Thursday 26 November 2020 12:28 PM IST : By സ്വന്തം ലേഖകൻ

കെട്ടിപ്പിടിച്ച് സ്നേഹ ചുംബനം, സുലൈ ഐ മിസ് യൂ എന്ന് യാത്രാമൊഴി; മറഡോണയുടെ മലപ്പുറംകാരൻ ഡ്രൈവർ

diego-maradona

കാൽപ്പന്തിന്റെ മാന്ത്രികൻ കാലയവനികയ്ക്കുള്ളിൽ മറയുകയാണ്. ഡിയേഗോ മറഡോണയുടെ വിയോഗം കായിക പ്രേമികളുടെ മനസുകളെ കണ്ണീരണിയിക്കുമ്പോൾ വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് സുലൈമാൻ.

മറഡോണയുടെ ഡ്രൈവറായതും അടത്തിടപഴകാൻ ഭാഗ്യം സിദ്ധിച്ചതും സുലൈമാൻ വികാരനിർഭരമായി കുറിക്കുന്നു. 2011ൽ യുഎഇയിലെ അൽവസൽ ക്ലബ്ബിന്റെ പരിശീലകനായി എത്തിയപ്പോഴാണ് ആദ്യമായി മറഡോണയെ സുലൈമാൻ അടുത്തുകാണുന്നത്. അന്ന് ക്ലബ്ബിന്റെ ഡ്രൈവറായ സുലൈമാൻ പിന്നീട് മറഡോണയുടെ സന്തതസഹചാരിയായി. ഏതു രാത്രിയിലും മറഡോണയെ വിളിച്ചുണർത്താൻ സ്വാതന്ത്ര്യം ഉള്ള സുഹൃത്ത് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. മാസങ്ങൾക്ക് ശേഷം അദ്ദേഹം ദുബായ് വിട്ടു. പിന്നീട് തിരിച്ചെത്തിയപ്പോൾ ആവശ്യപ്പെട്ടത് തന്റെ സാരഥിയായി സുലൈമാൻ തന്നേ വേണം എന്നാണ്. പിന്നീട് മറഡോണയുടെ സ്വന്തം ഡ്രൈവറായി അദ്ദേഹം നിറഞ്ഞു. കുടുംബവുമായും അടുത്ത ബന്ധം സ്ഥാപിച്ചു. മലപ്പുറത്തുള്ള കുടുംബത്തിന് മറഡോണ തന്നെ ടിക്കറ്റെടുത്ത് നൽകി ദുബായിൽ എത്തിച്ച സംഭവം വരെ അക്കൂട്ടത്തിലുണ്ട്.2011ൽ തുടങ്ങിയ ബന്ധം ഇക്കാലമത്രയും മറഡോണയും ഹൃദയത്തോട് ചേർത്തു നിർത്തിയതായി സുലൈമാൻ പറയുന്നു.

‘സുലൈ’ എന്നാണ് മറഡോണ വിളിക്കുക എന്ന് കണ്ണീരോടെ പങ്കുവച്ച ഓർമക്കുറിപ്പിൽ അദ്ദേഹം പറയുന്നു. 60–ാം പിറന്നാളിന് ആശംസ നേർന്ന് വിളിച്ചപ്പോൾ അദ്ദേഹം അവസാനമായി പറഞ്ഞു. ‘സുലൈ ഐ മിസ് യു’.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഓർമ്മകളെ തനിച്ചാക്കി, കാൽപന്തിനൊരു കറുത്ത ദിനം സമ്മാനിച്ച്. ഡിഗോ തിരികെ നടന്നു. 2011 ഓഗസ്റ്റ് ആദ്യ വാരം, ദുബായ് ഏയർപ്പോട്ടിൽ നിന്നും ദുബായ് പാം ജുമൈറ ശാബീൽ സാറായി 7 സ്റ്റാർ ഹോട്ടലിലേക്കായിരുന്നു എന്റെ ഡിയേഗോമായുള്ള കന്നിയാത്ര. പിന്നീട് ദുബായിൽ സ്ഥിരം താമസമാക്കിയ എന്റെ ഡിയേഗോ ,എന്നെ 'ഒരു മകനെപ്പോലെ വീട്ടിലെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ സ്വതന്ത്ര്യം തന്നു.

പിന്നീട് അങ്ങോട്ട് 9 വർഷം ,ഞങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു ,സ്വന്തം പേര് പോലും വിളിക്കാതെ 'സ്നേഹത്തോടെ'സുലൈ, എന്നുള്ള നാമം മാത്രം വിളിച്ചിരുന്ന ഡീയേഗോയാണ് എന്റെ ഇന്നത്തെ 'എല്ലാ ജീവിത സാഫല്യത്തിനും കാരണക്കാരൻ. 2018 ജുൺ 5 ന് താൽക്കാലികമായി ദുബായിൽ നിന്ന് വിടപറയുമ്പോൾ ഏയർപ്പോർട്ടിലെ വിഐപിയിൽ നിന്നു തന്ന സ്നേഹ ചുംബനം മറക്കാതെ എന്നും സൂക്ഷിക്കുന്നു. ഒക്ടോബർ 'ലാസ്റ്റ് പിറന്നാൾ ദിനത്തിൽ അദ്ദേഹ'ത്തിന്റെ അവസാനാ വാക്ക് 'മറക്കാതെ ഓർമ്മകളിൽ, സുലൈ ഐ മിസ് യു, ഇനി ആ ശബ്ദം ഇല്ല, ഓർമ്മകളിൽ അങ്ങ് ജീവിച്ചിരിക്കും, മരിക്കാതെ, എന്റേയും കുടുബത്തിന്റേയും കണ്ണീരിൽ കുതിർന്ന ,പ്രണാമം.