59 AM IST : By സ്വന്തം ലേഖകൻ

ജയിലിൽ നിന്നിറങ്ങി നേരെ പോയത് വൃക്കദാനം ചെയ്യാൻ; സുകുമാരനെന്ന കൊലപാതകിയെ പ്രിൻസിയുടെ രക്ഷകനാക്കി മാറ്റിയ കാലത്തിന്റെ തിരക്കഥയിങ്ങനെ

suku

ചല നിയോഗങ്ങളുണ്ട്...ദൈവം നിശ്ചയിച്ചുറപ്പിക്കുന്ന ചില തെരഞ്ഞെടുപ്പുകളുണ്ട്. വീണുപോകുന്ന അവസരങ്ങളിൽ, സർവ്വതും നഷ്ടപ്പെട്ടു എന്ന് കരുതുന്ന നിമിഷങ്ങളിൽ അത്തരക്കാർ നമ്മുടെ രക്ഷയ്ക്കെത്തും, ദൈവത്തിന്റെ പ്രതിപുരുഷൻമാരെപ്പോലെ.

കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സുകുമാരനെന്ന ജയിൽപ്പുള്ളിയെ ദൈവം തെരഞ്ഞെടുത്തതും അത്തരമൊരു നിയോഗത്തിന് വേണ്ടിയായിരുന്നു. കേട്ടാലറയ്ക്കുന്ന...വെറുക്കുന്ന....പഴിക്കുന്ന...അയാളുടെ ഭൂതകാലം അടിമുടി മാറ്റിയെഴുതുന്നതായിരുന്നു കാലത്തിന്റെ തിരക്കഥ. കുപ്രസിദ്ധ കൊലപാതകി നേരമിരുട്ടി വെളുത്തപ്പോൾ മാനസാന്തരപ്പെട്ട് രക്ഷകനായി മാറിയ കഥ കേട്ടാൽ ആരും ഒന്നമ്പരക്കും. ആ കഥയിങ്ങനെ.

സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം കൊലപാതകിയായ എത്രയോ ഉദാഹരണങ്ങളിൽ ഒന്നു മാത്രമായിരുന്നു സുകുമാരനും. എന്നാൽ അയാളുടെ നന്മമനസിന് സമാനതകളില്ല എന്നു തന്നെ പറയേണ്ടി വരും. ഒരു നിമിഷത്തിന്റെ വികാരത്തള്ളിച്ചയിലായിരുന്നു സുകുമാരൻ ജയിലറയ്ക്കുള്ളിലെ കേവലമൊരു നമ്പരായി മാറിയത്. ഒരു നിമിഷത്തിന്റെ നഷ്ടപ്പെടലില്‍ പിറന്ന തെറ്റ്.

പാലക്കാട് ജില്ലയിലെ പട്ടാമ്പി സ്വദേശിയായ സുകുമാരൻ ഇരുപത്തിയാറാമത്തെ വയസിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ പോയത്. മൊബൈൽ ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തർക്കമായിരുന്നു സുകുമാരന്റെ വിധി മാറ്റിയെഴുതിയത്. സുകുമാരന്റെ അച്ഛന്റെ ഏറ്റവും ഇളയ അനിയനായിരുന്നു ഇര, കുറ്റവാളി സുകുമാരനും. 2010 ഒക്ടോബർ 28 നാണ് സഭവം നടന്നത്. സംഭവത്തിനു പിന്നാലെ സുകുമാരൻ പൊലീസിന് മുന്നിൽ സ്വമേധയാ കീഴടങ്ങി.

ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചത്. പതിനാല് വർഷത്തെ ജയിൽ വാസം സുകുമാരന്റെ മനസ്സിൽ മാറ്റത്തിന്റെ വിത്തുകൾ പാകി. ജയിൽപ്പുള്ളിയെന്ന മേൽവിലാസത്തിൽ നിന്നും പുറത്തു വരാൻ കൊതിച്ചു. ജിവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടായെങ്കിൽ എന്ന് ആശിച്ചു. അതിനുള്ള തിരി തെളിച്ചതാകട്ടെ, ആര്യമഹർഷിയെയും ഭാര്യയെയും കുറിച്ച് വന്ന ഒരു വാർത്താക്കുറിപ്പ്.

പണം വാങ്ങാതെ തങ്ങളുടെ വൃക്ക ദാനം ചെയ്തവരായിരുന്നു രമണ മഹർഷിയും ഭാര്യയും. ലിം​കാ ബുക്ക് ഓഫ് റെക്കോർഡ്സ് വരെയെത്തിയിരുന്നു ഇവരുടെ ഈ സദ്പ്രവർത്തി. അവയവ​ദാനത്തിന്റെ മഹത്വം ജയിൽവാസികളിലെത്തിക്കാൻ അവർ ഒരു പരിപാടിയും സംഘടിപ്പിച്ചിരുന്നു. 

അങ്ങനെ ജയിലിൽ കഴിയുന്ന സമയത്ത് തന്നെ സുകുമാരന്റെ മനസ്സിൽ തന്റെ വൃക്ക ​ദാനം ചെയ്യണമെന്ന് ആ​ഗ്രഹമുദിച്ചു. പ്രായശ്ചിത്തം കൊതിച്ച ആ മനസ് അതിനായി ഇറങ്ങിത്തിരിച്ചു. അറിയാതെ സംഭവിച്ചു പോയൊരു തെറ്റ് കാരണം ഒരു കുടുംബം അനാഥമായി പോയി എന്ന കുറ്റബോധമായിരുന്നു സുകുമാരനെഅലട്ടിയിരുന്നത്.

ജയിലിലെത്തി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് വൃക്ക ദാനം ചെയ്യാൻ ഒരു അവസരം സുകുമാരന് ലഭിക്കുന്നത്. രണ്ട് വൃക്കയും തകരാറിലായി ആശുപത്രിയിൽ കഴിയുകയായിരുന്നു ശ്രീകുമാർ എന്ന ഇരുപത്തിയാറുകാരൻ. ഇതറിഞ്ഞപ്പോൾ തന്റെ വൃക്കകളിലൊന്ന് ശ്രീകുമാറിന് നൽകാം എന്ന് സുകുമാരൻ തീരുമാനിച്ചു. എന്നാൽ ഒരു ജയിൽവാസിക്ക് അവയവം ദാനം ചെയ്യുന്ന കാര്യത്തിൽ നിയമ തടസ്സങ്ങളുണ്ടെന്നായിരുന്നു സംസ്ഥാന ജയിൽ വകുപ്പിന്റെ അറിയിപ്പ്. അതിനാൽ ശ്രീകുമാറിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സുകുമാരന് സാധിച്ചില്ല. അയാൾ ദിവസങ്ങൾക്ക് ശേഷം മരിച്ചു.

തന്റെ ജീവിതലക്ഷ്യം അവിടെ ഉപേക്ഷിക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ജയിലിൽ നിന്നിറങ്ങി ലോട്ടറിക്കച്ചവടം നടത്തിയാണ് സുകുമാരൻ ജീവിതം തുടങ്ങിയത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തന്റെ ആവശ്യം അറിയിച്ച് സുകുമാരൻ കത്തയച്ചു. നിയമവകുപ്പിലേക്കാണ് ഈ കത്ത് പോയത്. ഒരു കുറ്റവാളിയ്ക്ക് എന്ത് കൊണ്ട് അവയവം ദാനം ചെയ്യാൻ കഴിയില്ല എന്നതിന്റെ കാരണങ്ങളൊന്നും അവർക്ക് പറയാനുണ്ടായിരുന്നില്ല. അവസാനം 2016 ൽ ജയിൽ അന്തേവാസികൾക്കും അവയവം ദാനം ചെയ്യാം എന്ന പുതിയ നിയമം സംസ്ഥാന സർക്കാർ കൊണ്ടുവന്നു.

സുകുമാരന്റെ നന്മയും ലക്ഷ്യവും അടുത്തറിഞ്ഞ കേരള ഹൈക്കോടതി ജീവപര്യന്തം ശിക്ഷ പത്ത് വർഷമായി കുറച്ചു. തിരുവനന്തപുരത്തെ തുറന്ന ജയിലിലേക്ക് മാറ്റുകയും ചെയ്തു. 2017 ജൂലൈമാസം ജയിൽ മോചിതനായി പുറത്തിറങ്ങുമ്പോൾ സുകുമാരൻ മനസിൽ ചിലത് കരുതിയുറപ്പിച്ചിരുന്നു. നേരേ പോയത്​ഗുരുവായൂരിലെ ശാന്തി മെഡിക്കൽ ഇൻഫോർമേഷൻ സെന്ററിലേക്ക്. അവിടെ നിന്നാണ് പ്രിൻസി തങ്കച്ചൻ എന്ന പെൺകുട്ടിയെക്കുറിച്ച് അറിയുന്നത്. അഞ്ച് വർഷത്തിലേറെയാണ് ഇരുപത്തൊന്ന് വയസ്സുകാരിയായ പ്രിൻസി ജീവിക്കുന്നത് ഡയാലിസിസിന്റെ സഹായത്തോടെയാണ്.

തന്റെ അവയവം സ്വീകരിക്കുന്ന വ്യക്തിക്ക്, അത് പുരുഷനാകാട്ടെ സ്ത്രീയാകട്ടെ സുകുമാരന് ഒറ്റക്കാര്യമേ നിർബന്ധമുണ്ടായിരുന്നുള്ളൂ. അവയവ സ്വീകർത്താവ് നിർദ്ധന കുടുംബത്തിലെ അംഗമായിരിക്കണം. പ്രിൻസി അങ്ങനെയൊരു കുടുംബത്തിലെ അം​ഗമായിരുന്നു. ജീവൻ നിലനിർത്താനായുള്ള ഓട്ടപ്പാച്ചിലിന്റെ ആ നാളുകൾ പ്രിൻസിയുടെ പിതാവ് ഓർക്കുന്നു.

p

‘കേവലം വെറുമൊരു ദാതാവ് മാത്രമായിരുന്നില്ല സുകുമാരൻ. ഓപ്പറേഷന് വേണ്ട പണം സ്വരുക്കൂട്ടാൻ ഓടി നടന്നവരുടെ കൂട്ടത്തിലും അദ്ദേഹമുണ്ടായിരുന്നു. മകൾക്ക് വേണ്ടി മരുന്നും മറ്റ് ആശുപത്രി സൗകര്യങ്ങളും ഒരുക്കിത്തന്നതും സുകുമാരനാണ്. യാതൊരു പരാതിയുമില്ലാതെയാണ് അദ്ദേഹം ഞങ്ങൾക്കൊപ്പം നിന്നത്.’–പിതാവ് പറയുന്നുയ

ജയിലിൽ നിന്നിറങ്ങിയ ശേഷം ലോട്ടറിക്കച്ചവടം നടത്തിയാണ് സുകുമാരൻ ഉപജീവനം നടത്തിയാണ് സുകുമാരൻ ജീവിക്കുന്നത്. മാറ്റങ്ങളുടേയും മാനസാന്തരങ്ങളുടേയും ഈ ലോകത്ത് അയാളിന്ന് പുതിയൊരു ജീവിതവും ആരംഭിച്ചു കഴിഞ്ഞു. സുകുമാരനൊപ്പം ജയിലിൽ കഴിഞ്ഞിരുന്ന ഒരു അന്തേവാസി ജയിൽ മോചിതനായ ഉടൻ രോ​ഗം പിടിപെട്ട് മരിച്ചിരുന്നു. മോഷണക്കേസിൽ പെട്ട് ഭർത്താവ് ജയിലിലായതോടെ ഭാര്യയെ വീട്ടുകാർ പുറത്താക്കിയിരുന്നു. ആരുമില്ലാതായ ആ  യുവതിക്കും ഏഴ് വയസ്സുകാരൻ മകനും ഇപ്പോൾ തുണയായിരിക്കുന്നത് സുകുമാരനാണ്. നിയമപ്രകാരം അവർക്കൊപ്പം ഒരു പുതിയ ജീവിതം സുകുമാരൻ ആരംഭിച്ചു കഴിഞ്ഞു.

ജയിലിൽ നിന്നും പുറത്തിറങ്ങുന്നവർക്ക് കുറ്റവാളിയെന്ന പട്ടം മാത്രം ചാർത്തിക്കൊടുക്കുന്നവർക്ക് മുന്നിൽ സുകുമാരനിന്ന് അന്തസായി ജീവിക്കുകയാണ്. മറ്റൊന്നു കൂടി അയാൾ പറയാതെ പറയുന്നു. ‘നന്മ ചെയ്യാൻ നമ്മുടെ മേൽവിലാസം അറിയേണ്ട കാര്യമുണ്ടോ?’